രാജ്യത്ത് പലയിടത്തും ദളിതരും പിന്നോക്കവിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോൾ കേരളത്തിൽ സർക്കാർ ഈ വിഭാഗങ്ങൾക്കായി സംരക്ഷണ പ്രവർത്തനങ്ങളും ജീവിതത്തിൽ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ് സി, എസ്‌ടി, പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷനു കീഴിൽ നൂറുദിനംകൊണ്ട് 3060 പേർക്ക് തൊഴിൽ, 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ, കാഞ്ഞങ്ങാട്, തലശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂർ എന്നീ പുതിയ ഓഫീസുകൾ തുടങ്ങിയവ ഉദ്ഘാടനംചെയ്തു. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനു കീഴിൽ 1500 പേർക്ക് തൊഴിൽ നൽകുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായ കാർഷികമേഖലാ വായ്പകൾ എന്നിവ ഉൾപ്പെടുന്നു.
സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷനു കീഴിൽ കോട്ടയത്ത് മത്സരപരീക്ഷാ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങൾക്കുള്ള പ്രത്യേക ധനസഹായവിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടികവർഗ വികസന വകുപ്പിനുകീഴിൽ ഇടുക്കി കോടാലിപ്പാറയിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ, കാസർകോട് ബേഡഡുക്കയിൽ പ്രീ-മെട്രിക് ഹോസ്റ്റൽ, കുറ്റിക്കോൽ പ്രീ-മെട്രിക് ഹോസ്റ്റൽ, ഇരിട്ടി ആറളം ഫാം ഉൽപ്പന്ന ഷോറൂമായ തണൽ മിനി സൂപ്പർ മാർക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബൽ അറ്റ്‌ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികൾ. പട്ടികജാതി വികസന വകുപ്പിനു കീഴിൽ കോഴിക്കോട് മരുതോങ്കരയിൽ നിർമിച്ച ഡോ. ബി ആർ അംബേദ്കർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നീ പൂർത്തീകരിച്ച പദ്ധതികളും ഉദ്ഘാടനംചെയ്തു.
തിരുവനന്തപുരം തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശിലാസ്ഥാപനവും ആറ്റിങ്ങൽ മണ്ഡലത്തിലെ 18 പട്ടികജാതി കോളനിക്കുള്ള കുടിവെള്ളപദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിർവഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment