Wednesday, October 26, 2011

ടൈറ്റാനിയം : ഉത്തരമില്ലാതെ മുഖ്യമന്ത്രി

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നതിന് തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി എസ്റ്റിമേറ്റ് 414 കോടിയായി കുതിച്ചുയര്‍ന്നത് ഏത് സാഹചര്യത്തിലെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായില്ല. അതേസമയം, ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്നാണെന്ന് നിയമസഭയിലെ ചര്‍ച്ച തെളിയിച്ചു.

ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വരുന്നത് യുഡിഎഫ് വല്ലാതെ ഭയക്കുന്നുണ്ടെന്ന് സഭയിലെ പ്രകടനം വ്യക്തമാക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നടപടിക്രമം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് വാദിച്ച് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. മറ്റു കാരണമൊന്നും അദ്ദേഹത്തിന് ഉന്നയിക്കാനായില്ല. ഉപകരണങ്ങള്‍ ഇറക്കുമതിചെയ്തത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് ആരോപിച്ച ഉമ്മന്‍ചാണ്ടി, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 62 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കിയതും 30 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയതും സംബന്ധിച്ച ചോദ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനെ പരിഹസിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചചെയ്യുന്നതുതന്നെ ശരിയല്ലെന്ന വാദവും ഉയര്‍ത്തി.

2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ നടപടിക്രമം പാലിക്കാതെ 256 കോടി രൂപയുടെ പദ്ധതിക്ക് തിരക്കിട്ട് കരാര്‍ നല്‍കിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ടെന്‍ഡര്‍ നടപടിക്രമം പാലിച്ചില്ലെന്നും ദുരൂഹസാഹചര്യത്തിലാണ് മെക്കോണ്‍ രംഗത്തുവരുന്നതെന്നും ചൂണ്ടിക്കാണിച്ച പ്രതിപക്ഷം, 256 കോടിയില്‍നിന്ന് പദ്ധതി എസ്റ്റിമേറ്റ് 414 കോടിയായി കുതിച്ചുയര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ആ ചോദ്യത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി വഴുതിമാറി.

തങ്ങളുടെ പദ്ധതി എല്‍ഡിഎഫ് നടപ്പാക്കിയതെന്തിനെന്ന് മറുചോദ്യമുന്നയിച്ച മുഖ്യമന്ത്രിക്ക് എളമരം കരീം കൃത്യമായ മറുപടി നല്‍കി. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് 2007ല്‍ പദ്ധതി റദ്ദാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദപദ്ധതിക്ക് അരങ്ങൊരുക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതും വിജിലന്‍സ് അന്വേഷണം നടത്തിയതും പിന്നീട് സിബിഐ അന്വേഷണ ആവശ്യമുന്നയിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ പദ്ധതിക്കുപകരം സുപ്രീംകോടതി നിര്‍ദേശമനുസരിച്ചുള്ള മലിനീകരണനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്താനായി 83 കോടി രൂപയുടെ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്നും കരീം വ്യക്തമാക്കി.

മെക്കോണ്‍ പദ്ധതിയെക്കുറിച്ച് മലിനീകരണനിയന്ത്രണബോര്‍ഡ് ഉന്നയിച്ച 12 തടസ്സങ്ങള്‍ നിലനില്‍ക്കെയാണ്, ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിക്ക് കത്ത് അയക്കുന്നത്. ബോര്‍ഡ് അനുമതി നല്‍കുന്നത് 2006 ഫെബ്രുവരി എട്ടിനാണ്. അനുമതി കിട്ടിയതായി കാണിച്ച് ഉമ്മന്‍ചാണ്ടി കത്ത് അയച്ചതാകട്ടെ ജനുവരി അഞ്ചിനും. മെക്കോണ്‍ കേന്ദ്രസ്ഥാപനമാണെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും വാദിച്ചെങ്കിലും കെഎംഎംഎല്ലിലടക്കമുള്ള ഇടപാടുകളില്‍ മെക്കോണിന്റെ കറുത്തകൈ പ്രതിപക്ഷം തുറന്നുകാണിച്ചു. ഏഴുദിവസത്തിനുള്ളില്‍ കമ്പനി പൂട്ടുന്നത് ഒഴിവാക്കാന്‍ കത്തയച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദവും സഭയില്‍ പൊളിഞ്ഞുവീണു. അഞ്ചുവര്‍ഷം കോടതിയുടെ അനുമതിയോടെ കമ്പനി പ്രവര്‍ത്തിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഈ വാദം തുറന്നുകാണിച്ചത്. കെ കെ രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും യുഡിഎഫ് അംഗങ്ങള്‍ മിണ്ടിയില്ല. വര്‍ക്ഷീറ്റില്ലാതെ പ്രവൃത്തി കരാര്‍ നല്‍കിയത് എങ്ങനെയെന്ന ചോദ്യവും ഉത്തരം കിട്ടാതെ ബാക്കിയായി.

