കൂത്തുപറമ്പിൽ പൊലീസ് വെടിയേറ്റ് ശയ്യാവലംബിയായി കഴിയുന്ന പുഷ്പന്റെ കുടുംബത്തെ വ്യാജ പ്രചാരണത്തിന‌് ഉപയോഗിച്ച‌് സംഘപരിവാർ. പുഷ‌്പന്റെ ജ്യേഷ‌്ഠൻ ശശി ബിജെപിയിൽ ചേർന്നതാണ് നുണപ്രചാരണത്തിന് ഉപയോഗിക്കുന്നത‌്. ചെന്നൈയിൽ വ്യാപാരിയായ ശശി മുൻ കോൺഗ്രസ് അനുഭാവിയാണ്. സിപിഐ എമ്മുമായി ഇയാൾക്ക് ഒരു ബന്ധവുമില്ല.
വർഷങ്ങളായി കുടുംബവുമായും സഹോദരങ്ങളുമായും അകന്നുകഴിയുകയാണ് ശശി. കുടുംബസ്വത്ത‌് ഭാഗംവയ്‌ക്കുന്നതിലെ തർക്കം ബിജെപി മുതലെടുത്താണ‌് രാഷ‌്ട്രീയപ്രചാരണത്തിന‌് ഉപയോഗിക്കുന്നത‌്. സ്വത്തിൽ അനർഹമായ അവകാശവാദം ഉന്നയിച്ചത‌് മറ്റു സഹോദരങ്ങൾ അംഗീകരിച്ചിരുന്നില്ല. കോയമ്പത്തൂരിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട‌് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും സൂചനയുണ്ട‌്.
അടച്ചുപൂട്ടലിൽ നാട്ടിലെത്തിയപ്പോൾ സിപിഐ എം പ്രവർത്തകർ മധ്യസ്ഥം പറഞ്ഞാണ‌് ഭാര്യവീട്ടിൽ താമസിക്കാൻ സൗകര്യം ചെയ‌്തത‌്. സ്വന്തം മകനും സഹോദരങ്ങൾക്കുമെതിരെ ചൊക്ലി പൊലീസിൽ വ്യാജ പരാതി നൽകിയതടക്കം നിരവധി ആക്ഷേപങ്ങളും ശശിക്കെതിരെയുണ്ട‌്. ചീട്ടുകളിയും മദ്യപാനവുമുണ്ടെന്ന‌് കുടുംബാംഗങ്ങളും പറയുന്നു.ശശിയുടെ സഹോദരങ്ങളെല്ലാം സിപിഐ എം പ്രവർത്തകരും അനുഭാവികളുമാണ‌്.
ജ്യേഷ‌്ഠന് കുടുംബവുമായി ബന്ധമില്ല: പുഷ‌്പൻ
ജ്യേഷ‌്ഠൻ പി ശശി ബിജെപിയിൽ ചേർന്നുവെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്ന് കൂത്തുപറമ്പ‌് വെടിവയ്‌പിൽ ശയ്യാവലംബിയായ മേനപ്രത്തെ പുതുക്കുടി പുഷ‌്പൻ പറഞ്ഞു. ‘‘വർഷങ്ങളായി വീടുമായോ കുടുംബവുമായോ ശശിയേട്ടന‌് ഒരു ബന്ധവുമില്ല. രാജേട്ടന്റെ രണ്ടു മക്കളുടെ കല്യാണത്തിന‌് ക്ഷണിച്ചിട്ടും പങ്കെടുത്തില്ല. വീട്ടിൽ മദ്യപിച്ചെത്തി നിരന്തരം പ്രശ‌്നമുണ്ടാക്കുമായിരുന്നു. ശശിയേട്ടന്റെ മകൻ ഷിബിയുടെയും സഹോദരങ്ങളായ രാജൻ, പ്രകാശൻ എന്നിവരുടെയും പേരിൽ ചൊക്ലി പൊലീസിൽ വ്യാജ പരാതിയടക്കം നൽകിയതാണ‌്' –പുഷ‌്പൻ പറഞ്ഞു
അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സ്വത്ത‌് ഭാഗിക്കണമെന്ന‌് ശശിയേട്ടൻ ആവശ്യപ്പെട്ടു. പ്രത്യേക സ്ഥലം വേണമെന്ന‌് വാശിപിടിച്ചു. സ്ഥലം വിറ്റ‌് കിട്ടുന്ന പണം നശിപ്പിക്കുമെന്ന‌് ഞങ്ങൾക്ക‌് ഭയമുണ്ടായിരുന്നു. ചീട്ടുകളി കാരണം രണ്ടു സ്ഥലം നേരത്തേ വിറ്റതാണ‌്.
ചീട്ടുകളിച്ച‌് പണം നഷ്ടപ്പെട്ടാൽ മാനസിക വിഭ്രാന്തിയിലാവുന്നതാണ‌് പ്രകൃതം. ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. ലോക്‌ഡൗൺ കാലത്ത‌് നാട്ടിലെത്തിയപ്പോൾ സിപിഐ എം പ്രവർത്തകർ മധ്യസ്ഥം പറഞ്ഞാണ‌് ഭാര്യവീട്ടിൽ താമസിപ്പിച്ചത‌്. വൃക്കയ്‌ക്ക‌് തകരാറും പാൻക്രിയാസിന‌് വീക്കവും കാഴ‌്ചക്കുറവുമുണ്ട‌്. രണ്ടു തവണ ഹൃദയാഘാതമുണ്ടായതാണ‌്. മുട്ടിനുതാഴെ തൊട്ടാൽ അറിയില്ല. ജ്യേഷ‌്ഠന‌് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും പുഷ‌്പൻ പറഞ്ഞു.
No comments:
Post a Comment