ഒഡിഷയില്‍ അജയ്യനായി നവീന്‍ പട്നായിക്
ഭുവനേശ്വര്‍: നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും വെല്ലുവിളി ശക്തമായി ചെറുത്ത് ഒഡിഷയില്‍ നവീന്‍ പട്നായിക് ബിജുജനതാദളിനെ സുരക്ഷിതതാവളത്തിലെത്തിച്ചു. ആകെയുള്ള 147 നിയമസഭാസീറ്റില്‍ 117ഉം നേടിയാണ് ബിജെഡി മുഖ്യ എതിരാളികളായ ബിജെപിയെയും കോണ്‍ഗ്രസിനെയും തളച്ചത്. ഭരണവിരുദ്ധവികാരം തൊട്ടുതീണ്ടാത്ത സംസ്ഥാനമാണ് ഒഡിഷയെന്നു തെളിയിക്കാനും മുഖ്യമന്ത്രികൂടിയായ നവീന്‍ പട്നായിക്കിനു കഴിഞ്ഞു. കോണ്‍ഗ്രസിന് 16 സീറ്റും ബിജെപിക്ക് 10 സീറ്റും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് 103ഉം കോണ്‍ഗ്രസിന് 27ഉം ബിജെപിക്ക് ആറും സീറ്റാണ് ലഭിച്ചത്. 14 സീറ്റ് കൂടുതല്‍ നേടി ബിജെഡി അജയ്യത തെളിയിച്ചു. 2000, 2004 തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ 68ഉം 61ഉം സീറ്റുവീതമാണ് ബിജെഡിക്ക് നേടാനായത്. ബിജെപി സഖ്യം ഉപേക്ഷിച്ചതോടെ നേട്ടം കൊയ്യാനായി എന്നതും ബിജെഡിക്ക് അഭിമാനിക്കാനുള്ള വകയായി. നാലാംവട്ടവും തുടര്‍ച്ചയായി മുഖ്യമന്ത്രിപദവി ഉറപ്പാക്കിയ പട്നായിക്കിന് സ്വന്തം വോട്ടുയര്‍ത്താനും കഴിഞ്ഞു. ഗന്‍ജാം ജില്ലയിലെ ഹിഞ്ച്ലി മണ്ഡലത്തിലാണ് പട്നായിക് മത്സരിച്ചത്.
2009ല്‍ 72,942 വോട്ടിന് ജയിച്ച നവീന്‍ ഇക്കുറി 76,586 വോട്ടിന്റെ ഭൂരിപക്ഷം നേടി. മോഡിതരംഗം ഒഡിഷയില്‍ വോട്ടാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാനപ്രസിഡന്റ് കെ വി സിങ്ദേവ് അഭിപ്രായപ്പെട്ടു. അതേസമയം, മൂന്ന് സംസ്ഥാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ബിജെഡിക്ക് തിരിച്ചടിയായി. ധനമന്ത്രി പ്രസന്ന ആചാര്യ, വിദ്യാഭ്യാസമന്ത്രി റബി നാരായണനന്ദ, ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പ്രതാപ് കേസരി ദേബ് എന്നിവരാണ് തോറ്റത്. നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തോറ്റു.
