Tuesday, October 27, 2020

ലീ കോ ബിയുടെ രാഷ്ട്രീയം - പി രാജീവ്‌ എഴുതുന്നു

ഒന്നാം ഭാഗം: മാറുന്ന കേരളരാഷ്ട്രീയം

കേരള കോൺഗ്രസ് മാണിയുടെ വരവ് എൽഡിഎഫിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നായിരുന്നു പ്രചാരവേല. ആ മനപ്പായസമുണ്ടവർക്ക് ആഘാതം നൽകി, മുന്നണി ഒറ്റക്കെട്ടായി തീരുമാനമെടുത്തു. എന്നാൽ, ഇത് തർക്കമുണ്ടാക്കിയത് യുഡിഎഫിനകത്താണ്. യഥാർഥത്തിൽ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം അസാധാരണമായ പ്രതിസന്ധിയെയാണ് ഇന്ന് നേരിടുന്നത്.

ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജൻഡയുടെ അടിസ്ഥാനത്തിൽമാത്രം രൂപംകൊണ്ടിരിക്കുന്ന മഴവിൽസഖ്യം ഈ പ്രതിസന്ധിയുടെ ഉൽപ്പന്നംകൂടിയാണ്. കോൺഗ്രസും ബിജെപിയും വെൽഫെയർ പാർടിയും എസ്ഡിപിഐയും ചേരുന്ന ഈ കൂട്ടുകെട്ടിന്റെ നേതൃത്വമായി ഇപ്പോൾ പ്രവർത്തിക്കുന്നത് മുസ്ലിംലീഗാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 22 ഉം ലീഗിന് 18 സീറ്റുമാണുണ്ടായിരുന്നത്. കേവലം നാലു സീറ്റിന്റെ വ്യത്യാസംമാത്രം. ഉപതെരഞ്ഞെടുപ്പുകൾകൂടി കഴിഞ്ഞപ്പോൾ അത് മൂന്നായി കുറഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ലീഗിനേക്കാൾ 18 സീറ്റ് കൂടുതലുണ്ടായിരുന്നു. അന്ന് എംഎൽഎമാരുടെ എണ്ണത്തിൽ ഇത്രയും വ്യത്യാസമുണ്ടായിട്ടുപോലും മുസ്ലിംലീഗിന് വിധേയമാകുന്ന അവസ്ഥയാണ് കോൺഗ്രസിനുണ്ടായിരുന്നത്. അഞ്ചാം മന്ത്രി വിവാദ തീരുമാനമുൾപ്പെടെയുള്ളവയിൽ ഇത് തെളിഞ്ഞു കണ്ടു. അന്നത്തേക്കാളും ദുർബലമായ അവസ്ഥ  കോൺഗ്രസിന്റെ നേതൃപദവിയെ ദുർബലമാക്കി.  മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിലേക്ക് ഇന്ന് യുഡിഎഫ് മാറിയിരിക്കുന്നു.

മത രാഷ്ട്രവാദക്കാരുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യം

കോൺഗ്രസിനകത്തുണ്ടായിരുന്ന ചില എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ട് മത രാഷ്ട്രവാദക്കാരുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് യുഡിഎഫ് തയ്യാറായത് ഇതിന്റെ ഭാഗമാണ്.  വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തലവഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു.

നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം. എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻപോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനംമാത്രം നോക്കിയാൽ മനസ്സിലാകും. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനംപോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ  തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന്‌ വ്യക്തമാക്കുന്നു. ഈ മസ്ജിദ് മ്യൂസിയമാക്കിയതിനെ കൈയടിച്ചവരുടെ പിൻഗാമികളാണ് ഇപ്പോൾ വിവാദങ്ങൾ ആളിക്കത്തിക്കാൻ നോക്കുന്നതെന്നാണ് ലീഗിന്റെ പക്ഷം.

ഹാഗിയ സോഫിയ വീണ്ടും ആരാധനയ്‌ക്ക് തുറന്നുകൊടുത്തത്‌ ഏകാധിപത്യനിലപാട് അല്ലെന്നും കോടതിയുടെ അനുമതിയോടെയാണെന്നും എഴുതിയ ചന്ദ്രികയും ലീഗും  യഥാർഥത്തിൽ ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ ദേവാലയം മ്യൂസിയം ആയിപ്പോലും തുടരാൻ അനുവദിക്കില്ലെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.

