Monday, October 4, 2010

ഡിസിസി അംഗത്തിന്റെ വീട് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി നാമനിര്‍ദേശപത്രിക നല്‍കിയ കോഴിക്കോട് ഡിസിസി അംഗത്തിന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. വീടിന്റെ ജനല്‍ ഗ്ളാസുകള്‍ പാടെ തകര്‍ന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ളോക്ക് പ്രസിഡന്റുമായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന്റെ പേരാമ്പ്രയിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മകന്‍ പ്രബീഷ് കിടന്നുറങ്ങിയ ഓഫീസ് മുറിയുടെയും ഡൈനിങ് ഹാളിന്റെയും ജനലുകള്‍ പൂര്‍ണമായും തകര്‍ന്നു. കരിങ്കല്‍ കഷണങ്ങളും പൊട്ടിയ ചില്ലുകളും മുറികളില്‍ ചിതറിക്കിടപ്പുണ്ട്. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന് ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടതായി വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര സിഐ ആര്‍ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായില്ല. ശനിയാഴ്ച പാതിരാത്രി ബൈക്കുകളിലെത്തിയവരാണ് കല്ലെറിഞ്ഞത്.

കുഞ്ഞിരാമന്‍ ഇപ്പോള്‍ ഡിസിസി അംഗവും ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റുമാണ്. കെ മുരളീധരന്‍ വിഭാഗത്തിനൊപ്പമായിരുന്ന കുഞ്ഞിരാമന്‍ മുന്‍മന്ത്രി പി ശങ്കരനൊപ്പമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. നാല്‍പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ രാഷ്ട്രീയ എതിരാളികള്‍പോലും തന്നോട് അങ്ങേയറ്റം മാന്യതയോടെയാണ് പെരുമാറിയതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയതിന്റെ പേരിലാണ് വീട് ആക്രമിച്ചതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

പേരാമ്പ്ര പഞ്ചായത്ത് 16-ാം വാര്‍ഡിലാണ് ഇദ്ദേഹം പത്രിക നല്‍കിയത്. കഴിഞ്ഞ 25ന് രാത്രി ചേര്‍ന്ന വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. കെ കെ രാജനെ സ്ഥാനാര്‍ഥിയാക്കാനാണ് യോഗം തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിരാമന്‍ വെള്ളിയാഴ്ച പത്രിക നല്‍കി. അക്രമംകൊണ്ടൊന്നും തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നും പഞ്ചായത്തിലെ 19 വാര്‍ഡിലും സ്ഥാനാര്‍ഥികളെ റിബലായി മത്സരിപ്പിക്കുമെന്നും കുഞ്ഞിരാമനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു.

പത്രിക നല്‍കാന്‍ കുറച്ച് സമയം മാത്രം ശേഷിക്കെ സംസ്ഥാനവ്യാപകമായി യുഡിഎഫിലും കോണ്‍ഗ്രസിലും റിബല്‍ ശല്യം രൂക്ഷമാണ്. ആലപ്പുഴയില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ റിബല്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സെലിന്‍ നെല്‍സ കോര്‍പറേഷനില്‍ റിബലായി പത്രിക നല്‍കി. കാസര്‍കോട്ട് കുഴപ്പം മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് പട്ടികയാകെ കെപിസിസിക്ക് അയച്ചു. കൊല്ലത്തും കോഴിക്കോട്ടും ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് കോണ്‍ഗ്രസുകാര്‍ നേതാക്കളോടുള്ള അരിശം തീര്‍ത്തത്. ആലപ്പുഴയില്‍ ഗൌരിയമ്മയുടെ വാര്‍ഡില്‍പോലും കോണ്‍ഗ്രസ് റിബലുണ്ട്. കൊച്ചിയില്‍ മുതിര്‍ന്ന നേതാവ് ഹംസക്കുഞ്ഞ് തന്നെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങി. മലപ്പുറത്ത് ലീഗിന്റെ വല്യേട്ടന്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദേശാഭിമാനി 04102010

1 comment:

  1. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി നാമനിര്‍ദേശപത്രിക നല്‍കിയ കോഴിക്കോട് ഡിസിസി അംഗത്തിന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. വീടിന്റെ ജനല്‍ ഗ്ളാസുകള്‍ പാടെ തകര്‍ന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ളോക്ക് പ്രസിഡന്റുമായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന്റെ പേരാമ്പ്രയിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മകന്‍ പ്രബീഷ് കിടന്നുറങ്ങിയ ഓഫീസ് മുറിയുടെയും ഡൈനിങ് ഹാളിന്റെയും ജനലുകള്‍ പൂര്‍ണമായും തകര്‍ന്നു. കരിങ്കല്‍ കഷണങ്ങളും പൊട്ടിയ ചില്ലുകളും മുറികളില്‍ ചിതറിക്കിടപ്പുണ്ട്. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന് ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടതായി വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര സിഐ ആര്‍ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായില്ല. ശനിയാഴ്ച പാതിരാത്രി ബൈക്കുകളിലെത്തിയവരാണ് കല്ലെറിഞ്ഞത്.

    ReplyDelete