Monday, October 31, 2011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു




സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി.

എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു.

1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു.

അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

മികച്ച സാമാജികന്‍

നിയമസഭ കണ്ട മികച്ച സാമാജികന്‍ എന്ന് ടി എം ജേക്കബിനെ വിശേഷിപ്പിച്ചത് സി അച്യുതമേനോന്‍ . കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ രണ്ട് പതിറ്റാണ്ടോളം സ്വന്തം പേരിനൊപ്പം ചേര്‍ത്ത് നയിച്ചാണ് ടി എം ജേക്കബ് കേരള രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങിയത്.

വിദ്യാര്‍ഥിയായിരിക്കെ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭൂമികയിലേക്കിറങ്ങിയ ജേക്കബിന്റെ വളര്‍ച്ചയും ദ്രുതഗതിയിലായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ 111 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യകക്ഷികള്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണമുന്നണിയിലെ 111 പേരില്‍ 26 കാരനായ ജേക്കബുമുണ്ടായിരുന്നു; സഭയിലെ ബേബിയായി. തുടക്കം മുതല്‍ ആ 26 കാരന്‍ സഭയില്‍ ശ്രദ്ധേയനായി. 1982ല്‍ 32-ാമത്തെ വയസില്‍ സുപ്രധാന വകുപ്പായ വിദ്യാഭ്യാസ വകുപ്പിന്റെ അമരക്കാരനാകുന്നതും ജേക്കബിലെ മികച്ച സാമാജികന് ലഭിച്ച അംഗീകാരമായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജേക്കബ് മുന്നോട്ടുവച്ച പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു. എതിര്‍പ്പുയര്‍ന്നപ്പോഴും ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അദ്ദേഹം തയ്യാറായില്ല. പ്രീഡിഗ്രി ബോര്‍ഡിനെക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ ആകെയുള്ള ഒരുമണിക്കൂറും ഉത്തരം പറഞ്ഞ് ജേക്കബ് റെക്കോഡിട്ടത് 1986 ജൂണ്‍ 24 നായിരുന്നു. കോട്ടയം ആസ്ഥാനമാക്കി മഹാത്മാഗാന്ധി സര്‍വകലാശാല രൂപീകരിച്ചതും സംസ്ഥാനത്ത് ജലനയത്തിന് രൂപം നല്‍കുന്നതും അദ്ദേഹത്തിന്റെ ഭരണ കാലയളവിലായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വര്‍ണക്കപ്പിന്റെ പകിട്ട് നല്‍കിയതും ജേക്കബ് തന്നെ.

deshabhimani news

1 comment: