Monday, October 12, 2020

കാത്തിരിപ്പകലുന്നു; നിലമ്പൂരിൽ 1200 ആദിവാസി കുടുംബങ്ങൾക്ക്‌ സ്വന്തം സ്ഥലം

 നിലമ്പൂർ > ജില്ലയിലെ 1200 ആദിവാസി കുടുംബത്തിന്‌ സ്വന്തം സ്ഥലമൊരുങ്ങുന്നു. റവന്യൂ- -– വനം വകുപ്പുകൾ ഭൂമി ഏറ്റെടുക്കൽ സർവേ പുനരാരംഭിച്ചു. ഈമാസം അവസാനം പൂർത്തിയാകും. വാസയോ​ഗ്യമായ 111.04 ഹെക്ടർ (274.41 ഏക്കർ) വനംവകുപ്പ്   റവന്യൂ വകുപ്പിന് കൈമാറും. കലക്ടർ അധ്യക്ഷനായ ടാസ്‌ക്‌ ഫോഴ്സ് യോ​ഗം ചേർന്ന് പട്ടയവിതരണ നടപടി തുടങ്ങും. ഗുണഭോക്തൃപട്ടികയ്ക്ക് അം​ഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ അർഹർക്ക് വിതരണം ചെയ്യുമെന്ന്‌ നിലമ്പൂർ തഹസിൽദാർ സി സുഭാഷ്ചന്ദ്രബോസ് പറഞ്ഞു. 

എടവണ്ണ വനം റെയ്ഞ്ചിന് കീഴിലെ അത്തിക്കൽ ബീറ്റിലെ വനഭൂമിയിൽ റവന്യൂ --–വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സംയുക്ത ഭൂസർവേ നടത്തുന്നു

2003ലെ സുപ്രീം കോടതി വിധി പ്രകാരമാണ്‌ ആദിവാസികൾക്ക്‌ വനഭൂമി നൽകാൻ സർവേ ആരംഭിച്ചത്‌‌. 203.04 ഹെക്ടർ വനഭൂമിയാണ് ജില്ലയിൽ വിതരണം ചെയ്യാനുള്ളത്. എൽഡിഎഫ് സർക്കാർ ചാലിയാർ പഞ്ചായത്തിലെ കണ്ണകുണ്ടിൽ 10 ഹെക്ടർ  ആദിവാസികൾക്ക് പതിച്ചുനൽകിയിരുന്നു. 

റവന്യൂ വകുപ്പിന്‌ കൈമാറുന്ന സ്ഥലം (ഏക്കർ കണക്കിൽ): വണ്ടൂർ തൃക്കേക്കുത്ത്‌–- 17.79, ചുങ്കത്തറ നെല്ലിപ്പൊയിൽ കൊടിരി–-219.19, എടവണ്ണ അത്തിക്കൽ ബീറ്റ്‌–- 37.43. മൂന്ന് പ്രദേശത്തുമായി 1230 പ്ലോട്ടുകൾ വാസയോഗ്യമായി തരംതിരിച്ചിട്ടുണ്ട്. തൃക്കൈകുത്ത് (119), നെല്ലിപ്പൊയിൽ കൊടീരി (992), അത്തിക്കൽ (119) എന്നിങ്ങിനെയാണവ.

 വിതരണം ചെയ്യാൻ കണ്ടെത്തിയ ചില പ്രദേശങ്ങൾ പ്രകൃതി ദുരന്ത ഭീഷണിയുള്ളവയാണ്‌. അതിനാൽ സർവേ നടത്താൻ സാധിക്കില്ല. അ​ഗ്രോ ഫോറസ്റ്റിലുൾപ്പെടുത്തി തേക്ക് ഉൾപ്പെടെ ആദിവാസികൾക്ക് കൈമാറും. തേക്ക് പ്ലാന്റേഷനുകളിലെ തേക്ക് ഇല്ലാത്ത ഭാ​ഗങ്ങളിൽ വീടുകൾ നിർമിക്കാം.

എം സനോജ‌്

No comments:

Post a Comment