ആക്ഷേപങ്ങള്‍ ശരിയെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു: വി എസ്

പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം ന്യായമായിരുന്നെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ധനവിനിയോഗബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണമെന്നു കേള്‍ക്കുമ്പോള്‍ ഭയക്കുന്നത് എന്തിനാണെന്നും വി എസ് ചോദിച്ചു.

പ്രതിപക്ഷം നിയമസഭയില്‍ ഇതുവരെ ഉന്നയിച്ച പല കാര്യങ്ങളും ഭാഗികമായെങ്കിലും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. കോഴിക്കോട് വെടിവയ്പിലേക്ക് നയിച്ച നിര്‍മല്‍ മാധവിന്റെ കോളേജ് പ്രവേശനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നാണ് പിന്നീട് അതിന്മേല്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞിട്ടാണ് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഒടുവില്‍ തെറ്റ് തിരുത്തേണ്ടിവന്നു. വിദ്യാര്‍ഥിയെ മറ്റൊരു കോളേജിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആര്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും പ്രതിപക്ഷം പറഞ്ഞത് ശരിവയ്ക്കുന്ന നടപടിയുണ്ടായി. ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഇരുപതുകൊല്ലം കേസുമായി നടന്നെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് തന്നെ ആക്ഷേപിച്ചത്. പിള്ള തടവില്‍ ഫോണ്‍വിളിച്ചത് തെറ്റെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം തടവ് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കുതന്നെ പിള്ള തെറ്റുചെയ്തെന്ന് പറയേണ്ടിവന്നു. എന്നിട്ടാണ് പ്രതിപക്ഷം പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്.

തന്നെ മാത്രമല്ല, കുടുംബാംഗങ്ങളെയും ആക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് യുഡിഎഫ് ഇപ്പോള്‍ അധഃപതിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കുറേക്കാലമായി കേള്‍ക്കുന്നതാണ്. 20 കൊല്ലം പരിശ്രമിച്ചാണ് പിള്ളയ്ക്ക് ഒരുകൊല്ലം തടവ്ശിക്ഷ വാങ്ങിക്കൊടുത്തത്. തീവണ്ടിക്കുമുന്നില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ മരിക്കാന്‍ സാഹചര്യം സൃഷ്ടിച്ച കൊലപാതകിയെ പുറത്തുകൊണ്ടുവരുന്നതുവെരെ താനും എല്‍ഡിഎഫിലെ 68 എംഎല്‍എമാരും പോരാട്ടം തുടരും.

