Saturday, October 29, 2011

മന്ത്രിയുടെ സംസ്കാര ശൂന്യത

പ്രതിപക്ഷനേതാവും സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാന്ദനെതിരെ വനം-ചലച്ചിത്ര മന്ത്രിയായ ഗണേശ് കുമാറിന്റെ സമനില തെറ്റിയ ആക്രോശവും ഹാലിളക്കവും മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണ് എന്നതില്‍ ഭരണപക്ഷംപോലും തര്‍ക്കിക്കാനിടയില്ല. സംസ്കാര ശൂന്യതയുടെ പ്രതിഫലനമായാണ് അതിനെ സംസ്കാര സമ്പന്നരായ ബഹുജനങ്ങള്‍ കാണുന്നത്. പത്തനാപുരത്ത്ഒരു പൊതുയോഗത്തിലാണ് ഗണേശ് കുമാറിന്റെ ആഭാസകരമായ പ്രസംഗമുണ്ടായത്. ഗണേശ് കുമാര്‍ പ്രയോഗിച്ച ഭാഷയ്ക്ക് അതേ ശൈലിയില്‍ മറുപടി പറയാന്‍ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല. സാംസ്കാരിക മന്ത്രിയുടെ തെറിപ്രസംഗം ഒരു തവണ പകര്‍ത്താന്‍പോലും കൊള്ളാത്തതാണ്. മന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ സ്വാതന്ത്രമുണ്ട് എന്ന് ഗണേശ് കുമാര്‍ കരുതുന്നുണ്ടായിരിക്കാം. ആ ധാരണ അഹന്തയും ധിക്കാരവും അതോടൊപ്പം അല്പത്തവുമാണ്. മന്ത്രി എന്ന പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളാണ് ഗണേശ് കുമാര്‍ എന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്.

മന്ത്രിയുടെ ആഭാസകരമായ പ്രസംഗം ടെലിവിഷന്‍ ചാനലുകളിലൂടെ കാണാനും കേള്‍ക്കാനും കഴിഞ്ഞ ജനങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധവും രോഷപ്രകടനവുമാണ് അലയടിച്ചുയര്‍ന്നത്. അത് യുഡിഎഫ് നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായി എന്നുവേണം കരുതാന്‍ . യുഡിഎഫ് നേതൃത്വത്തില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടലുണ്ടായി. നിയമസഭയില്‍ പ്രതിപക്ഷം അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്നം ഉന്നയിച്ചു. ജനങ്ങളുടെ പ്രതിഷേധവും ആത്മരോഷവും സഭയില്‍ പ്രതിഫലിപ്പിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. അതോടെ നിയമസഭയില്‍ പതിവുപോലെ ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിയാതെ പോയി. ഗണേശ് കുമാറിനുവേണ്ടി സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നു പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. അത്രയും നല്ലത്. ഗണേശ് കുമാറും ബഹുജനരോഷം ഭയന്ന് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ചെയ്ത കുറ്റത്തിന് ഖേദപ്രകടനമോ മാപ്പപേക്ഷയോ ഒക്കെ നടത്തി. എന്നാല്‍ അത് താല്‍ക്കാലിക രക്ഷയ്ക്കുള്ള സൂത്രമായേ പലരും കരുതുന്നുള്ളൂ. ആഭാസകരമായ വികാരപ്രകടനത്തിന് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം വ്യഥാശ്രമം നടത്തിയതായും കാണുന്നു.

ഗണേശ് കുമാറിന്റെ പിതാവ് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ കഴിയേണ്ടി വന്നത് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയെ തുടര്‍ന്നാണ്. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലത്ത് ഇടമലയാറില്‍ അഴിമതി നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് കോടതി കഠിന തടവ് വിധിച്ചത്. വെറും തടവും കഠിന തടവും ഒന്നല്ല. ചെയ്ത കുറ്റത്തിന് അഞ്ചുവര്‍ഷം കഠിന ശിക്ഷ അനുഭവിക്കാന്‍ ബാലകൃഷ്ണപിള്ള അര്‍ഹനാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ പ്രായാധിക്യവും അഴിമതിക്കേസിന്റെ കാലപ്പഴക്കവും പരിഗണിച്ച് ശിക്ഷ ഒരു വര്‍ഷമായി ചുരുക്കുകയാണ് ചെയ്തത്. ഭരണസ്വാധീനമുള്ളതുകൊണ്ടും ഗണേശ് കുമാര്‍ മന്ത്രിയായതുകൊണ്ടും യുഡിഎഫിന്റെ ഭൂരിപക്ഷം നാമമാത്രമാണ് എന്നതുകൊണ്ടുമാണ് കഠിനശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര ആശുപത്രിയില്‍ സസുഖം വാഴുന്നത്. ഗണേശ് കുമാര്‍ പങ്കെടുത്ത മന്ത്രിസഭായോഗമാണ് പിള്ളയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചതെന്നുകാണുന്നു. സാധാരണ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന രീതിയിലല്ല ബാലകൃഷ്ണപിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. എല്ലാകാര്യത്തിലും അദ്ദേഹത്തിന് അതിരുകവിഞ്ഞ പരിഗണന ലഭിച്ചു. പിന്നെന്തിന് ഗണേശ് കുമാര്‍ വികാരാധീനനാകണം?

