Tuesday, October 20, 2020

സ്വർണക്കടത്തിലെ മുഖ്യ കണ്ണി ഫൈസല്‍ ഫരീദോ? മിണ്ടാതെ മുരളീധരൻ

സ്വർണക്കടത്ത്‌ കേസിലെ മുഖ്യ കണ്ണി ഫൈസൽ ഫരീദിനെ യുഎഇയിൽനിന്ന്‌ ഇന്ത്യയിൽ എത്തിക്കാൻ വിദേശമന്ത്രാലയം ഇടപെടുമോ എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി നൽകാതെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഫൈസൽ ഫരീദിന്റെ കാര്യം വിദേശകാര്യ വക്താവിനോട്‌ ചോദിക്കണമെന്നാണ്‌ വിദേശ സഹമന്ത്രി മറുപടി നൽകിയത്‌. ഫൈസലിനെ തിരിച്ചെത്തിക്കാൻ അന്വേഷണ ഏജൻസി വിദേശമന്ത്രാലയത്തിന്റെ സഹായം തേടിയോ എന്ന ചോദ്യത്തോടും മുരളീധരൻ പ്രതികരിച്ചില്ല.

ഫൈസൽ ഫരീദിനെ യുഎഇയിൽനിന്ന് വിട്ടുകിട്ടാൻ വിദേശമന്ത്രാലയ ഇടപെടൽ അനിവാര്യമാണ്‌. ഗൾഫ്‌ രാജ്യങ്ങളുടെ ചുമതലയുള്ള മുരളീധരന്റെ നിലപാട്‌ ഇക്കാര്യത്തിൽ നിർണായകം‌. സ്വർണക്കടത്ത്‌ നയതന്ത്രബാഗിലൂടെയല്ലെന്ന മുരളീധരന്റെ നിലപാട്‌ വിവാദമായിരുന്നു. 

സ്വർണക്കടത്ത്‌ കേസില്‍ ബിജെപി കേന്ദ്ര ഓഫീസിൽ ഇനിയും വാർത്താസമ്മേളനം വിളിക്കുമെന്നും ഭരണഘടനാവിരുദ്ധമായ ഒന്നും അതിലില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.

സമരക്കാര്‍ക്ക് കോവിഡ്‌ വന്നിട്ടില്ലെന്ന്‌ കേരളത്തിൽ സർക്കാരിനെതിരായി സമരം നടത്തിയ ആർക്കും കോവിഡ്‌ വന്നിട്ടില്ലെന്ന വസ്‌തുതാവിരുദ്ധ പരാമർശവും മന്ത്രി നടത്തി. കോവിഡ്‌ വ്യാപനത്തിന്‌ സമരങ്ങളും കാരണമായതെന്ന പ്രചാരണം സിപിഐ എമ്മിന്റേതാണ്‌. കേരളത്തിലെ കോവിഡ്‌ അനുഭവം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ പാഠമാകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന ഗൗരവമേറിയതാണ്‌. പരിശോധനകളുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും- മുരളീധരൻ കുറ്റപ്പെടുത്തി.

മുരളീധരനെ തള്ളി ആരോഗ്യമന്ത്രാലയം

കോവിഡിനെ പ്രതിരോധിക്കുന്നതിൽ ‘ടെസ്റ്റ്‌, ടെസ്റ്റ്‌, ടെസ്റ്റ്‌’ എന്ന രീതിയാണ്‌ കേന്ദ്രം പിന്തുടർന്നതെന്ന വിദേശ സഹമന്ത്രി വി മുരളീധരന്റെ അവകാശവാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. തിങ്കളാഴ്‌ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോവിഡിനെ പ്രതിരോധിക്കാൻ ടെസ്റ്റ്‌, ട്രാക്‌, ട്രേസ്‌, ട്രീറ്റ്‌, ടെക്‌നോളജി എന്ന തന്ത്രമാണ്‌ പ്രയോഗിച്ചതെന്ന്‌ എടുത്തുപറയുന്നു.

കോവിഡിനെ ചെറുക്കാൻ ടെസ്റ്റ്‌ മാത്രമാണ്‌ മാർഗമെന്നും കേരളം പിന്തുടർന്ന ടെസ്റ്റ്‌, ട്രേസ്‌, ട്രീറ്റ്‌ എന്നത്‌ തെറ്റായ രീതിയായിരുന്നെന്നും മുരളീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. മന്ത്രിയുടെ വാർത്താസമ്മേളനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ കേരളം പിന്തുടർന്ന ടെസ്റ്റ്‌, ട്രേസ്‌,  ട്രീറ്റ്‌ രീതിയാണ്‌ ശരിയായ പ്രതിരോധമാർഗമെന്ന്‌ വ്യക്തമാക്കിയുള്ള വാർത്താക്കുറിപ്പ്‌  ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്‌.