പാമൊലിന്‍ കേസ് മുന്നോട്ടുപോവുകയാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ കയറ്റിയത് ടി എച്ച് മുസ്തഫയും സഖറിയ മാത്യുവുമാണ്. അല്ലാതെ പ്രതിപക്ഷനേതാവല്ല. സത്യം തെളിയട്ടെ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയും കൂട്ടരും വിജിലന്‍സ് ജഡ്ജിക്ക് അതിനുള്ള അവസരം നല്‍കാന്‍പോലും കൂട്ടാക്കിയില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ക്ഷമയോടെ കേട്ട് തെറ്റുകള്‍ തിരുത്താനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്. കുശുമ്പും പകയും പാടില്ലെന്ന് ഉമന്‍ചാണ്ടി പറയുന്നതിനോട് യോജിക്കുന്നു. പക നല്ലതല്ല. ഒരു വ്യക്തിയോടും എനിക്ക് പകയില്ല. ഭരണപക്ഷമാണ് അത് വച്ചുപുലര്‍ത്തുന്നത്. ചിലരുടെ സ്വഭാവത്തെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതും അതിനെതിരെ കേസ് നടത്തുന്നതും. അഴിമതിക്കാരും പെണ്‍കുട്ടികളെ അപമാനിക്കുന്നവരും മാന്യന്മാരായി ഞെളിഞ്ഞുനടക്കുന്നത് ഞങ്ങള്‍ എതിര്‍ക്കും. കുടുംബാംഗങ്ങളെയടക്കം ആക്ഷേപിച്ച് അതില്ലാതാക്കാമെന്ന് വിചാരിക്കുന്നവരെ പാവങ്ങളെന്നേ വിശേഷിപ്പിക്കാനാകൂവെന്നും വി എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി അധികാരം ദുര്‍വിനിയോഗിച്ചു: ഐസക്

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗീകാരം നല്‍കാതിരുന്ന ടൈറ്റാനിയം മലിനീകരണ നിയന്ത്രണ സംവിധാനം നടപ്പാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഇടപെടല്‍ നടത്തിയതായി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. 12 പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഈ എതിപ്പുകള്‍ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതായി അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച് ഐസക് പറഞ്ഞു.
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ കെ രാമചന്ദ്രന്റെ കൈയില്‍നിന്ന് വകുപ്പ് എടുത്തുമാറ്റിയ ദിവസം തന്നെ പദ്ധതിക്ക് ബോര്‍ഡ് അനുമതി നല്‍കിയത് അന്വേഷിക്കണം. 108 കോടി രൂപയുടെ ടെന്‍ഡര്‍ തള്ളിയാണ് 256 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുംമുമ്പെ മുഖ്യമന്ത്രി പദ്ധതിക്ക് തിടുക്കം കാട്ടി. അഴിമതിയെക്കുറിച്ച് എല്‍ഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. രാഷ്ട്രീയ ഇടപെടലും ഗൂഢാലോചനയും കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പരിശോധന നടത്തിയിട്ടില്ല.

മലിനീകരണ നിയന്ത്രണപദ്ധതി നടപ്പാക്കാന്‍ 2005ലാണ് യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് കരാര്‍ ഒപ്പിട്ടത്. 2005 ജനുവരി 28ന് മെക്കോണ്‍ സമര്‍പ്പിച്ച 256 കോടിയുടെ പദ്ധതി ഫെബ്രുവരി 19ന് അംഗീകരിച്ചു. 2005 മെയ് 19ന് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കി. പദ്ധതിയുടെ അവസാനഘട്ടത്തില്‍ വേണ്ട ആസിഡ് റിക്കവറി പ്ലാന്റിന്റെ ഉപകരണങ്ങള്‍ ആദ്യംതന്നെ ഇറക്കുമതി ചെയ്തു. മാലിന്യ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ മറ്റൊരു കമ്പനി നല്‍കിയ 108 കോടിയുടെ ടെന്‍ഡര്‍ തള്ളിയാണ് 256 കോടിയുടെ പദ്ധതി അംഗീകരിച്ചത്. പദ്ധതിച്ചെലവ് പിന്നീട് 414 കോടിയായി ഉയര്‍ത്തി. 72 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു.

മെക്കോണ്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണെങ്കിലും വിദേശ സ്വകാര്യക്കമ്പനികളെയാണ് പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയത്. തന്നെ പുകച്ചു പുറത്തുചാടിച്ചശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കെ കെ രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം എന്തുകൊണ്ട് പദ്ധതി തുടര്‍ന്നു എന്ന വാദം ഉന്നയിച്ച് തടിതപ്പാനാണ് യുഡിഎഫ് ശ്രമം. 2006ല്‍ ആരും പദ്ധതിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ , 2007ല്‍ 256 കോടിയുടെ പദ്ധതി അടങ്കല്‍ 414 കോടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മെക്കോണ്‍ എത്തിയതോടെ വിശദ പരിശോധന നടത്തി. ഇതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതോടെ പദ്ധതി നിര്‍ത്തി. വിജിലന്‍സ് അന്വേഷണവും ഏര്‍പ്പെടുത്തി. സിബിഐ അന്വേഷണത്തിന് രണ്ടു തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഐസക് പറഞ്ഞു.

