Sunday, October 30, 2011

ജോര്‍ജിന്റെ പരാമര്‍ശം അവകാശലംഘനം

നിയമസഭയില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാരും വനിതാവാച്ച് ആന്‍ഡ് വാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സ്പീക്കറുടെ റൂളിങ്ങിനു വിരുദ്ധമായി പ്രസംഗിച്ച ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ നടപടി പ്രഥമദൃഷ്ട്യാ അവകാശലംഘനം. തന്റെ റൂളിങ്ങിനെ ധിക്കരിച്ച പി സി ജോര്‍ജിനെതിരെ രേഖാമൂലം പരാതി കിട്ടിയില്ലെങ്കിലും സ്പീക്കര്‍ക്ക് സ്വമേധയാ നടപടിയെടുക്കാവുന്നതാണെന്ന് നിയമസഭാ നടപടിച്ചട്ടം പറയുന്നു.

14നു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 17നാണ് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭയില്‍ സുപ്രധാനമായ റൂളിങ് നല്‍കിയത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയേറ്റം സംബന്ധിച്ച പരാതിയെക്കുറിച്ചുള്ള റൂളിങ് ഇപ്രകാരമാണ്: "അംഗങ്ങള്‍ രണ്ടു പേരും വാച്ച് ആന്‍ഡ് വാര്‍ഡ് തീര്‍ത്ത വലയം ഭേദിച്ച് ചെയറിന്റെ ഡയസില്‍ എത്താന്‍ നടത്തിയ ശ്രമത്തിനിടെയാണ് വനിതാ ജീവനക്കാരിക്ക് ഇത്തരം അനുഭവമുണ്ടായത്. ഇത് നമ്മുടെ അംഗങ്ങളുടെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായി ഉണ്ടായ നടപടിയായി കരുതുന്നില്ല. അവര്‍ ആ ഉദ്ദേശ്യത്തോടുകൂടിയാണ് അങ്ങോട്ടുപോയതെന്നും ചെയര്‍ കരുതുന്നില്ല. മുന്നോട്ടുപോയതിനിടയില്‍ വന്ന, ആ കൂട്ടമായിട്ടുണ്ടായ സംഭവത്തില്‍ ഉണ്ടായതായിരിക്കും".

ജയിംസ് മാത്യുവും ടി വി രാജേഷും റൂളിങ്ങില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് സസ്പെന്‍ഡ് ചെയ്തത്. അതേ മാനദണ്ഡം അംഗമെന്ന നിലയില്‍ പി സി ജോര്‍ജിനും ബാധകമാണ്. 2010 ഏപ്രില്‍ എട്ടിനു നിലവില്‍ വന്ന നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം അഞ്ച് (11)ല്‍ സ്പീക്കറുടെ റൂളിങ് ചോദ്യം ചെയ്യുകയോ അതിനെക്കുറിച്ച് പരാമര്‍ശം നടത്തുകയോ പാടില്ലെന്നു പറയുന്നു. ഇതനുസരിച്ച് ജോര്‍ജിനെതിരെ ചട്ടലംഘനത്തിനും നടപടിയെടുക്കാം.

നിയമസഭയില്‍ ഒരംഗം പറയാത്ത കാര്യം പറഞ്ഞെന്ന് പുറത്ത് പ്രസംഗിച്ചതിന്റെ പേരിലും ജോര്‍ജിനെതിരെ അവകാശലംഘന നടപടിയെടുക്കാം. എ കെ ബാലന്‍ മന്ത്രി ഗണേശ്കുമാറിനെ "മിസ്റ്റര്‍ ഗണേശ്" എന്നു വിളിച്ചെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. എ കെ ബാലന്‍ സഭയില്‍ അത്തരത്തില്‍ സംബോധന ചെയ്യുകയോ സ്പീക്കര്‍ അദ്ദേഹത്തെ തിരുത്തുകയോ ചെയ്തിട്ടില്ലെന്ന് സഭാ രേഖകളില്‍ വ്യക്തമാണ്. രണ്ടു പ്രശ്നത്തിലും ജോര്‍ജ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെങ്കിലും നടപടിയെടുക്കേണ്ടത് സ്പീക്കറാണ്. സ്പീക്കര്‍ അതു സ്വീകരിക്കുമോയെന്നതാണ് നിയമവൃത്തങ്ങളുള്‍പ്പെടെ ഉറ്റുനോക്കുന്നത്.

ജോര്‍ജിനെതിരെ സംയുക്ത മഹിളാപ്രക്ഷോഭം

കണ്ണൂര്‍ : സ്ത്രീ സമൂഹത്തിനാകെ അപമാനകരമായ പ്രസ്താവന തുടരുന്ന ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ വനിതാ സംഘടനകള്‍ സംയുക്തമായി പ്രശ്നം ഏറ്റെടുക്കും. നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത് മഹിള കണ്‍വന്‍ഷന്‍ ചേരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ , കേരള മഹിളാ സംഘം, മഹിളാ ജനതാദള്‍ , ഐക്യ മഹിളാസംഘം, മഹിളാ കോണ്‍ഗ്രസ് എസ്, മഹിളാ കേരള കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വനിതകള്‍ക്കെതിരായ കടന്നാക്രമണം തടയുന്നതിന് നിയമജ്ഞരുമായി ആലോചിച്ച് നടപടി സ്വീകരിക്കും.

