Saturday, May 3, 2014

ഹൈക്കോടതി : സര്‍ക്കാര്‍ ശ്രദ്ധ ബാറില്‍ മാത്രം

സ്വകാര്യ ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പറേഷനെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഹൈക്കോടതി. ബിവറേജസ് കോര്‍പറേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി.

ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ എത്തുന്നവരെ മൃഗങ്ങളെപ്പോലെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് കഴിഞ്ഞദിവസം കോടതി വിര്‍മശിച്ചിരുന്നു. ഇതേ കേസിലാണ് സര്‍ക്കാരിന് വീണ്ടും പഴികേട്ടത്. ബിവറേജസ് വില്‍പനശാലകളില്‍ ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ കമീഷനായി നിയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അഡ്വക്കറ്റ് ജനറലോ അഡീഷണല്‍ അഡ്വക്കറ്റ് ജനറലോ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശം.

ബിവറേജസ് വില്‍പനശാലകളില്‍ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണം. മദ്യത്തിന്റെ ചില്ലറവില്‍പ്പന കാര്യത്തില്‍ "ഡല്‍ഹി മോഡല്‍" കേരളത്തിലും സ്വീകരിക്കാം. മെട്രോ റെയിലിന്റെ കാര്യത്തില്‍ ഡല്‍ഹി മോഡല്‍ ആവാമെങ്കില്‍ പിന്നെന്തുകൊണ്ട് മദ്യത്തിന്റെ ചില്ലറവില്‍പ്പന കാര്യത്തിലും ഡല്‍ഹി മോഡല്‍ അവലംബിച്ചുകൂടെന്ന് കോടതി ചോദിച്ചു. കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് നടപടി ചോദ്യംചെയ്ത് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസ് 23ലേക്കു മാറ്റി.

വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലയൂരുന്നു: ഹൈക്കോടതി

കൊച്ചി: വിവാദ വിഷയങ്ങള്‍ തീരുമാനമെടുക്കാതെ കോടതിക്കു വിട്ട് സര്‍ക്കാര്‍ തലയൂരുന്നുവെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സ്വയം തീരുമാനമെടുക്കേണ്ട കാര്യങ്ങളിലാണ് ഈ സമീപനം സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങള്‍ വിവാദമാവുമ്പോള്‍ കോടതിയുടെ മേല്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്നു. സര്‍ക്കാരിന്റെ ഇത്തരം നിലപാടുമൂലം പല വിഷയങ്ങളിലും കോടതികള്‍ക്ക് വിമര്‍ശം ഏല്‍ക്കേണ്ടിവരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്ന കാര്യത്തിലുണ്ടായ നടപടികളും കോടതി നിരീക്ഷിച്ചു.

വിചാരണ തടവുകാരന് പരോള്‍ അനുവദിക്കുന്നത് വൈകുന്നുവെന്നു പരാതിപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. പരോള്‍ അപേക്ഷയില്‍ തീരുമാനമെടുക്കാത്തതെന്തെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ കോടതി നിര്‍ദേശിച്ചാല്‍ തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിന്റെ ഈ നിലപാടിനെയാണ് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സര്‍ക്കാരിന് വ്യക്തമായ നിലപാട് വിശദീകരിക്കാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ ജയകുമാറിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.

deshabhimani

No comments:

Post a Comment