Sunday, October 3, 2010

ഇനി കോട്ടണ്‍ ബാനറുകളുടെ കാലം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നിറയുന്ന ഫ്ളക്സ് ബോര്‍ഡുകളുടെ കാലം കഴിഞ്ഞു. മണ്ണിലലിയാതെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ളക്സ്ഷീറ്റുകള്‍ക്ക് പകരം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരത്തുകള്‍ കൈയടക്കുക തുണിയില്‍ എഴുതിയ ബാനറുകളായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് തുണിബാനറുകളുടെ കാലം തിരിച്ചുവന്നത്. ഇതോടെ ഫ്ളക്സിന്റെയും പ്ളാസ്റ്റിക്കിന്റെയും വ്യാപനം തടയണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ വര്‍ണ ചിത്രങ്ങള്‍ പ്രിന്റുചെയ്യുമ്പോള്‍ അല്‍പ്പം ഭംഗി കുറയുമെന്നതാണ് തുണി ബോര്‍ഡുകളുടെ കുഴപ്പം. തുണിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ബാനറുകള്‍ പ്രിന്റു ചെയ്യുന്നതിനുള്ള സംവിധാനം ജില്ലയിലെ മിക്കയിടങ്ങളിലും വന്നു കഴിഞ്ഞു. ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായതോടെ തൊഴിലില്ലാതായ കൈയെഴുത്ത് കലാകാരന്മാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലം.

ഇലക്ഷന്‍ കമ്മിഷന്റെയും സര്‍ക്കാറിന്റെയും തീരുമാനം തങ്ങളെ തൊഴില്‍ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണെന്ന് കൈയെഴുത്ത് കലാകാരന്മാര്‍ പറയുന്നു. എന്തിനും ഏതിനും ഫ്ളക്സ് ബോര്‍ഡുകളെ ആശ്രയിക്കുന്ന സ്ഥിതിവന്നതോടെ ബാനര്‍ എഴുത്തുകാര്‍ തൊഴില്‍രംഗം വിട്ടുപോകുന്ന അവസ്ഥയായിരുന്നുവെന്ന് കല്‍പ്പറ്റ ഗുരുശ്രീ അഡ്വറ്റേഴ്സിലെ കെ സി ഷാജു പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ പലരും ഈ മേഖലയില്‍ തിരിച്ചു വന്നു. സ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടെ വരച്ചാണ് ഇവര്‍ ബാനറുകള്‍ രൂപപ്പെടുത്തുന്നത്. മൂന്ന് മീറ്റര്‍ നീളമുള്ള ബാനറിന് 150 രൂപമുതല്‍ 200 രൂപവരെയാണ് വില. തെരഞ്ഞെടുപ്പ് ബാനര്‍ തയ്യാറാക്കുന്നവര്‍ക്ക് നല്ല പരിശീലനം ആവശ്യമാണ്. ചിഹ്നം ആലേഖനം ചെയ്യുന്നതിനാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നും എഴുത്തുകാര്‍ പറയുന്നു. ബാനര്‍ തുണികള്‍ക്കും ഇത്തവണ നല്ല ചെലവാണ്. തുണിയില്‍ ബാനറുകള്‍ നിര്‍മിച്ച് കഴിഞ്ഞാലും അത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിലും, പൊതു സ്ഥലങ്ങളിലും ബാനറുകള്‍ കെട്ടരുത്. ചുവരെത്തുകള്‍ക്കും ഇത്തവണ നിയന്ത്രണങ്ങളുണ്ട്.

1 comment:

  1. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നിറയുന്ന ഫ്ളക്സ് ബോര്‍ഡുകളുടെ കാലം കഴിഞ്ഞു. മണ്ണിലലിയാതെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ളക്സ്ഷീറ്റുകള്‍ക്ക് പകരം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരത്തുകള്‍ കൈയടക്കുക തുണിയില്‍ എഴുതിയ ബാനറുകളായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് തുണിബാനറുകളുടെ കാലം തിരിച്ചുവന്നത്. ഇതോടെ ഫ്ളക്സിന്റെയും പ്ളാസ്റ്റിക്കിന്റെയും വ്യാപനം തടയണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ വര്‍ണ ചിത്രങ്ങള്‍ പ്രിന്റുചെയ്യുമ്പോള്‍ അല്‍പ്പം ഭംഗി കുറയുമെന്നതാണ് തുണി ബോര്‍ഡുകളുടെ കുഴപ്പം. തുണിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ബാനറുകള്‍ പ്രിന്റു ചെയ്യുന്നതിനുള്ള സംവിധാനം ജില്ലയിലെ മിക്കയിടങ്ങളിലും വന്നു കഴിഞ്ഞു. ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായതോടെ തൊഴിലില്ലാതായ കൈയെഴുത്ത് കലാകാരന്മാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലം

    ReplyDelete