Monday, October 4, 2010

ബ്രസീലില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

ബ്രസീലിയ: ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേകള്‍. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലൂയിസ് ഇഗ്നേഷ്യോ ലുല ഡസില്‍വയുടെ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ഥിയായ ദില്‍മ റൂസേഫ്(62) തൊട്ടടുത്ത എതിരാളി ജോസ് സേരയേക്കാള്‍(68) ഏറെ മുന്നിലാണ്. ലുലയുടെ ഭരണകാലത്ത് രണ്ടുകോടിയില്‍പരം ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയ പദ്ധതിക്ക് ചുക്കാന്‍പിടിച്ചത് മുന്‍ ഒളിപ്പോരാളികൂടിയായ ദില്‍മയാണ്. രാജ്യത്തെ ആദ്യവനിത പ്രസിഡന്റുമായി മാറാന്‍പോവുകയാണ് ലുലയുടെ സ്റ്റാഫ് മേധാവിയുമായിരുന്ന ദില്‍മ.

ബ്രസീലിലെ 13.50 കോടി വോട്ടര്‍മാര്‍ പ്രസിഡന്റിനോടൊപ്പം പാര്‍ലമെന്റ് അംഗങ്ങളെയും 26 സംസ്ഥാന ഗവര്‍ണര്‍മാരെയും നഗരസഭകളില്‍ മേയര്‍മാരെയും തെരഞ്ഞെടുക്കും. ആകെ 20,000ല്‍പരം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഞായറാഴ്ച രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങി. അഭിപ്രായവോട്ടെടുപ്പില്‍ ദില്‍മ 20 ശതമാനം പോയിന്റിന് മുന്നിലാണ്. എട്ടുവര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ലുലയ്ക്ക് രാജ്യത്തെ 80 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്നും അഭിപ്രായവോട്ടെടുപ്പ് വ്യക്തമാക്കി.

ബ്രസീല്‍ ഭരണഘടനപ്രകാരം ഒരാള്‍ക്ക് രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും രാജ്യത്തെ സമ്പദ്ഘടനയെ ശക്തമായ നിലയില്‍ എത്തിക്കുകയുംചെയ്ത ഭരണമാണ് ലുലയും കൂട്ടരും കാഴ്ചവച്ചത്. രണ്ട് കോടിയില്‍പരം ആളുകളെ മെച്ചപ്പെട്ട സ്ഥിതിയില്‍ എത്തിച്ചതിനു പുറമെ മറ്റൊരു മൂന്നു കോടി പേരുടെ ദാരിദ്ര്യം അകറ്റാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. ലുല ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് മത്സരിക്കുന്നതെന്ന് ദില്‍മ വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം ജനങ്ങളും വറുതിയില്‍ കഴിയുന്ന ഒരു വികസിത രാജ്യത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ദില്‍മ പറഞ്ഞു.

വിദ്യാഭ്യാസകാലം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ദില്‍മ 1964-1985 കാലത്ത് ബ്രസീലില്‍ നിലനിന്ന സൈനികഭരണത്തിനെതിരായ ചെറുത്തുനില്‍പ്പിലും സജീവമായിരുന്നു. ഇക്കാലത്ത് ഒളിപ്പോരാളിയായി മാറിയ ദില്‍മയെ സൈനികഭരണകൂടം പിടികൂടി ജയിലിലടച്ചു. വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍പോലുള്ള പീഡനങ്ങള്‍ക്കും വിധേയയാക്കി. 'രാജ്യത്തെ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതിയുടെ മാതാവ്' എന്ന് ലുല വിശേഷിപ്പിച്ച ദില്‍മ സാമ്പത്തിക വിദഗ്ധയുമാണ്. ദില്‍മയെ എതിര്‍ത്ത ജോസ് സേര സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലുലയില്‍നിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങിയത് സേരയാണ്. 1990കളില്‍ ആരോഗ്യമന്ത്രിയായിരുന്നു.

ദേശാഭിമാനി 04102010

2 comments:

  1. ബ്രസീലിയ: ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേകള്‍. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലൂയിസ് ഇഗ്നേഷ്യോ ലുല ഡസില്‍വയുടെ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ഥിയായ ദില്‍മ റൂസേഫ്(62) തൊട്ടടുത്ത എതിരാളി ജോസ് സേരയേക്കാള്‍(68) ഏറെ മുന്നിലാണ്. ലുലയുടെ ഭരണകാലത്ത് രണ്ടുകോടിയില്‍പരം ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയ പദ്ധതിക്ക് ചുക്കാന്‍പിടിച്ചത് മുന്‍ ഒളിപ്പോരാളികൂടിയായ ദില്‍മയാണ്. രാജ്യത്തെ ആദ്യവനിത പ്രസിഡന്റുമായി മാറാന്‍പോവുകയാണ് ലുലയുടെ സ്റ്റാഫ് മേധാവിയുമായിരുന്ന ദില്‍മ.

    ReplyDelete
  2. ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ഥി ദില്‍മ റൂസേഫ് 46.9 ശതമാനം വോട്ട് നേടി മുന്നിലെത്തി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ജോസ് സേരയ്ക്ക് 32.6 ശതമാനം വോട്ടും ഗ്രീന്‍സ് പാര്‍ടിയിലെ മറീന സില്‍വയ്ക്ക് 19.4 ശതമാനം വോട്ടും ലഭിച്ചു. ദില്‍മ ബഹുദൂരം മുന്നിലെത്തിയെങ്കിലും 50 ശതമാനം വോട്ട് കിട്ടാത്തതിനാല്‍ ഒക്ടോബര്‍ 31ന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും. നിലവിലുള്ള പ്രസിഡന്റ് ലുല ഡസില്‍വ 2002ലും 2006ലും ജയിച്ചത് രണ്ടാംവട്ട വോട്ടെടുപ്പിലാണ്. ഗ്രീന്‍സ് പാര്‍ടി സ്ഥാനാര്‍ഥി പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് നേടിയതാണ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങാന്‍ കാരണമായത്. ലുല സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിസ്ഥാനം രാജിവച്ചശേഷമാണ് മറീന ഗ്രീന്‍സ് പാര്‍ടിക്കുവേണ്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, രണ്ടാംവട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ഥികളെ മാത്രമാണ് പരിഗണിക്കുക. അടുത്ത വോട്ടെടുപ്പില്‍ നേരിട്ടുള്ള മത്സരമായതിനാല്‍ 50 ശതമാനം വോട്ട് നേടാന്‍ ദില്‍മ പ്രയാസം നേരിടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത

    ReplyDelete