കോണ്‍ഗ്രസിന് മടങ്ങിവരവ് ദുഷ്കരം
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് സമീപകാലത്തൊന്നും തിരിച്ചുവരവ് സാധ്യമല്ലെന്ന് നേതൃത്വം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് പാടുപെടുമെന്ന് മുതിര്‍ന്ന നേതാക്കള്‍തന്നെ സമ്മതിക്കുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലും നേരത്തേതന്നെ ദുര്‍ബലമായിരുന്ന സംഘടന പൊതുതെരഞ്ഞെടുപ്പ് തോല്‍വിയോടെ തകര്‍ന്നടിഞ്ഞു. ഒറ്റ സംസ്ഥാനത്തും രണ്ടക്കം കാണാനായില്ലെന്ന ദയനീയത നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ, ഡല്‍ഹി, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വട്ടപ്പൂജ്യമായതും നേതൃത്വത്തെ അമ്പരപ്പിച്ചു. യുപി, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ വന്‍ സംസ്ഥാനങ്ങളില്‍ രണ്ടുസീറ്റ് വീതമാണ് കോണ്‍ഗ്രസിന്റെ സമ്പാദ്യം. കേരളത്തിലും കര്‍ണാടകത്തിലും ഏതാനും സീറ്റുകള്‍ നേടാനായത് ഒഴിച്ചാല്‍ എല്ലായിടത്തും സ്ഥിതി ദയനീയം. ദയനീയതോല്‍വി ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കി. നേരിയ ഭൂരിപക്ഷത്തിനാണ് രണ്ട് സംസ്ഥാനങ്ങളിലും ഭരണം. ഇരുസംസ്ഥാനങ്ങളിലും "സംപൂജ്യരായതോടെ" എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരുകള്‍ താഴെ വീഴാം.
യുപിയിലും ബിഹാറിലും തൊണ്ണൂറുകളുടെ തുടക്കത്തിലേ കോണ്‍ഗ്രസ് ദുര്‍ബലമായിത്തുടങ്ങി. സംഘടനതന്നെ ഇല്ലാത്തിടത്തേക്ക് കാര്യങ്ങളെത്തി. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ 21 സീറ്റ് നേടി യുപിയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും സംഘടനയെ ഉണര്‍ത്താന്‍ ഈ വിജയത്തിനുമായില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജഗംദബികാപാലിനെ പോലുള്ളവര്‍ ബിജെപി പാളയത്തിലേക്ക് മാറിയപ്പോള്‍ത്തന്നെ കാറ്റ് വ്യക്തമായിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും കാര്യങ്ങള്‍ ഇതേമട്ടിലാകുമെന്ന ആശങ്കയിലാണ് നേതൃത്വം. ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അഞ്ച് എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് മാറി. ഒട്ടനവധി നേതാക്കള്‍ ഇപ്പോള്‍ മോഡി ക്യാമ്പിലാണ്. രാജസ്ഥാനില്‍ നിയമസഭാതെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭയിലെ തോല്‍വികൂടിയായതോടെ ഇതേ അവസ്ഥയാണ്. തുടര്‍ച്ചയായി നിയമസഭാതെരഞ്ഞെടുപ്പുകളില്‍ തോറ്റുവരുന്ന മധ്യപ്രദേശില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇത്ര കനത്ത തോല്‍വി ആദ്യമാണ്.
നോട്ടയ്ക്ക് 60 ലക്ഷം വോട്ട്
ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയില്‍ 59,78,208 പേര്‍ നിഷേധവോട്ട് രേഖപ്പെടുത്തി. പുതുച്ചേരിയിലാണ് കൂടുതല്‍ സമ്മതിദായകര്‍ നോട്ട (നണ്‍ ഓഫ് ദി എബൗ) ബട്ടണില്‍ വിരലമര്‍ത്തിയത്. രാജ്യത്തെ മൊത്തം വോട്ടിന്റെ 1.1 ശതമാനമാണ് നിഷേധവോട്ട്. പുതുച്ചേരിയില്‍ ആകെ വോട്ടിന്റെ മൂന്നുശതമാനം (22,268 വോട്ട്) പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. 2.8 ശതമാനവുമായി മേഘാലയ രണ്ടാമതും 1.8 ശതമാനവുമായി ഗുജറാത്തും ഛത്തീസ്ഗഡും മൂന്നാംസ്ഥാനവും പങ്കിട്ടു. കേരളത്തില്‍ മൊത്തം വോട്ടിന്റെ 1.2 ശതമാനമാണ് (2.10 ലക്ഷം) നിഷേധവോട്ട്.
deshabhimani
No comments:
Post a Comment