പി സി ജോര്‍ജ് പത്തനാപുരത്ത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനും ഐഷാ പോറ്റി എംഎല്‍എക്കുമെതിരെ നടത്തിയ പദപ്രയോഗങ്ങള്‍ സംസ്കാരശൂന്യവും മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതുമാണ്. മന്ത്രി കെ ബി ഗണേശ്കുമാര്‍ ഇതേ പൊതുയോഗത്തിലാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ നിന്ദ്യമായ ഭാഷയില്‍ അപമാനിച്ചത്. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന് പി സി ജോര്‍ജ് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ദൃശ്യം കണ്ടശേഷം അത്തരമൊരു കൈയേറ്റമുണ്ടായില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതാണ്. അതിനുശേഷവും ജോര്‍ജ് ആക്ഷേപം തുടരുകയാണ്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുതന്നെ അപമാനകരമായ ലൈംഗിക- ആഭാസച്ചുവയുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. അപമാനം പേറാന്‍ നിര്‍ബന്ധിതയായ പൊലീസുദ്യോഗസ്ഥ ജോര്‍ജിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഐഷാ പോറ്റിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ദുഃസൂചനയും നിന്ദ്യമായ ആംഗ്യവിക്ഷേപത്തോടെയുള്ളതുമായിരുന്നു. അവരും നടപടി സ്വീകരിക്കും.

ചീഫ്വിപ്പ് പദവി ഉപയോഗിച്ചാണ് അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ഇത്തരത്തില്‍ അദ്ദേഹത്തെ മുന്നോട്ടുപോകാന്‍ അനുവദിക്കണോയെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും. ഇവര്‍ക്കെതിരെ കേസെടുത്ത് നിയമസഭാംഗത്വത്തില്‍നിന്ന് പുറത്താക്കണം. മുഴുവന്‍ സ്ത്രീകളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കണ്‍വന്‍ഷന്‍ രൂപം നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു. എന്‍ സുകന്യ, കെ ലീല, കെ വി ഉഷ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് പരാതി നല്‍കും

ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് രജനി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കും. പത്തനാപുരത്തെ പൊതുയോഗത്തില്‍ രജനിയെ അപമാനിച്ച് പ്രസംഗിച്ചതിനെതിരെയാണ് പരാതി. പ്രതിപക്ഷാംഗങ്ങള്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. സഭയ്ക്ക് പുറത്ത് പി സി ജോര്‍ജ് പത്രക്കാരോട് ഇതേക്കുറിച്ച് മ്ലേഛമായ ഭാഷയില്‍ സംസാരിച്ചു. സഭാനടപടികളുടെ വീഡിയോദൃശ്യം പരിശോധിച്ചപ്പോള്‍ രജനിയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായി. ഈ സംഭവത്തെതുടര്‍ന്ന് മാനസികമായി തകര്‍ന്ന് ലീവില്‍പോയ രജനിയെ പത്തനാപുരം പ്രസംഗത്തില്‍ പി സി ജോര്‍ജ് വീണ്ടും പരസ്യമായി അപമാനിച്ചു. പുരുഷ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് രജനിക്ക് മര്‍ദനമേറ്റതെന്നും താന്‍ വനിതാ ഡോക്ടറെ വിളിച്ചുവരുത്തിയെന്നും ജോര്‍ജ് പൊതുയോഗത്തില്‍ പ്രസംഗിച്ചു. രജനി വലിയ വായില്‍ കരയുകയായിരുന്നെന്നും ജോര്‍ജ് പൊതുയോഗത്തില്‍ അവകാശപ്പെട്ടിരുന്നു. ജോര്‍ജിന്റെ അപമാനകരമായ നടപടിക്കെതിരെയാണ് പരാതി. അതേസമയം, പരാതി നല്‍കുന്നത് തടയാന്‍ യുഡിഎഫ് ഉന്നതര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

സഭയില്‍ തനിക്ക് മര്‍ദനമേറ്റില്ലെന്നും ഉന്തും തള്ളിനുമിടയില്‍ വീണതാണെന്നും രജനി നേരത്തേ പറഞ്ഞിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് കൈയേറ്റംചെയ്തതെന്ന് പറയിപ്പിച്ചത്. രജനിയെ അപമാനിച്ച ജോര്‍ജിന്റെ പ്രസംഗം പൊലീസ് സേനയില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു. വനിതാ പൊലീസുകാരിയെ അപമാനിച്ച ജോര്‍ജ് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന് അവര്‍ കരുതുന്നില്ല. പൊലീസ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിന്റെ മൗനവും പ്രതിഷേധത്തിനിടയാക്കി.

deshabhimani 301011

1 comment:

  1. നിയമസഭയില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാരും വനിതാവാച്ച് ആന്‍ഡ് വാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സ്പീക്കറുടെ റൂളിങ്ങിനു വിരുദ്ധമായി പ്രസംഗിച്ച ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ നടപടി പ്രഥമദൃഷ്ട്യാ അവകാശലംഘനം. തന്റെ റൂളിങ്ങിനെ ധിക്കരിച്ച പി സി ജോര്‍ജിനെതിരെ രേഖാമൂലം പരാതി കിട്ടിയില്ലെങ്കിലും സ്പീക്കര്‍ക്ക് സ്വമേധയാ നടപടിയെടുക്കാവുന്നതാണെന്ന് നിയമസഭാ നടപടിച്ചട്ടം പറയുന്നു.

    ReplyDelete