Thursday, May 15, 2014

വ്യാജവാര്‍ത്ത പിന്‍വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പുപറയണം: ഇ പി

അപവാദ പ്രചാരണത്തിന് താക്കീതായി പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍: സിപിഐ എമ്മിനെതിരായ അപവാദ പ്രചാരണത്തിന് താക്കീതായി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലെന്ന താക്കീതാണ് ബുധനാഴ്ച കണ്ണൂരിലെ കേരളകൗമുദി ഫ്ളാഷ് ഓഫീസിന് മുന്നില്‍ മുഴങ്ങിയത്. നേതാക്കളെ വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് കൂട്ടായ്മയില്‍ അണിനിരന്നവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. കണ്ണൂരിലെ ഒരു സിപിഐ എം നേതാവിനെതിരെ നല്‍കിയ വ്യാജവാര്‍ത്തയുടെ ഉറവിടമേതെന്ന് പ്രഖ്യാപിക്കാതെ ഉരുണ്ടുകളിച്ച ഫ്ളാഷിന്റെ തനിനിറവും വെളിപ്പെട്ടു. തിരുവനന്തപുരത്തുനിന്നാണ് വാര്‍ത്ത നല്‍കിയതെന്ന് പറഞ്ഞ് കണ്ണൂര്‍ ബ്യൂറോ ഒഴിഞ്ഞുമാറി. കണ്ണൂരാണ് വാര്‍ത്തയുടെ കേന്ദ്രമെന്ന് വ്യക്തമായി. കണ്ണൂരിലെ റിപ്പോര്‍ട്ടറാണ് വാര്‍ത്ത കൊടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ പിറകില്‍ ഒരു ആര്‍എംപി നേതാവുമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഒരു നേതാവിനെ വ്യക്തിഹത്യ നടത്തുന്നതിന് സേവ് സിപിഐ എം ഫോറം എന്ന പേരില്‍ ബാനര്‍ വെപ്പിച്ച് കോണ്‍ഗ്രസ് ചാനല്‍ വാര്‍ത്ത "സൃഷ്ടിച്ചു". ഇതിന്റെ ചുവടുപിടിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇതെല്ലാം സിപിഐ എമ്മിനെയും നേതാക്കളെയും തേജോവധം ചെയ്യാനാണെന്ന് ജനം തിരിച്ചറിഞ്ഞു. ഇതിനെതിരായ ശക്തമായ ജനവികാരമാണ് പ്രതിഷേധ കൂട്ടായ്മയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്. വ്യാജവാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കുള്ള പാഠംകൂടിയാണ് ഈ സമരം. സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് പ്രകടനമായാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഫ്ളാഷ് ഓഫീസിന് മുന്നില്‍ സത്യഗ്രഹത്തിനെത്തിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. കെ പി സഹദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു. എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും കൂട്ടായ്മയില്‍ അണിനിരന്നു.

വ്യാജവാര്‍ത്ത പിന്‍വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പുപറയണം: ഇ പി

കണ്ണൂര്‍: സിപിഐ എമ്മിനെ കളങ്കപ്പെടുത്തുന്നതിന് ഒരു നേതാവിനെതിരെ ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്ത പിന്‍വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പ് പറയണമെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ സിപിഐ എമ്മിനെതിരെ നല്‍കിയ വ്യാജവാര്‍ത്ത തിരുത്തണം. തെറ്റായ വാര്‍ത്തക്കെതിരെയുള്ള ജനരോഷം തുടരാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് കേരള കൗമുദിയാണ്. കേരള കൗമുദി ഫ്ളാഷ് കണ്ണൂര്‍ ഓഫീസിനുമുന്നില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരിയായ മാധ്യമപ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഈ പ്രതിഷേധ കൂട്ടായ്മ. മാധ്യമങ്ങള്‍ക്ക് ചില പ്രത്യേക സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഇത് ദുരുപയോഗപ്പെടുത്തുകയാണ് കേരള കൗമുദി. സിപിഐ എമ്മിനെപോലെ വലിയ ബഹുജനപിന്തുണയുള്ള പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്ളാഷ് വാര്‍ത്ത ഏറ്റുപിടിച്ചാണ് കോണ്‍ഗ്രസ് ചാനലും പത്രവും ബിജെപി പത്രവും വ്യാജവാര്‍ത്ത നല്‍കിയത്. ബിജെപിയില്‍നിന്നുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക് വരുന്നതിന്റെ വിരോധം തീര്‍ക്കുകയാണ് ഈ മാധ്യമങ്ങള്‍. കണ്ണൂരില്‍നിന്ന് മെനഞ്ഞെടുത്ത വാര്‍ത്തയാണിത്. തെറ്റായവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും.

ഫ്ളാഷിന്റെ നടപടി മാധ്യമപ്രവര്‍ത്തനമല്ല, തെമ്മാടിത്തവും ക്രിമിനലിസവുമാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ എന്തും ചെയ്യാമെന്ന് കരുതരുത്. എന്തും എഴുതി പ്രചരിപ്പിക്കാന്‍ പുറപ്പെട്ടാലുള്ള അപകടം കേരള കൗമുദി മനസ്സിലാക്കണം. പത്രം വിറ്റഴിക്കാന്‍ കള്ളക്കഥ പ്രചരിപ്പിച്ചാലുള്ള ഭവിഷ്യത്ത് വലുതായിരിക്കും. ഈ പ്രതിഷേധ കൂട്ടായ്മ താക്കീതുമാത്രമാണ്. മാധ്യമപ്രവര്‍ത്തകരും അവരുടെ സംഘടനയുംഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ രംഗത്തിറങ്ങണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ എക്കാലവും ചെറുത്ത പ്രസ്ഥാനമാണ് സിപിഐ എം. അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ടി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇപ്പോഴും അതേ നിലപാടാണ് പിന്തുടരുന്നതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment