Monday, October 4, 2010

സിങ്വിയുടെ ഹോട്ടല്‍ ബില്ലടച്ചതും മാര്‍ട്ടിന്‍

ഹൈക്കോടതിയില്‍ ലോട്ടറി മാഫിയക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കൊച്ചിയില്‍ തങ്ങിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെലവില്‍. ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണ് താന്‍ ഹാജരായതെന്ന അഭിഷേക് സിങ്വിയുടെ ആവര്‍ത്തിച്ചുള്ള വാദമാണ് ഇതോടെ പൊളിഞ്ഞത്.

ഡല്‍ഹിയില്‍നിന്ന് സിങ്വിക്കൊപ്പം കൊച്ചിയിലെത്തിയ മാര്‍ട്ടിന്‍ ലോട്ടറീസിന്റെ ജനറല്‍ മാനേജര്‍ ഡബ്ള്യു ഷാജഹാനാണ് ഹോട്ടല്‍ ബില്‍ അടയ്ക്കുകയും യാത്രാചെലവ് നല്‍കുകയും ചെയ്തത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും പി ടി തോമസ് എംപിക്കുമൊപ്പം ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കു പറന്ന സിങ്വിക്കൊപ്പം ഷാജഹാനുമുണ്ടായിരുന്നു. 28നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഐലന്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്റയില്‍ ഇരുവരും മുറിയെടുത്തു. സിങ്വി 111-ാം നമ്പര്‍ സ്യൂട്ടിലും ഷാജഹാന്‍ 604 -ാം നമ്പര്‍ സ്യൂട്ടിലുമാണ് മൂന്നു ദിവസവും തങ്ങിയത്. മൂന്നു ദിവസത്തെ ബില്‍ തുക 65,114 രൂപ നല്‍കിയത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എസ്എസ് മ്യൂസിക്കിന്റെ പേരിലാണെന്ന് ഹോട്ടല്‍ രേഖ വ്യക്തമാക്കുന്നു. സിങ്വി ഉപയോഗിച്ച മെഴ്സിഡസ് ബെന്‍സ് കാറിന്റെ വാടകയും ഭക്ഷണത്തിന്റെ ചെലവും ഉള്‍പ്പെട്ടതാണ് ബില്‍. എസ്എസ് മ്യൂസിക്, 126, 127 മൂന്നാംനില, ട്രിപ്ളിക്കേന്‍ ഹൈറോഡ്, ട്രിപ്ളിക്കേന്‍, ചെന്നൈ എന്നാണ് ബില്ലില്‍ ഷാജഹാന്റെ വിലാസം. ഈ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഷാജഹാന് ചാനലുമായി ബന്ധവുമില്ലെന്നാണ് വിവരം കിട്ടിയത്. എന്നാല്‍ മാര്‍ട്ടിന്‍സ് ലോട്ടറിയുടെ ജനറല്‍ മാനേജരും കേസിന്റെ കാര്യങ്ങള്‍ പ്രത്യേകം നോക്കുന്ന വിശ്വസ്തനുമാണ് ഷാജഹാന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാജഹാന്റെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെ പ്രധാന ലോട്ടറികേസുകളുടെയും നടത്തിപ്പ്. ലോട്ടറിക്ക് നിരോധനമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാര്‍ട്ടിന്‍ ലോട്ടറിയുടെ പ്രത്യേക ചുമതലയും ഷാജഹാനാണ്. ഷാജഹാന്റെ അഭാവത്തില്‍ മാര്‍ട്ടിന്‍ ലോട്ടറിയുടെ സിഇഒ തമിജക്കാണ് ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പ് ചുമതല. തമിജ പലപ്പോഴായി കേസാവശ്യത്തിന് കേരളത്തില്‍ വന്നുപോയിട്ടുണ്ട്. 28ന് സിങ്വിയെകൂട്ടി കൊച്ചിയിലെത്തിയശേഷം ഷാജഹാന്‍ പുറത്ത് പ്രത്യക്ഷപ്പെട്ടില്ല.

കോടതിയിലേക്ക് സിങ്വിയെ അനുഗമിച്ചത് മാര്‍ട്ടിന്റെ വിശ്വസ്ത ജീവനക്കാരായ മറ്റ് മൂന്നുപേരാണ്. ഇതില്‍ രണ്ടുപേര്‍ ഏജന്റുമാരുമാണ്. മാര്‍ട്ടിന്‍സ് ലോട്ടറിയുടെ ലീഗല്‍ മാനേജര്‍ തൃശൂര്‍ സ്വദേശി രാജീവ്, തൃശൂരിലെ യദുകൃഷ്ണ ഏജന്‍സീസിന്റെ ഉടമയും മാര്‍ട്ടിന്റെ ശമ്പളക്കാരനുമായ രാജേഷ്, അമ്മ ഏജന്‍സീസ് ഉടമ അറുമുഖന്‍ എന്നിവരായിരുന്നു മുഴുവന്‍സമയം സിങ്വിക്കൊപ്പമുണ്ടായിരുന്നത്. ലോട്ടറി മാഫിയക്കുവേണ്ടി എത്തിയത് വിവാദമായപ്പോള്‍ താന്‍ ലോട്ടറി കമ്പനികള്‍ക്കുവേണ്ടിയല്ല ഹാജരാകുന്നതെന്നാണ് സിങ്വി പ്രതികരിച്ചത്. ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് തന്റെ വക്കാലത്തെന്ന് കോടതിമുറ്റത്തും ഹോട്ടലിലും തന്നെ വന്നുകണ്ട വാര്‍ത്താലേഖകരോട് സിങ്വി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഭൂട്ടാന്‍ സര്‍ക്കാരിന്റെ വിശദീകരണം സിങ്വിയുടെ വാദം നുണയാണെന്ന് തെളിയിച്ചിരുന്നു. ഭൂട്ടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയാണ് സിങ്വിക്ക് വക്കാലത്ത് കിട്ടിയതെന്നായിരുന്നു ഭൂട്ടാന്റെ ഔദ്യോഗിക വിശദീകരണം. സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് മാര്‍ട്ടിനാണ് 2001ല്‍ ചെന്നൈ ആസ്ഥാനമായി ആരംഭിച്ച എസ്എസ് മ്യൂസിക്കിന്റെ മാനേജിങ് ഡയറക്ടര്‍.
(എം എസ് അശോകന്‍)

ഒരു കള്ളം മറയ്ക്കാന്‍ ചെന്നിത്തല നൂറ് കള്ളം പറയുന്നു: ഐസക്

ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് കേസ് വാദിക്കാന്‍ വന്നതെന്ന കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വാദം പൊളിഞ്ഞ സാഹചര്യത്തില്‍ ഇനിയെങ്കിലും സത്യാവസ്ഥ തുറന്നുപറയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയ സിങ്വിയും സാന്റിയാഗോ മാര്‍ട്ടിന്റെ സഹായിയും തങ്ങിയിരുന്ന ഹോട്ടലിലെ ബില്ലും വിമാനയാത്ര ചെലവും വഹിച്ചത് മാര്‍ട്ടിന്റെ ചെന്നൈയിലുള്ള ചാനലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഐസക്കിന്റെ ആവശ്യം. ഒരു കള്ളം മറയ്ക്കാന്‍ നൂറ് കള്ളം പറയുകയാണ് ചെന്നിത്തല. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി സിങ്വി കേരള ഹൈക്കോടതിയില്‍ നടത്തിയ വാദം അധാര്‍മികമാണ്. കോണ്‍ഗ്രസിന് പലതും മറയ്ക്കാനുണ്ട്. സിങ്വി മാത്രമല്ല, കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ലോട്ടറി മാഫിയയ്ക്കുവേണ്ടി കേസ് വാദിക്കാനെത്തിയിരുന്നു. ഇതേതുടര്‍ന്ന് ലോട്ടറി മാഫിയയ്ക്കുവേണ്ടി കേന്ദ്രചട്ടം ഭേദഗതി ചെയ്ത ചിദംബരം രാജിവെക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടുമോയെന്നും ഐസക്ക് ചോദിച്ചു.

സിങ്വിക്ക് മാര്‍ട്ടിന്‍ വിളമ്പിയത് 15000 രൂപയുടെ മദ്യം

ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയെ സല്‍ക്കരിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഒരുക്കിയത് മദ്യമുള്‍പ്പെടെ പഞ്ചനക്ഷത്ര ആഢംബരങ്ങള്‍..ഹോട്ടല്‍ ടാജ് വിവന്റയിലെ 111-ാം നമ്പര്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മൂന്നുദിവസം താമസിച്ച സിങ്വിക്കുവേണ്ടി ഷാജഹാന്‍ അടച്ച 65,114 രൂപയുടെ ബില്ലില്‍ 15,533 രൂപ മദ്യത്തിന്റെ വിലയാണ്. അഭിഷേക് മനു സിങ്വി, എ 129 നീതി ഭാഗ്, ന്യൂഡല്‍ഹി എന്ന് രേഖപ്പെടുത്തിയ ബില്ലില്‍ അദ്ദേഹം താമസിക്കുന്ന 111-ാം നമ്പര്‍ മുറിയുടെ വാടകയും ചെലവുകളും 604-ാം നമ്പര്‍ മുറിയിലെ താമസക്കാരനാണ് അടയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജഹാനാണ് 604-ലെ താമസക്കാരന്‍.

29ന് 15,533 രൂപയുടെ മദ്യം ഉപയോഗിച്ചതായാണ് സിങ്വിയുടെ ബില്ലിലെ വിവരം. 'മട്ടാഞ്ചേരി ലിക്വര്‍' എന്ന ഇനമാണ് ഉപയോഗിച്ചത്. താജിലെ പ്രത്യേക ഇനം മദ്യമാണിത്. ഷാജഹാന്റെ പേരിലുള്ള ബില്ലില്‍ 2299 രൂപയുടെ മദ്യം വാങ്ങിയതിന്റെ കണക്കുണ്ട്. സിങ്വി 29നു തന്നെ 14,677 രൂപ ചെലവില്‍ ടാജിലെ സ്പാ (ആരോഗ്യ സ്നാന കേന്ദ്രം)ഉപയോഗിച്ചിട്ടുണ്ട്. ബെന്‍സ് കാറാണ് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഉപയോഗിച്ചത്. മൂന്നുദിവസത്തെ വാടക33,908 രൂപ.

ദേശാഭിമാനി 04102010

1 comment:

  1. ഹൈക്കോടതിയില്‍ ലോട്ടറി മാഫിയക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കൊച്ചിയില്‍ തങ്ങിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെലവില്‍. ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണ് താന്‍ ഹാജരായതെന്ന അഭിഷേക് സിങ്വിയുടെ ആവര്‍ത്തിച്ചുള്ള വാദമാണ് ഇതോടെ പൊളിഞ്ഞത്.

    ReplyDelete