Saturday, October 17, 2020

ചരിത്രത്തെ ചുവപ്പിച്ച ഒക്‌ടോബർ ഇതിഹാസം

 മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ ഇതിഹാസകാരൻ ജോൺ റീഡിന്റെ ഓർമയ്‌ക്ക്‌ നൂറ്റാണ്ടുതികയുന്നു. 1887 ഒക്ടോബർ 22ന് അമേരിക്കയിലെ പോർട്ട്‌ലണ്ടിൽ ജനിച്ച്‌ 1920 ഒക്‌ടോബർ 17ന്‌ റഷ്യയിലെ ക്രെംലിനിൽ അന്തരിച്ച ജോൺ റീഡിനെ അനശ്വരനാക്കിയത്‌, ഒക്‌ടോബർ വിപ്ലവത്തിന്റെ ജീവൻതുടിക്കുന്ന ചരിത്രരേഖയായ  ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ’. മുപ്പത്തിമൂന്ന്‌ വയസ്സ്‌ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ സാർത്ഥകമാക്കി ആ ഒരൊറ്റ കൃതി. ഒരു നൂറ്റാണ്ടായി ലോകത്തിന്റെ മോചനസ്വപ്നങ്ങൾക്ക്‌ പ്രചോദനവും ചലച്ചിത്രമുൾപ്പെടെയുള്ള കലാവിഷ്‌കാരങ്ങൾക്ക്‌ പ്രമേയവുമായി നിലനിന്ന അത്‌ ഇന്നും ലോകവിപ്ലവസാഹിത്യത്തിലെ ക്ലാസിക്ക്‌.

അമേരിക്കൻ പത്രപ്രവർത്തകനായ ജോൺ റീഡ്‌ ആ തൊഴിലിന്റെ വിശാലമായ മാനമെന്തെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ വിപ്ലവകാരികൂടിയായിരുന്നു. ചാൾസ് ജറോം റീഡിന്റെയും മാർഗരറ്റ് ഗ്രീൻ റീഡിന്റെയും മകൻ. പിറന്നത്‌ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ. ‘ജാക്ക്' എന്നായിരുന്നു വിളിപ്പേര്. ന്യൂജർസിയിലെ സ്കൂൾ പഠനശേഷം പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ ജേർണലിസം വിദ്യാർഥി. കവിതയും നാടകവും ഫുട്‌ബോളുമെല്ലാം വലിയ കമ്പം. യാഥാസ്ഥിതിക മുതലാളിത്തത്തിന്റെ മുഖമുള്ള ക്യാമ്പസിൽ സോഷ്യലിസ്റ്റ് ക്ലബ്ബ്‌ ആരംഭിച്ച്‌ അധികൃതരുടെ നോട്ടപ്പുള്ളിയായി. ബിരുദ പഠനശേഷം സുരക്ഷിതമായ  ജീവിത സാഹചര്യങ്ങളുപേക്ഷിച്ച്‌ പത്രപ്രവർത്തനരംഗത്തെത്തിയ റീഡ്‌  അമേരിക്കയിലെ പീറ്റേഴ്‌സണിൽ തുണിമിൽത്തൊഴിലാളി പണിമുടക്കും കൊളൊറാഡോയിൽ അടിമകളുടെ കലാപവും റിപ്പോർട്ടുചെയ്‌തത്‌ അവരിലൊരാളായി നിന്നുകൊണ്ട്‌. മെക്‌സിക്കോയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ കലാപ വാർത്തകൾ ‘മെട്രോപ്പോളീറ്റൻ’ എന്ന ആനുകാലികത്തിലൂടെയും ‘വിപ്ലവ മെക്‌സിക്കോ’ എന്ന പുസ്‌തകത്തിലൂടെയും ലോകത്തെ അറിയിച്ചു. സാമ്രാജ്യത്വ യുദ്ധം തുടങ്ങിയതോടെ ഫ്രാൻസ്‌, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വാതന്ത്ര്യ പോരാട്ടം നടത്തുന്ന ജനങ്ങൾക്കൊപ്പം  ചേർന്ന്‌ യുദ്ധഭ്രാന്തിനെതിരെ സന്ദേശമുയർത്തി.

വൃക്ക തകരാറിനെ തുടർന്നുണ്ടായ അനാരോഗ്യം വകവെക്കാതെയായിരുന്നു ആ സഞ്ചാരങ്ങൾ. യുദ്ധത്തിനും ചൂഷണത്തിനുമെതിരെ തൊഴിലാളികളും മറ്റ്‌ ചൂഷിത വിഭാഗങ്ങളും നടത്തുന്ന പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഗതിമാറ്റുമെന്നതിന്റെ നേർക്കാഴ്‌ച തേടിയായിരുന്നു ആ യാത്രകളെല്ലാം. ഒരു യുഗപിറവിയെക്കുറിച്ചുള്ള തിരിച്ചറിവാണ്‌ 1917ലെ ഗ്രീഷ്‌മകാലത്ത്‌ തിരക്കിട്ട്‌ റഷ്യയിലെത്താൻ റീഡിനെ പ്രേരിപ്പിച്ചതും.  ഭാര്യ ലൂയി ബ്രിയാണ്ടിയുമൊത്തായിരുന്നു യാത്ര. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ റഷ്യയിലുണ്ടായ കലാപങ്ങളിൽ ആസന്നമായ വലിയൊരു വർഗസംഘട്ടനത്തിന്റെ ലക്ഷണങ്ങൾ ക്രാന്തദർശിയായ ആ പത്രപ്രവർത്തകൻ മണത്തു. ചരിത്രം ചുവന്നുതുടുത്ത നാളുകളിൽ പെട്രോഗ്രാഡിലെത്തിയ അദ്ദേഹം ‌അതിന്റെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കാൻ അവിശ്രാന്തം കണ്ണുതുറന്നു പ്രവർത്തിച്ചു.

1917 നവംബർ ഏഴിന് രാത്രി 11ന് ബോൾഷെവിക്കുകൾ കെരൻസ്കി സർക്കാറിന്റെ ആസ്ഥാനമായ "വിന്റർ പാലസ്സ്' പിടിച്ചെടുക്കുന്നതിന് സാക്ഷിയായതിന്റെ ആവേശവുമായാണ് റീഡ് 18 ഏപ്രിലിൽ അമേരിക്കയിൽ തിരിച്ചെത്തിയത്. റഷ്യൻ വിപ്ലവത്തിന്റെ സന്ദേശം ലോകമെങ്ങുമുള്ള തൊഴിലാളികളിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്രപ്രവർത്തനത്തിലും സംഘാടനങ്ങളിലും മുഴുകി. ഇതിനെതിരെ അമേരിക്കൻ സർക്കാരിന്റെ ദ്രോഹങ്ങളെ ചെറുത്താണ് 1919ൽ വിപ്ലവ ചരിത്രത്തിലെ ക്ലാസിക്കായി മാറിയ ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിനങ്ങൾ പൂർത്തിയാക്കിയത്. പ്രസിദ്ധീകരിച്ചത്‌ ന്യൂയോർക്കിലെ ബോണി ആന്റ് ലൈവ്റൈറ്റ് പുസ്തക കമ്പനി.  റഷ്യൻ വിപ്ലവത്തിന്റെ വെറുമൊരു ദൃഷ്സാക്ഷി വിവരണമെന്നതിലുപരി അതിൽ ആമഗ്നനായ ഒരു വിപ്ലവകാരിയുടെ ഹൃദയവികാരങ്ങൾ ചാലിച്ച രചന അതിവേഗം ജനപ്രീതിനേടി.

ആ കൃതി റീഡിന്‌ എന്തുമാത്രം പ്രധാനമായിരുന്നുവെന്ന്‌ തന്റെ പത്രാധിപ സുഹൃത്ത്‌ മാക്സ് ഈസ്റ്റ്മാന്‌ 1919ൽ എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്‌.  ‘"മാക്സ്, ഞാൻ എവിടെയാണെന്ന് ദയവ് ചെയ്ത് ആരോടും പറയരുത്. റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകമെഴുതുകയാണ്. രാവും പകലും… കഴിഞ്ഞ മുപ്പത്തിയാറ് മണിക്കൂറിൽ ഒരുപോള കണ്ണടയ്ക്കാതെ... രണ്ടാഴ്ചക്കകം ഞാൻ എഴുതി തീർക്കും. എനിക്ക് ഒരു കപ്പ് കാപ്പി വേണം. ദൈവത്തെയോർത്ത് ഞാൻ എവിടെയാണെന്ന് ആരോടും പറയരുത്…’’  1919ലാണ് ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ വിപ്ലവസാഹിത്യത്തിലെ അവിസ്മരണീയ രചനയായി പിറവികൊണ്ടത്. അത്‌ വെറും ചരിത്രമായിരുന്നില്ല, ഒക്ടോബർ വിപ്ലവത്തിന്റെ ദൃക്സാക്ഷി വിവരണം കൂടിയാണ്. ഒരു തുണ്ട് ചരിത്രമാണ് തന്റെ പുസ്തകമെന്ന് റീഡ് പറയുന്നത് അത്രയേറെ വാസ്തവം. നവംബർ ആദ്യദിനങ്ങളിലെ ഉരുകിത്തിളച്ച മോസ്കോയിലെയും പരിസരങ്ങളിലെയും ഓരോ ചലനവും ഒപ്പിയെടുത്തതിന്റെ സത്യസന്ധമായ രേഖയാണത്. ലോകചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവ ശിശുവിന്റെ പിറവിയിലെ സംഘർഷ നിമിഷങ്ങളെ അതിൽ കാണാനാവും. വിപ്ലവത്തിന്റെ നാൾവഴി വിവരണമെന്നതിലുപരി ജീവൻതുടിക്കുന്ന ചിത്രങ്ങളായി അതിലെ താളുകൾ മാറുന്നതും അതുകൊണ്ട്‌.

ലെനിനും ട്രോട്സ്കിയും ഉൾപ്പെടെ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം റീഡിനെ വീണ്ടും റഷ്യയിലെത്തിച്ചു. 1920 ആദ്യം അമേരിക്കയിലേക്കുള്ള മടക്കയാത്രക്കിടയിൽ ഹെൽസിംഗിയിൽവച്ച് റീഡിന് അറസ്റ്റും മർദനവും നേരിടേണ്ടിവന്നു. ആരോഗ്യം ക്ഷയിച്ച അദ്ദേഹം മോസ്കോവിലേക്ക് തന്നെ പോയി. സെപ്റ്റംബർ അവസാനത്തോടെ രോഗം മൂർച്ഛിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 17ന്  അന്ത്യശ്വാസം വലിച്ചു. പൂർണ ഔദ്യോഗിക ബഹുമതിയോടെ ജോൺ റീഡിന്റെ ഭൗതിക ശരീരം ക്രെംലിനിൽ അടക്കം ചെയ്‌തു.

ഗ്രന്ഥത്തെപ്പറ്റി ലെനിൻ പറഞ്ഞു: ‘‘ലോകത്തിലെ മുഴുവൻ ഭാഷകളിലേക്കും ഈ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുന്നതും ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കപ്പെടുന്നതും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ജോൺ റീഡിന്റെ "ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ'വലിയ താൽപര്യത്തോടെയും പതറാത്ത ശ്രദ്ധയോടെയുമാണ് ഞാൻ വായിച്ചത്... മഹത്തായ തൊഴിലാളിവർഗ വിപ്ലവവും അധികാരപ്രാപ്തിയും എങ്ങനെയെന്നതിന് സത്യസന്ധവും വൈവിധ്യമാർന്നതുമായ വിവരണമാണ് അത് നൽകുന്നത്. വിപ്ലത്തിന്റെ ആശയം ആർക്കും സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെങ്കിലും അതിലടങ്ങിയ സങ്കീർണതകളെ ഒരാൾ മനസ്സിലാക്കിയിരിക്കണം. ലോകതൊഴിലാളിവർഗം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ വിശദീകരണമാണ് റീഡിന്റെ കൃതി.’’

1927ൽ സോവിയറ്റ് യൂണിയനിലും 1932ൽ അമേരിക്കയിലും ജോൺ റീഡിന്റെ ജീവിതകഥ സിനിമയായി.

1981ൽ ‘റെഡ്സ്' എന്ന പേരിൽ വാറൺ ബെറ്റി നിർമിച്ച റീഡിനെക്കുറിച്ചുള്ള ചിത്രം കൂടുതൽ ശ്രദ്ധേയം. നിഷ്‌പക്ഷതയുടെ പേരിൽ വെറും കാഴ്‌ചക്കാരനായി നിന്ന്‌ ജീവൽ പ്രശ്‌നങ്ങളോട്‌ നിസ്സംഗമാവുകയും ക്രമേണ സകല അനീതിയോടും സമരസപ്പെടുകയും ചെയ്യുന്ന സമകാലിക മാധ്യമ പ്രവർത്തനത്തിന്റെ എതിർദിശയിൽ സഞ്ചരിച്ച വിപ്ലവകാരിയായ പത്രപ്രവർത്തകനായിരുന്നു ജോൺ റീഡ്‌. മുതലാളിത്ത ചൂഷണത്തിനും യുദ്ധക്കെടുതികൾക്കുമെതിരെ ചൂഷിതർക്കൊപ്പം നിന്ന്‌  ലോകത്തോട്‌ സത്യം വിളിച്ചുപറയുന്നതാണ്‌ മാധ്യമ ധർമമെന്ന്‌ വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്‌തു. 1999ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഇരുപതാം നൂറ്റാണ്ടിലെ ലോക പത്രപ്രവർത്തനരംഗത്തെ മികച്ച സൃഷ്ടികളിൽ ഏഴാമതായി തിരഞ്ഞെടുത്തത് റീഡിന്റെ "ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ.’ അത്‌ ഭൂതകാലത്തിന്റെ ചരിത്രരേഖ മാത്രമല്ല വർത്തമാനത്തിന്റെയും ഭാവിയുടെയും സ്വപ്‌ന പദ്ധതി കൂടിയായിരുന്നു.

എ സുരേഷ്‌

No comments:

Post a Comment