Thursday, February 10, 2011

എല്‍ഡിഎഫ് ജാഥകള്‍ വന്‍ മുന്നേറ്റമാകും

എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18ന് ആരംഭിച്ച് മാര്‍ച്ച് രണ്ടിന് സമാപിക്കുന്ന രണ്ടു ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ജാഥ എറണാകുളത്ത് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും ഉദ്ഘാടനം ചെയ്യും. വടക്കന്‍ജാഥ തൃശൂരും തെക്കന്‍ജാഥ തിരുവനന്തപുരത്തും സമാപിക്കും. വടക്കന്‍ജാഥയ്ക്ക് 71 കേന്ദ്രങ്ങളിലും തെക്കന്‍ജാഥയ്ക്ക് 67 കേന്ദ്രങ്ങളിലും സ്വീകരണം നല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും കടുത്ത അഴിമതിയും കേരളത്തോടുള്ള അവഗണനയും ജാഥയുടെ പ്രധാന മുദ്രാവാക്യങ്ങളാണ്. ഇതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരനടപടിയും ജാഥയില്‍ വിശദീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍നടത്തുന്ന പൊതുവികസനപ്രവര്‍ത്തനങ്ങളെ തമസ്കരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജാഥയില്‍ തുറന്നുകാട്ടും. ഒപ്പം മുമ്പത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ജാഥയില്‍ വിശദീകരിക്കും.

കേന്ദ്രകാര്‍ഷിക-വ്യാവസായിക-വിദ്യാഭ്യാസനയങ്ങളിലെ ജനവിരുദ്ധത, പ്രധാനമന്ത്രിയെപ്പോലും ബന്ധപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന അഴിമതിയുടെ ഘോഷയാത്ര, കേരളത്തില്‍നിന്ന് നിരവധി മന്ത്രിമാരുണ്ടായിട്ടും വ്യവസായ-റെയില്‍വേ രംഗങ്ങളില്‍ സംസ്ഥാനത്തോടു തുടരുന്ന കേന്ദ്ര അവഗണന തുടങ്ങിയവയൊക്കെ ജാഥയില്‍ ജനങ്ങളോടുവിശദീകരിക്കും. കൃഷിക്കാര്‍ക്ക് ഉപാധിരഹിതപട്ടയം നല്‍കാനുള്ള നടപടി, പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി വൈക്കം വിശ്വന്‍ പറഞ്ഞു. സ്വകാര്യവ്യക്തികളില്‍നിന്ന് സര്‍ക്കാര്‍ നിക്ഷിപ്തമാക്കേണ്ട സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും അടിയന്തരനടപടി എടുക്കണം. പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ സംബന്ധിച്ച നടപടിയെടുക്കുമ്പോള്‍ അവ വനമായി മാറുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. തോട്ടവ്യവസായം അപ്പാടെ തകരാതിരിക്കാനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മറ്റുനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ബുധനാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സീറ്റ്ചര്‍ച്ച യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്‍ഡിഎഫിലെ കോണ്‍ഗ്രസ് എസ് പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെപ്പറ്റി ചോദിച്ചപ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കോണ്‍ഗ്രസ് എസ് പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 100211

1 comment:

  1. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18ന് ആരംഭിച്ച് മാര്‍ച്ച് രണ്ടിന് സമാപിക്കുന്ന രണ്ടു ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ജാഥ എറണാകുളത്ത് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും ഉദ്ഘാടനം ചെയ്യും. വടക്കന്‍ജാഥ തൃശൂരും തെക്കന്‍ജാഥ തിരുവനന്തപുരത്തും സമാപിക്കും. വടക്കന്‍ജാഥയ്ക്ക് 71 കേന്ദ്രങ്ങളിലും തെക്കന്‍ജാഥയ്ക്ക് 67 കേന്ദ്രങ്ങളിലും സ്വീകരണം നല്‍കും.

    ReplyDelete