Thursday, October 27, 2011

ദേശീയപാത വികസന പദ്ധതി റദ്ദാക്കി

സര്‍ക്കാരിന്റെ നിസ്സഹകരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള തുടര്‍നടപടികള്‍ പൂര്‍ണമായും റദ്ദാക്കി. ഇതുസംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പദ്ധതി നടത്തിപ്പിന് രൂപീകരിച്ച യൂണിറ്റുകള്‍ പിരിച്ചുവിടാനും ഇവിടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചയക്കാനും അതോറിറ്റി നിര്‍ദേശിച്ചു. ഇതോടെ കേരളത്തിലെ ദേശീയപാതകളുടെ വികസനം നിലയ്ക്കും. സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി. കേരളത്തിന്റെ റോഡ് വികസനത്തിന് ഇത് കനത്ത തിരിച്ചടിയായി.

റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയെ തുടര്‍ന്ന് നാലുമാസത്തോളം പദ്ധതി നടത്തിപ്പ് തടസ്സപ്പെട്ടിരുന്നു. എന്നാല്‍ , പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ദേശീയപാത അതോറിറ്റി ചെന്നൈ റീജിയണ്‍ ചീഫ് ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) ഐ ജി റെഡ്ഡി പുറപ്പെടുവിച്ച ഉത്തരവില്‍ കുറ്റപ്പെടുത്തി. സ്ഥലമെടുപ്പും മറ്റും ആലോചിക്കാന്‍ രണ്ട് യോഗങ്ങള്‍ നടത്തിയെങ്കിലും സ്തംഭനാവസ്ഥ തുടരുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാലരമാസമാണ് നഷ്ടപ്പെടുത്തിയതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കായി അതോറിറ്റി രൂപീകരിച്ച 24 പ്രത്യേക ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റ് 11 യൂണിറ്റുകളു(സിഎഎല്‍എ)ടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

2009 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ യൂണിറ്റുകളില്‍ 450 ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനായി ഏഴുകോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ക്കൂടി കടന്നുപോകുന്ന എന്‍എച്ച് 17, എന്‍എച്ച് 47 എന്നിവയുടെ വികസനത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. എണ്ണൂറു കിലോമീറ്ററാണ് ഇരു പാതകളുടെയും മൊത്തം ദൈര്‍ഘ്യം. ഏഴ് പാക്കേജുകളായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പുനരധിവാസ പാക്കേജിനും പിന്നീട് സര്‍ക്കാര്‍ രൂപംനല്‍കി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം കേന്ദ്രത്തെയും ദേശീയപാത അതോറിറ്റിയെയും അറിയിക്കുകയും ചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍നടപടി തടസ്സപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പദ്ധതി നടത്തിപ്പിനും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലും ഒരിഞ്ചു മുമ്പോട്ടു പോകാനായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇതുസംബന്ധിച്ച് പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് എല്ലാ പ്രവര്‍ത്തനവും നിര്‍ത്താന്‍ അതോറിറ്റി തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി ഡല്‍ഹിയില്‍ ചെന്ന് തീരുമാനങ്ങളുണ്ടാക്കിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടതിനു പിന്നാലെയാണ് കേരളത്തിന് വന്‍ ആഘാതമേല്‍പ്പിക്കുന്ന ഈ നടപടി.

ദിലീപ് മലയാലപ്പുഴ deshabhimani 271011

1 comment:

  1. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിലപാട് ആരാഞ്ഞ ദേശീയപാതാ അതോറിറ്റിക്ക് യുഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിരവധി തവണ അതോറിറ്റി അധികൃതര്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്ഥലം ഏറ്റെടുക്കുന്നതിലടക്കം സര്‍ക്കാര്‍ അലംഭാവം കാട്ടിയതിനെ തുടര്‍ന്നാണ് പാതാ വികസനത്തിനായുള്ള എല്ലാ നടപടിയും നിര്‍ത്തിവയ്ക്കാന്‍ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. അതോറിറ്റി തങ്ങളുടെ നിലപാട് കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചു. പദ്ധതി നടത്തിപ്പിനു രൂപീകരിച്ച യൂണിറ്റുകള്‍ പിരിച്ചുവിടാനും ഇവിടെയുള്ള അഞ്ഞൂറോളം ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളിലെ പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനമായി. സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ സഹികെട്ട് കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്തെ ദേശീയപാതാ വികസന നടപടി നിര്‍ത്തിവച്ച് ഉത്തരവിറക്കിയത്. എന്‍എച്ച് 17, എന്‍എച്ച് 47 എന്നിവയുടെ വികസനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. ഏഴു പാക്കേജായി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. സര്‍വകക്ഷിയോഗ തീരുമാനപ്രകാരം 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കാനും ഇതിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് വിപുലമായ പുനരധിവാസ പാക്കേജിനും സര്‍ക്കാര്‍ രൂപംനല്‍കി. ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള നടപടിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ദേശീയപാതാ അതോറിറ്റി ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍പ്രവര്‍ത്തനം തടസ്സപ്പെട്ടു. എന്നാല്‍ , ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതുസംബന്ധിച്ച പ്രസ്താവനാ പ്രവാഹമല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. ദേശീയപാതാ വികസനത്തിലും സ്ഥലം ഏറ്റെടുക്കലിലും ആശയക്കുഴപ്പം സൃഷ്ടിക്കുംവിധമുള്ള പ്രസ്താവനകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ ഒരിഞ്ച് മുന്നോട്ടു പോകാനായില്ലെന്ന് ദേശീയപാതാ അതോറിറ്റിക്ക് രേഖാമൂലം അഭിപ്രായം പറയേണ്ടി വന്നു. സര്‍ക്കാരിന്റെ നിഷേധ നിലപാടു മൂലം ദേശീയപാതാ വികസനത്തിന് അനുവദിച്ച കോടികളാണ് നഷ്ടപ്പെടുന്നത്. ഇതു സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ തിരിച്ചടിയാകും.

    ReplyDelete