ധൃതിപിടിച്ച് കരാര്‍ ഒപ്പിട്ടതില്‍ ദുരൂഹത: എളമരം കരീം

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാട്ടിയ അമിത താല്‍പ്പര്യത്തില്‍ ദുരൂഹതയുണ്ടെന്ന് എളമരം കരീം നിയമസഭയില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണബോര്‍ഡ് പദ്ധതിയെ ആദ്യം എതിര്‍ത്തെങ്കിലും ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു. ആരോപണവിധേയരായ മെക്കോണ്‍ക്കമ്പനിയുടെ പദ്ധതി അംഗീകരിക്കണമെന്നും ലോകായുക്തയില്‍ കേസ് വന്ന സാഹചര്യത്തില്‍ പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി മോണിട്ടറിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അയച്ച കത്തുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അമിതതാല്‍പ്പര്യത്തിന് വ്യക്തമായ തെളിവാണ് ഈ കത്തുകളെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കരീം പറഞ്ഞു.

ഫെഡോ എന്ന കമ്പനി 102 കോടി രൂപയുടെ പദ്ധതി നല്‍കിയത് സാമ്പത്തികലാഭം ഉണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് അട്ടിമറിച്ചാണ് മെക്കോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 59 കോടിമാത്രം ആസ്തിയുണ്ടായിരുന്ന ഘട്ടത്തിലാണ് ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയതും പിന്നീട് 414 കോടിയായി ഉയര്‍ത്തിയതും. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ആ കരാറിനെ ന്യായീകരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കരാര്‍ റദ്ദുചെയ്ത് ഏത് അന്വേഷണവുമാകാമെന്ന് 2007ല്‍ പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദേശക്കമ്പനികള്‍ ഉള്‍പ്പെട്ട ഇടപാടായതിനാല്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം രണ്ടുതവണ കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അന്വേഷണമാകാമെന്ന് സമ്മതിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സാധ്യമല്ലെന്നാണ് പറയുന്നത്. സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിലും ദൂരൂഹതയുണ്ട്. ആരൊക്കെയോ അന്വേഷണത്തെ ഭയപ്പെടുന്നു. ധാര്‍മികത പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തില്‍നിന്ന് ഒളിച്ചോടരുതെന്നും എളമരം കരീം പറഞ്ഞു.

സഭ ചര്‍ച്ചചെയ്ത 20-ാം അടിയന്തരപ്രമേയം

കേരള നിയമസഭയുടെ ചരിത്രത്തില്‍ 20-ാമത് അടിയന്തരപ്രമേയമാണ് ചൊവ്വാഴ്ച ചര്‍ച്ചചെയ്തത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള കരാറിലെ അഴിമതിസംബന്ധിച്ച് ഡോ. ടി എം തോമസ് ഐസക് നോട്ടീസ് നല്‍കിയ പ്രമേയം സഭ നിര്‍ത്തിവച്ച് രണ്ടു മണിക്കൂര്‍ ചര്‍ച്ചചെയ്തു. ചരിത്രത്തില്‍ അത് ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണംചെയ്തു.

