Sunday, October 30, 2011

എല്ലാ അഴിമതിക്കാര്‍ക്കുമെതിരെയാണ് യാത്രയെന്ന് അദ്വാനി

കര്‍ണാടകത്തില്‍ ബിജെപി മുഖ്യമന്ത്രി നടത്തിയ അഴിമതിക്കെതിരെ കൂടിയാണ് താന്‍ ജനചേതനയാത്ര നടത്തുന്നതെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാത്തരം അഴിമതിക്കുമെതിരാണ് തന്റെ യാത്ര. കേന്ദ്രത്തില്‍ അഴിമതിക്കുകാരണം മുന്നണിസംവിധാനത്തിലെ പോരായ്മയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അത് മുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണം. അക്കാര്യത്തില്‍ നയപരമായ തീരുമാനമുണ്ടാവണം.വിട്ടുവീഴ്ചയരുത്. സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രി ഭരിക്കുമ്പോള്‍ രാജ്യത്ത് വിലക്കയറ്റം വര്‍ധിച്ചുവരികയാണ്. കോണ്‍ഗ്രസ് സഖ്യകക്ഷികളെ മാത്രം കുറ്റം പറയുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഇത്ര കാലം സംരംക്ഷിച്ചതിന് അന്നത്തെ ഭരണാധികാരികളെ അനുമോദിക്കുന്നു.സ്വത്ത് എന്തുചെയ്യണമെന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്വാനി പറഞ്ഞു.

ഭൂമിതട്ടിപ്പ്: കര്‍ണാടക വ്യവസായ മന്ത്രിക്കെതിരെയും കേസ്

ബംഗളൂരു: ഭൂമി തട്ടിപ്പുകേസില്‍ കര്‍ണാടക വന്‍കിട വ്യവസായമന്ത്രി മുരുകേഷ് ആര്‍ നിരാനിക്കെതിരെയും ലോകായുക്ത കേസെടുത്തു. വ്യാവസായികാവശ്യത്തിനായി നീക്കിവച്ച ഭൂമി പുനര്‍വിജ്ഞാപനം ചെയ്തു തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. അഴിമതിക്കെതിരെ എല്‍ കെ അദ്വാനി നയിക്കുന്ന ജനചേതനാ യാത്ര ഞായറാഴ്ച ബംഗളൂരുവില്‍ എത്താനിരിക്കെ ഉയര്‍ന്ന പുതിയ കേസ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

സദാനന്ദഗൗഡ സര്‍ക്കാരില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് നിരാനി. ഭൂമി കുംഭകോണക്കേസില്‍ ആഭ്യന്തരമന്ത്രി ആര്‍ അശോകിനെതിരെ ലോകായുക്ത നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും മുന്‍മന്ത്രി കട്ട സുബ്രഹ്മണ്യവും ഭൂമികുംഭകോണക്കേസില്‍ റിമാന്‍ഡിലാണ്. ഖനന അഴിമതിക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത മുന്‍മന്ത്രി ജനാര്‍ദ്ദനറെഡ്ഡി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നിരാനിക്കെതിരെ വ്യവസായി ആലംപാഷ നല്‍കിയ പരാതി അന്വേഷിച്ച് നിയമനടപടി കൈക്കൊള്ളാന്‍ ലോകായുക്ത കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുരുകേഷ് ആര്‍ നിരാനിക്കു പുറമെ സഹോദരന്‍ എച്ച് ആര്‍ നിരാനിയടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ദേവനഹള്ളി, ദെബ്ബാസ്പേട്ട് എന്നിവിടങ്ങളില്‍ 27 ഏക്കര്‍ സ്ഥലം പുനര്‍വിജ്ഞാപനത്തിലൂടെ ഇവര്‍ തട്ടിയെടുത്തുവെന്നും ഇതിലൂടെ സംസ്ഥാനസര്‍ക്കാരിന് 130 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. വ്യോമാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കിവച്ച പ്രത്യേക സാമ്പത്തിക മേഖലയില്‍പ്പെട്ട ഭൂമിയാണ് മന്ത്രിയും കൂട്ടാളികളും സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ബംഗളൂരുവില്‍ നടന്ന ആഗോള നിക്ഷേപസംഗമത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. മന്ത്രിയും സംഘവും വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് നിക്ഷേപസംഗമത്തിന്റെ പദ്ധതികള്‍ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറഞ്ഞു. ഇതിനുപുറമെ വ്യാജ കമ്പനികളുടെ പേരില്‍ വിവിധ ബാങ്കില്‍ നിന്ന് 500 കോടി രൂപ വായ്പ തരപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ണാടകത്തില്‍ അദ്വാനിയുടെ യാത്ര ആര്‍ക്കെതിരെ: സിപിഐ എം

ബംഗളൂരു: അഴിമതിക്കെതിരെ എല്‍ കെ അദ്വാനി നടത്തുന്ന ജനചേതനയാത്ര കര്‍ണാടകത്തില്‍ ആര്‍ക്കെതിരെയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി വി ജെ കെ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയടക്കം നിരവധി നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലാണ്. ഖനനഅഴിമതി, ഭൂമി ഇടപാട് എന്നിവയില്‍ ബിജെപി നേതാക്കളുള്‍പ്പെട്ട കോടികളുടെ അഴിമതിയാണ് പുറത്തുവന്നത്. കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന അദ്വാനി ഉപപ്രധാനമന്ത്രിയായും കേന്ദ്ര ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ച സമയത്ത് എന്തു ചെയ്തുവെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഖനന അഴിമതിയില്‍ കുറ്റാരോപിതനായ സമയത്ത് യെദ്യൂരപ്പ മൗറീഷ്യസിലേക്ക് പോയത് എന്തിനെന്ന് വ്യക്തമാക്കണം.

ബല്ലാരിയിലെ ഖനനത്തട്ടിപ്പിന് അറസ്റ്റിലായ ജനാര്‍ദനറെഡ്ഡി സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി ദേശീയ പ്രസിഡന്റിന് ഉപഹാരമായി ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവാളാണ്. ലോകായുക്ത റിപ്പോര്‍ട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ലോകായുക്ത റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കണം. അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണം-വി ജെ കെ ആവശ്യപ്പെട്ടു.

19 ജില്ലകള്‍ വരള്‍ച്ചാബാധിതമായിട്ടും പ്രശ്നപരിഹാരത്തിന് നടപടി കൈക്കൊണ്ടിട്ടില്ല. വൈദ്യുതി, കുടിവെള്ളപ്രശ്നം അതി രൂക്ഷമാണ്. പട്ടിണിയെത്തുടര്‍ന്ന് നിരവധി കുട്ടികളാണ് മരിച്ചത്. അഴിമതിക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ 29ന് ബംഗളൂരു മൈസൂരു ബാങ്ക് സര്‍ക്കിളിലും 30ന് മംഗളൂരുവിലും സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ജി എന്‍ നാഗരാജ്, എസ് വൈ ഗുരുശാന്ത്, സംസ്ഥാനകമ്മിറ്റിയംഗം ബാലകൃഷ്ണഷെട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 301011

No comments:

Post a Comment