Friday, October 28, 2011

വയലാര്‍ രണധീരര്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി


രാജവാഴ്ചയ്ക്കും സര്‍ സി പിയുടെ അമേരിക്കന്‍ മോഡല്‍ കിരാതഭരണത്തിനുമെതിരെ ചോറ്റുപട്ടാളത്തോടേറ്റുമുട്ടി വീരമൃത്യു വരിച്ച് സ്വാതന്ത്ര്യസമരചരിത്രത്തില്‍ ചുവപ്പനധ്യായം എഴിതിച്ചേര്‍ത്ത വയലാര്‍ രക്തസാക്ഷികള്‍ക്ക് പതിനായിരങ്ങളുടെ ശ്രദ്ധാഞ്ജലി. തൊഴിലാളിവര്‍ഗ സമരമുന്നേറ്റങ്ങളില്‍ ആവേശത്തിന്റെ കൊടുങ്കാറ്റുവിതച്ച രണധീരര്‍ക്ക് മരണമില്ലെന്നു പ്രഖ്യാപിച്ച് നാടാകെ വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ സംഗമിച്ച് പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രക്തസാക്ഷി കുടുംബാംഗങ്ങളും സമരസേനാനികളും യുവതലമുറയും ആവേശത്തോടെ പങ്കുചേര്‍ന്നു. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 65-ാമതു പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിനു വയലാര്‍ രക്തസാക്ഷി ദിനാചരണത്തോടെ കൊടിയിറങ്ങി.

സിപിയുടെ പട്ടാളം ഭീകരതാണ്ഡവമാടിയ വയലാര്‍ വെടിക്കുന്നില്‍ അന്ത്യവിശ്രമംകൊള്ളുന്ന ധീരരക്തസാക്ഷികളുടെ മരിക്കാത്ത ഓര്‍മകള്‍ക്കുമുന്നില്‍ നാടും നഗരവും സ്മരണാഞ്ജലി അര്‍പ്പിച്ചു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ അകമ്പടിയോടെ റിലേയായി എത്തിച്ചു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ വ്യാഴാഴ്ച രാവിലെ 7.30ന് പുന്നപ്ര-വയലാര്‍ സമരനായകന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ദീപശിഖ കൊളുത്തി നല്‍കി. മേനാശേരിയില്‍ സമരസേനാനി കെ വി തങ്കപ്പനാണു ദീപശിഖ കൊളുത്തിയത്. ഇരുറിലേയും പകല്‍ പതിനൊന്നോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി. സിപിഐ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ടി പുരുഷോത്തമന്‍ ദീപശിഖ മണ്ഡപത്തില്‍ സ്ഥാപിച്ചു. പുഷ്പാര്‍ച്ചനയില്‍ ഇരു പാര്‍ടികളുടെയും നേതാക്കള്‍ , പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ , രക്തസാക്ഷി കുടുംബാംഗങ്ങള്‍ തുടങ്ങി പതിനായിരങ്ങള്‍ രക്തസാക്ഷി സ്മരണ പുതുക്കി.

ഉച്ചയ്ക്കുശേഷം വിപ്ലവകവി വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. വൈകിട്ട് വയലാറില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ , കെ ഇ ഇസ്മയില്‍ എംപി, സി ബി ചന്ദ്രബാബു, എ ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. ടി പുരുഷോത്തമന്‍ അധ്യക്ഷനായി. എ എസ് സാബു സ്വാഗതം പറഞ്ഞു.

deshabhimani 281011

1 comment:

  1. രാജവാഴ്ചയ്ക്കും സര്‍ സി പിയുടെ അമേരിക്കന്‍ മോഡല്‍ കിരാതഭരണത്തിനുമെതിരെ ചോറ്റുപട്ടാളത്തോടേറ്റുമുട്ടി വീരമൃത്യു വരിച്ച് സ്വാതന്ത്ര്യസമരചരിത്രത്തില്‍ ചുവപ്പനധ്യായം എഴിതിച്ചേര്‍ത്ത വയലാര്‍ രക്തസാക്ഷികള്‍ക്ക് പതിനായിരങ്ങളുടെ ശ്രദ്ധാഞ്ജലി.

    ReplyDelete