13-ാം നിയമസഭയില്‍ ആദ്യമായാണ് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുന്നത്. പന്ത്രണ്ടാം നിയമസഭയില്‍ അഞ്ചു പ്രമേയം ചര്‍ച്ചചെയ്തു. ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ , വിലവര്‍ധന എന്നിവസംബന്ധിച്ച് ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച രണ്ടു പ്രമേയം ചര്‍ച്ചചെയ്തു. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏഴാംക്ലാസ് പാഠപുസ്തകത്തെക്കുറിച്ച് കെ എം മാണിയും മണ്‍സൂണ്‍ കാലവര്‍ഷത്തിലെ കെടുതികള്‍സംബന്ധിച്ച് കെ സുധാകരനും അവതരിപ്പിച്ച പ്രമേയങ്ങളും ചര്‍ച്ചചെയ്തു. 1958ല്‍ കെ കെ വിശ്വനാഥന്‍ , "61ല്‍ ടി എ തോമസ്, "68ല്‍ കെ കരുണാകരന്‍ , "73ല്‍ കെ എ ശിവരാമഭാരതി, "73ല്‍ ഇ എം എസ് നമ്പൂതിരിപ്പാട്, "74ല്‍ വി എസ് അച്യുതാനന്ദന്‍ , "88ല്‍ ഈപ്പന്‍ വര്‍ഗീസ്, "90ല്‍ ഉമ്മന്‍ചാണ്ടി, "94ല്‍ ടി കെ രാമകൃഷ്ണന്‍ , "95ല്‍ പിണറായി വിജയന്‍ , 2004ല്‍ കോടിയേരി ബാലകൃഷ്ണന്‍ , 2005ല്‍ ടി എം തോമസ് ഐസക് എന്നിവര്‍ നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്തു. അടിയന്തരപ്രമേയ ചര്‍ച്ച ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതും നടാടെ.

12.30ന് തുടങ്ങിയ ചര്‍ച്ച പൂര്‍ണസമയവും സംപ്രേഷണം ചെയ്തു. സഭാനടപടികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം, ബജറ്റ് പ്രസംഗം, ചോദ്യോത്തരവേള, സ്പീക്കര്‍ - ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് ഇപ്പോള്‍ തത്സമയ സംപ്രേഷണത്തിന് ചാനലുകളെ അനുവദിക്കുക. മുമ്പ് നേതാക്കളുടെ അനുശോചനയോഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. "98ല്‍ ഇ എം എസ്, 2004ല്‍ ഇ കെ നായനാര്‍ , 2005ല്‍ പി വി നരസിംഹറാവു എന്നിവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചത് സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചു. 2005ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കെതിരെ ജൂലൈ 12, 18, 19 തീയതികളില്‍ നടന്ന അവിശ്വാസപ്രമേയചര്‍ച്ചയും സംപ്രേഷണം ചെയ്തു. 2006 ഫെബ്രുവരി 6,7,8 തീയതികളില്‍ നടന്ന നന്ദിപ്രമേയചര്‍ച്ചയും ഏഴിന് ശൂന്യവേളനടപടികളും 16ന് ഉപധനാഭ്യര്‍ഥനചര്‍ച്ചയും തത്സമയം സംപ്രേഷണം ചെയ്തു.

deshabhimani 261011

1 comment:

  1. പ്രതിപക്ഷം നിയമസഭയില്‍ ഇതുവരെ ഉന്നയിച്ച പല കാര്യങ്ങളും ഭാഗികമായെങ്കിലും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. കോഴിക്കോട് വെടിവയ്പിലേക്ക് നയിച്ച നിര്‍മല്‍ മാധവിന്റെ കോളേജ് പ്രവേശനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നാണ് പിന്നീട് അതിന്മേല്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞിട്ടാണ് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഒടുവില്‍ തെറ്റ് തിരുത്തേണ്ടിവന്നു. വിദ്യാര്‍ഥിയെ മറ്റൊരു കോളേജിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആര്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും പ്രതിപക്ഷം പറഞ്ഞത് ശരിവയ്ക്കുന്ന നടപടിയുണ്ടായി. ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഇരുപതുകൊല്ലം കേസുമായി നടന്നെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് തന്നെ ആക്ഷേപിച്ചത്. പിള്ള തടവില്‍ ഫോണ്‍വിളിച്ചത് തെറ്റെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം തടവ് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കുതന്നെ പിള്ള തെറ്റുചെയ്തെന്ന് പറയേണ്ടിവന്നു. എന്നിട്ടാണ് പ്രതിപക്ഷം പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്.

    ReplyDelete