Monday, October 31, 2011

ബി എസ് എന്‍ എല്‍ സ്വയംവിരമിക്കല്‍പദ്ധതി ഒരു ലക്ഷം പേരെ ഒഴിവാക്കാന്‍ നീക്കം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ ബി എസ് എന്‍ എല്‍ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കാന്‍ വീണ്ടും നീക്കം. തന്ത്രപ്രധാനമായ ടെലികോം മേഖലയെ കുത്തകകള്‍ക്കുവേണ്ടി സ്വകാര്യവത്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ബി എസ് എന്‍ എല്ലിനെ സാമ്പത്തിക ക്ഷമമാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട സാം പിട്രോഡ കമ്മറ്റിയാണ് വി ആര്‍ എസിലൂടെയോ, തത്തുല്യമായ പദ്ധതികളിലൂടെയോ ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ മാനേജ്‌മെന്റ് കഴിഞ്ഞ സെപ്തംബര്‍ 12 ന് വീണ്ടും കേന്ദ്ര സര്‍ക്കാരിന് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പിലാക്കണമെന്നുള്ള ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. 2.76 ലക്ഷം ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്.

കമ്പനി നഷ്ടത്തിലാണെന്നും ഇതു മറികടക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തണമെന്നുമാണ് മാനേജ്‌മെന്റും കേന്ദ്ര സര്‍ക്കാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബി എസ് എന്‍ എല്‍ കമ്പനിയാക്കുന്ന അവസരത്തില്‍ മൂന്നു ലക്ഷത്തിലധികം ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ എട്ടുവര്‍ഷവും ലാഭകരമായി തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി മൊബൈല്‍ വികസനം അട്ടിമറിക്കപ്പെട്ടതാണ് കമ്പനിയുടെ വരുമാനത്തില്‍ കുറവ് വരാനിടയാക്കിയത്. കൂടാതെ തനതായ വരുമാനസ്രോതസ്സുകള്‍ ഇല്ലാതാക്കുകയും കോര്‍പ്പറേറ്റ് ടാക്‌സ്, സ്‌പെക്ട്രം ചാര്‍ജ് എന്നിവയ്ക്ക് ഇളവ് അനുവദിക്കാതിരിക്കുകയും കൂടിയായപ്പോള്‍ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. പതിനായിരം കോടി രൂപ വരെ ലാഭമുണ്ടായിരുന്നിടത്തുനിന്നും കമ്പനി 2009-10 വര്‍ഷം 1823 കോടി രൂപയും, 2010-11 വര്‍ഷത്തില്‍ ആറായിരം കോടി രൂപയും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2002 ല്‍ മൊബൈല്‍ രംഗത്തേക്ക് കടന്നുവന്ന കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സേവനം നല്‍കിയതുവഴി ഒന്നാംസ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ ഇന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ പിരിഞ്ഞുപോകുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ ശരാശരി വയസ് 49 ആയിട്ടാണ് കണക്കാക്കുന്നത്. ഇതുപ്രകാരം 15 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 7760-13320 (എന്‍ ഇ - 1) രൂപ ശമ്പള സ്‌കെയിലിലുള്ള ഒരു ജീവനക്കാരന്‍ വി ആര്‍ എസ് എടുത്താല്‍ 13,47,138 രൂപ ലഭിക്കുമെന്നും ഇതിന്റെ ബാങ്ക് പലിശയായി പ്രതിമാസം 11,226 രൂപയോളം ജീവനക്കാരന് ലഭിക്കുമെന്ന് മോഹിപ്പിക്കുകയുമാണ്. എന്നാല്‍ എക്‌സ്‌ഗ്രേഷ്യ ഇനത്തില്‍ ലഭിക്കുന്ന 7,68,648 രൂപയുടെ 30 ശതമാനം വരുമാന നികുതി അടയ്‌ക്കേണ്ടിവരുമെന്ന കാര്യം സൂചിപ്പിക്കുന്നില്ല. ഡി പി ഇ ഗൈഡ്‌ലൈന്‍സ് പ്രകാരം മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ളതും വി ആര്‍ എസ് പദ്ധതി നടപ്പാക്കാനാവശ്യമായ മിച്ച വരുമാനമുള്ളതുമായ കമ്പനികള്‍ക്കു മാത്രമാണ് 60 ദിവസത്തെ എക്‌സ്‌ഗ്രേഷ്യ നല്‍കാനാവുകയുള്ളു. ആ നിലയ്ക്ക് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്ലില്‍ ഇതു ബാധകമാവില്ലെന്നതും വസ്തുയാണ്.

സ്വയംവിരമിക്കല്‍ എന്നു പറയുമ്പോഴും വ്യക്തമായ ഒരു ഹിഡന്‍ അജണ്ട മാനേജ്‌മെന്റിനുണ്ടെന്നത് വ്യക്തമാണ്. ഗ്രൂപ്പ് എ യില്‍ 1483 പേരെയും ബി പ്രകാരം 6282 പേരെയും സി വിഭാഗത്തില്‍ 76,655 പേരെയും, ഡി വിഭാഗത്തിലെ 15,214 ജീവനക്കാരെയും ഒഴിവാക്കണമെന്നാണ് പിട്രാഡോ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നത്. തുടര്‍ന്ന് കമ്പനിയില്‍ ഏകദേശം 25,000 ത്തോളം ജീവനക്കാരായി പരിമിതപ്പെടുത്തി സ്വകാര്യവത്കരണമാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഈ നീക്കത്തിനെതിരെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്നും കമ്പനിയെ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബി എസ് എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി എസ് പീതാംബരന്‍ പറഞ്ഞു.

ഷാജി ഇടപ്പള്ളി janayugom 311011

1 comment:

  1. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ ബി എസ് എന്‍ എല്‍ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കാന്‍ വീണ്ടും നീക്കം. തന്ത്രപ്രധാനമായ ടെലികോം മേഖലയെ കുത്തകകള്‍ക്കുവേണ്ടി സ്വകാര്യവത്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ബി എസ് എന്‍ എല്ലിനെ സാമ്പത്തിക ക്ഷമമാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട സാം പിട്രോഡ കമ്മറ്റിയാണ് വി ആര്‍ എസിലൂടെയോ, തത്തുല്യമായ പദ്ധതികളിലൂടെയോ ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ മാനേജ്‌മെന്റ് കഴിഞ്ഞ സെപ്തംബര്‍ 12 ന് വീണ്ടും കേന്ദ്ര സര്‍ക്കാരിന് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പിലാക്കണമെന്നുള്ള ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. 2.76 ലക്ഷം ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്.

    ReplyDelete