തീവ്ര വർഗീയതയോടുള്ള കോൺഗ്രസ്‌ നിലപാട്‌

മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത്‌ ബോധപൂർവമാണ്. മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയരൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്.

മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക.

ഹൈക്കമാൻഡിനെ തള്ളി ബിജെപി വിധേയത്വം

മറുവശത്ത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ കോൺഗ്രസിനെ പരിഹാസ്യമാക്കിയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തകർക്കുന്ന ബിജെപിക്കെതിരെ ശബ്ദിക്കാൻ ചെന്നിത്തലയും സംഘവും തയ്യാറാകുന്നില്ല. എന്നു മാത്രമല്ല ബിജെപി വിധേയത്വം, സ്വന്തം ഹൈക്കമാൻഡിനെത്തന്നെ തള്ളിക്കളയുന്ന അധഃപതനത്തിലേക്ക് കേരളത്തിലെ കോൺഗ്രസിനെ  എത്തിച്ചിരിക്കുന്നു. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നതിനും സംസ്ഥാനഭരണം അട്ടിമറിക്കുന്നതിനും നരേന്ദ്ര മോഡി സർക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളെയാണ്. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ബിജെപിയുടെ ഈ അധികാരദുർവിനിയോഗത്തെയും രാഷ്ട്രീയ അട്ടിമറിയെയും ശക്തമായി എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് അവയെ പ്രകീർത്തിക്കുന്നു.

ഹൈക്കമാൻഡ്‌ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്തു. ഇതുതന്നെയാണോ നിങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കണമെന്ന് കേരളത്തിലെ കോൺഗ്രസിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. അതു ശിരസ്സാവഹിച്ച രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ പരസ്യമായി തള്ളിപ്പറയുകയും ഇവിടത്തെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് പ്രഖ്യാപിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹിന്ദുസ്ഥാൻ ടൈംസിൽ ഇന്നലെ എഴുതിയ ലേഖനത്തിൽ ഇഡിയും സിബിഐയും എൻഐഎയും മാത്രമല്ല നർകോട്ടിക് ബ്യൂറോയുംവരെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസിന്റെ താളത്തിനൊത്ത് തുള്ളുകമാത്രം ചെയ്യുന്ന ഏജൻസികളാണെന്ന് വ്യക്തമാക്കി. ഈ ഏജൻസികൾക്കുവേണ്ടിമാത്രം നിലകൊള്ളുന്ന കേരളത്തിലെ കോൺഗ്രസ് അഖിലേന്ത്യാ കോൺഗ്രസ് പാർടിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഫലത്തിൽ മുസ്ലിംലീഗ് നയിക്കുന്ന മുന്നണിയിലെ പുതിയ കേരള സംസ്ഥാന കോൺഗ്രസായി ചെന്നിത്തലയും മുല്ലപ്പള്ളിയും നയിക്കുന്ന പാർടി മാറിയിരിക്കുന്നു.

കേന്ദ്രത്തിൽ അധികാരമില്ലാത്ത കോൺഗ്രസിക്കോൾ ബിജെപിയെയാണ്  കെപിസിസി നേതൃത്വത്തിന് താൽപ്പര്യം. തുടർച്ചയായി രണ്ടാമത്തെ തവണയും കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതുപോലെ കേരളത്തിലും സംഭവിച്ചാൽ രാഷ്ട്രീയ പാർടിയായി തുടരാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇക്കൂട്ടരെ ഇത്തരം നിലപാടുകളിലേക്ക് എത്തിക്കുന്നത്. എങ്ങനെയും അധികാരത്തിൽ എത്തുകയെന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ഹ്രസ്വകാല ലക്ഷ്യം വഴി  തുടർച്ചയിൽ കോൺഗ്രസിനെ വിഴുങ്ങി അധികാരം പിടിക്കുക എന്ന ദീർഘകാല ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിന് വഴിയൊരുക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇവരുടെ വഞ്ചനയ്‌ക്കെതിരെ മതനിരപേക്ഷ മലയാളിസമൂഹം ശക്തമായ നിലപാട് സ്വീകരിക്കും. അതിന്റെകൂടി പ്രതിഫലനമാണ് ഇടതു മുന്നണിയുടെ വിപുലീകരണത്തിൽ പ്രതിഫലിക്കുന്നത്. ലീ കോ ബി മുന്നണി തകർന്നാൽ കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

പി രാജീവ്‌ 

No comments:

Post a Comment