അദ്ദേഹം അഭിനയിക്കാന്‍ സാമര്‍ഥ്യമുള്ള ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വികാരപ്രകടനം നടത്തുന്നതും സഹതാപം പിടിച്ചുപറ്റാന്‍ ശ്രമം നടത്തുന്നതും സ്വാഭാവികം മാത്രം. എന്നാല്‍ വി എസിനെതിരെയുള്ള ആഭാസകരമായ പ്രസംഗം മാപ്പര്‍ഹിക്കുന്നില്ല. അഭിനയംകൊണ്ട് അത് മറച്ചുപിടിക്കാന്‍ കഴിയില്ല. ഗണേശ്കുമാര്‍ മന്ത്രിപദം എത്രയും വേഗം ഒഴിയുകയാണ് വേണ്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ഇതിനകം പലതവണ തുറന്നുകാട്ടിയതാണ്. അഴിമതി നടത്താനുള്ള അവസരം പാഴാക്കരുത് എന്നകാര്യത്തിലാണ് മന്ത്രിസഭയില്‍ യോജിപ്പുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അടങ്ങാത്ത അമര്‍ഷമാണ് വളര്‍ന്നുവരുന്നത്. രണ്ടാഴ്ചമുമ്പ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും എല്‍ഡിഎഫ് ആണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ച രണ്ട് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണുണ്ടായതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ദുര്‍ഭരണം കാരണം ജനങ്ങളില്‍ നിന്ന് അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം ഫലിക്കാന്‍ പോകുന്നില്ല. ബഹുമാന്യനായ വി എസിനെതിരെയുള്ള മന്ത്രി ഗണേശ്കുമാറിന്റെ ജല്‍പ്പനത്തില്‍ ഞങ്ങള്‍ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

deshabhimani editorial 291011

1 comment:

  1. പ്രതിപക്ഷനേതാവും സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാന്ദനെതിരെ വനം-ചലച്ചിത്ര മന്ത്രിയായ ഗണേശ് കുമാറിന്റെ സമനില തെറ്റിയ ആക്രോശവും ഹാലിളക്കവും മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണ് എന്നതില്‍ ഭരണപക്ഷംപോലും തര്‍ക്കിക്കാനിടയില്ല. സംസ്കാര ശൂന്യതയുടെ പ്രതിഫലനമായാണ് അതിനെ സംസ്കാര സമ്പന്നരായ ബഹുജനങ്ങള്‍ കാണുന്നത്. പത്തനാപുരത്ത്ഒരു പൊതുയോഗത്തിലാണ് ഗണേശ് കുമാറിന്റെ ആഭാസകരമായ പ്രസംഗമുണ്ടായത്. ഗണേശ് കുമാര്‍ പ്രയോഗിച്ച ഭാഷയ്ക്ക് അതേ ശൈലിയില്‍ മറുപടി പറയാന്‍ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല. സാംസ്കാരിക മന്ത്രിയുടെ തെറിപ്രസംഗം ഒരു തവണ പകര്‍ത്താന്‍പോലും കൊള്ളാത്തതാണ്. മന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ സ്വാതന്ത്രമുണ്ട് എന്ന് ഗണേശ് കുമാര്‍ കരുതുന്നുണ്ടായിരിക്കാം. ആ ധാരണ അഹന്തയും ധിക്കാരവും അതോടൊപ്പം അല്പത്തവുമാണ്. മന്ത്രി എന്ന പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളാണ് ഗണേശ് കുമാര്‍ എന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്.

    ReplyDelete