Sunday, October 3, 2010

'എന്തെരോ മഹാനുഭാവുലു...!'

‘കഷ്ടകാലം പിടിപെട്ടവന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യും‘ എന്നൊരു ചൊല്ല് മലയാളക്കരയിലുണ്ട്. 'മിസ്ഫൊര്‍ച്യൂണ്‍ നെവര്‍ കംസ് എലോണ്‍' എന്ന ഇംഗ്ളീഷ് ചൊല്ലിനു സമാനമായി നാം ഉപയോഗിക്കുന്ന ചൊല്ല്. ഏതു വഴിക്കുനിന്നും കഷ്ടകാലവും നാശവും വന്നുചേര്‍ന്ന് മനുഷ്യന്‍ വല്ലാതെ നരകിക്കുന്ന അവസ്ഥയെയാണ് ഈ ചൊല്ല് വിവക്ഷിക്കുന്നത്. അത്രമേല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു ഈ സ്ഥിതി. ജില്ലയില്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളിന്റെ (എസ്) സ്ഥിതി ഏതാണ്ടിതുപോലെയാണിപ്പോള്‍. കൈയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥ. ഹോ! യുഡിഎഫില്‍ ചേരുമ്പോള്‍ എന്തായിരുന്നു പ്രഖ്യാപനങ്ങള്‍.

ഇതാ...! കേരളത്തില്‍ യുഡിഎഫ് അജയ്യശക്തിയായിരിക്കുന്നു. വീരന്‍ വിഭാഗംകൂടി ചേര്‍ന്നപ്പോള്‍ ഗ്രീക്കുകഥയിലെ ശക്തിമാന്‍ ഹെര്‍ക്കുലീസിനെയും വെല്ലുന്ന ശക്തി യുഡിഎഫ് ആര്‍ജിച്ചിരിക്കുന്നു. ജനതാദളിന്റെ കരുത്തിനും ആള്‍ബലത്തിനും ഒത്തവിധം ഇനി യുഡിഎഫ് പ്രാതിനിധ്യം ഉറപ്പാക്കും. അതുവഴി സിപിഐ എമ്മിനു മനസിലാകാത്ത വീരന്റെ ക്രൌര്യവും ശക്തിയും ഓജസും നാട്ടിലൊകെ പരന്നൊഴുകും. അതോടെ സിപിഐ എം തകര്‍ന്നു മണ്ണടിയും... വീരന്റെയും കൂട്ടരുടെയും ജല്‍പനങ്ങള്‍ കേട്ട് ദിഗന്തങ്ങള്‍ ഞെട്ടിവിറച്ചു. കടലലകള്‍ ഇളകിയിരമ്പി. ഇതുവരെ ആഞ്ഞടിച്ചതും ഇനി ആഞ്ഞടിക്കാനിരിക്കുന്നതുമായ എല്ലാ ചുഴലിക്കാറ്റുകളും ഒന്നായി സംഗമിച്ച് ആഞ്ഞടിച്ചു. സഹ്യസാനുക്കളില്‍ രാഷ്ട്രീയ ഉരുള്‍പ്പൊട്ടലായി. സിപിഐ എം എന്ന മഹാവൃക്ഷം ഇതാ കടപുഴകാന്‍ പോകുന്നു. അതുകണ്ട് വീരന്‍ അട്ടഹസിച്ചു. കോണ്‍ഗ്രസ് രോമാഞ്ചംകൊണ്ടു. യുഡിഎഫ് ഹര്‍ഷപുളകിതയായി. ഹൈക്കമാന്‍ഡ് മന്ദഹാസം തൂകി....!

ഇപ്പോഴോ ?

വീരന്‍ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയും കായംകുളത്തെ മുന്‍നഗരസഭാ ചെയര്‍മാനുമായ ഷേക് പി ഹാരീസിനുപോലും സീറ്റു നല്‍കില്ലെന്നു കോണ്‍ഗ്രസ്. എല്‍ഡിഎഫിന്റെ പ്രതിനിധിയായി കായംകുളം മുനിസിപ്പല്‍ കൌണ്‍സിലിലേക്കു രണ്ടോമൂന്നോ തവണ ജയിച്ച ഷേക്ക് ഒരിക്കല്‍ നഗരസഭാ ചെയര്‍മാനുമായിരുന്നു. ആ ദേഹത്തെയാണ് ഇക്കുറി സീറ്റു നല്‍കില്ലെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരു വഴിക്കാക്കിയത്. യുഡിഎഫിനെ ശക്തിപ്പെടുത്തി അതുവഴി സിപിഐ എമ്മിനെ ഒതുക്കാന്‍ നോക്കിയവരെ ഒടുവില്‍ കോണ്‍ഗ്രസുതന്നെ ഒതുക്കി. നോക്കണേ, കഷ്ടകാലം പിടിച്ചവന്റെ സ്ഥിതി...! കെ ആര്‍ ഗൌരിയമ്മയും എം വി രാഘവനുമൊക്കെ എത്രയാ പറഞ്ഞത്, കോണ്‍ഗ്രസിനെതിരെ. വീരനും അനുയായികള്‍ക്കും അപ്പറഞ്ഞതിന്റെ ആന്തരികാര്‍ഥം ഇനിയും മനസിലായിട്ടില്ല. വേലി ചാടുന്ന കാളയ്ക്കു കോലുകൊണ്ടു മരണം എന്ന ചൊല്ലും മലയാളത്തിലുണ്ട്. അതു ഇക്കൂട്ടരെ കുറിച്ചുതന്നെയല്ലേ ?!

ദേശാഭിമാനി 02102010

1 comment:

  1. കഷ്ടകാലം പിടിപെട്ടവന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യും‘ എന്നൊരു ചൊല്ല് മലയാളക്കരയിലുണ്ട്. 'മിസ്ഫൊര്‍ച്യൂണ്‍ നെവര്‍ കംസ് എലോണ്‍' എന്ന ഇംഗ്ളീഷ് ചൊല്ലിനു സമാനമായി നാം ഉപയോഗിക്കുന്ന ചൊല്ല്. ഏതു വഴിക്കുനിന്നും കഷ്ടകാലവും നാശവും വന്നുചേര്‍ന്ന് മനുഷ്യന്‍ വല്ലാതെ നരകിക്കുന്ന അവസ്ഥയെയാണ് ഈ ചൊല്ല് വിവക്ഷിക്കുന്നത്. അത്രമേല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു ഈ സ്ഥിതി. ജില്ലയില്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളിന്റെ (എസ്) സ്ഥിതി ഏതാണ്ടിതുപോലെയാണിപ്പോള്‍. കൈയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥ. ഹോ! യുഡിഎഫില്‍ ചേരുമ്പോള്‍ എന്തായിരുന്നു പ്രഖ്യാപനങ്ങള്‍.

    ReplyDelete