 കടുത്ത ഇച്ഛാഭംഗത്തിൽ മുരളീധരനും കസ്‌റ്റംസും; ഉടൻ അറസ്‌റ്റിന്‌ നിർദേശം

വിദേശ കറൻസി കേസിൽ എം ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യാനാകാത്തതിന്റെ കടുത്ത ഇച്ഛാഭംഗത്തിൽ സഹമന്ത്രി വി മുരളീധരനും കസ്‌റ്റംസും. കേന്ദ്ര നിർദേശപ്രകാരം വെള്ളിയാഴ്‌ച തന്നെ അറസ്‌റ്റ്‌ ചെയ്യാനാണ്‌ കസ്‌റ്റംസ്‌ കരുക്കൾ നീക്കിയത്‌. കോടതി അവധിയായതിനാൽ രണ്ടുദിവസമെങ്കിലും റിമാൻഡ്‌ ഉറപ്പിച്ചായിരുന്നു നീക്കം. അതുപൊളിഞ്ഞപ്പോൾ തിങ്കളാഴ്‌ചയെങ്കിലും അറസ്‌റ്റുചെയ്യാനാണ്‌ ശ്രമം.

കസ്‌റ്റംസ്‌ എന്നാൽ കേന്ദ്രം തന്നെയെന്ന്‌ ഉറച്ച്‌ പ്രഖ്യാപിച്ച്‌, രാഷ്ട്രീയ നീക്കം കടുപ്പിക്കുകയാണിപ്പോൾ മുരളീധരൻ.  സ്വർണക്കടത്ത്‌ കേസിൽ നിരവധി തവണ ചോദ്യം ചെയ്‌തിട്ടും ശിവശങ്കറിനെ പ്രതി ചേർക്കാൻ തെളിവ്‌ ലഭിക്കാതായതോടെയാണ്‌ വിദേശ കറൻസി കടത്തിൽ പുതിയ കേസുണ്ടാക്കി രാഷ്ട്രീയ വിവാദം കൊഴുപ്പിക്കുന്നത്‌.  കറൻസി കടത്തിയ സംഭവത്തിൽ യുഎഇ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ വ്യക്തമായിട്ടും അവരെ തൊടാൻ കസ്‌റ്റംസ്‌ മടിക്കുകയാണ്‌.

സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി തന്നെയാണ്‌  പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌.   അന്വേഷണം ഒരു ഘട്ടം പിന്നിട്ടതോടെ  രാഷ്‌ട്രീയ താൽപ്പര്യത്തിന്‌ അന്വേഷണ ഉദ്യോഗസ്ഥർ വശംവദരായി.  യുഡിഎഫ്‌, ബിജെപി നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും കഥകൾക്ക്‌ പിന്നാലെയായി അന്വേഷണം. ഈ നിർമിത കഥകൾക്കും  തരിമ്പ്‌  തെളിവും ലഭിച്ചില്ല. ഇരുട്ടിൽ തപ്പുന്ന എൻഐഎ, കോടതിയിൽ ‌ വിയർക്കുകയാണ്‌‌.  ഇതിനിടെയാണ്‌  മുരളീധരന്റെ സമ്മർദത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അടക്കമുള്ളവരുമായി ചർച്ചയ്‌ക്ക്‌ ശേഷം ശിവശങ്കറിന്റെ അറസ്‌റ്റിനായി കസ്‌റ്റംസ്‌ നീക്കം തുടങ്ങിയത്‌.

സ്വതന്ത്ര അന്വേഷണത്തിന്‌ കേന്ദ്രം വിലങ്ങിട്ടു: സിപിഐ എം

സ്വർണക്കടത്ത്‌ കേസിൽ സ്വതന്ത്രമായ അന്വേഷണം‌ അനുവദിക്കാത്ത നിലപാടാണ്‌ വിദേശ മന്ത്രാലയം സ്വീകരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. സ്വർണക്കടത്ത്‌  നയതന്ത്ര ബാഗേജ്‌ വഴിയല്ലെന്ന തുടർച്ചയായ പ്രസ്‌താവനളാണ്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ നടത്തുന്നത്‌, പ്രതിയായ ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല‌, കോൺസുലേറ്റ്‌ ഉദ്യോഗസ്‌ഥരുടെ മൊഴി പോലും എടുക്കാൻ വിദേശകാരയം മന്ത്രാലയം അനുവദിച്ചിട്ടില്ല.  ഇതിന്റെയെല്ലാം ഭാഗമായി കോടതികളിൽ അന്വേഷണ ഏജൻസികൾ പലതവണ അപഹാസ്യമായി.

ഭീകരബന്ധത്തിന്‌  തെളിവ്‌ ഹാജരാക്കാൻ എൻഐഎയ്‌ക്ക്‌ കഴിഞ്ഞില്ലെന്നാണ്‌ കോടതി   പറഞ്ഞത്‌. എഫ്‌സിആർഎ നിയമം ബാധകമല്ലാത്ത കേസിലാണ്‌ ലൈഫ്‌ മിഷനെതിരെ സിബിഐ അന്വേഷണമെന്ന്‌ ഹൈക്കോടതിയും വ്യക്തമാക്കി.

ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം മുൻനിർത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത്‌ ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യത്തിനും നിയമ വ്യവസ്‌ഥയ്‌ക്കും നേരെയുള്ള വെല്ലുവിളിയാണ്‌ . ഈ തെറ്റായ നീക്കത്തിന്‌ ഒപ്പം നിൽക്കുന്ന കോൺഗ്രസ്,‌ ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിൽ അധഃപതിച്ചു.

എല്ലാ പരിധിയും ലംഘിക്കുന്ന ഈ കൂട്ടുകെട്ടിനെ ചെറുത്തു തോൽപ്പിക്കേണ്ടത്‌ നിയമവാഴ്‌ച നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു

No comments:

Post a Comment