Sunday, October 30, 2011

വാള്‍സ്ട്രീറ്റ് സമരത്തെ വത്തിക്കാന്‍ പിന്തുണയ്ക്കുന്നു

പരിക്കേറ്റ സൈനികന്‍ പ്രക്ഷോഭകര്‍ക്ക് ആവേശമാകുന്നു

കാലിഫോര്‍ണിയ: പൊലീസ് നടപടിയില്‍ ഗുരുതരമായ പരിക്കേറ്റ മുന്‍ സൈനിക ഓഫീസര്‍ സ്‌കോട്ട് ഓള്‍സന്‍ അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് കയ്യടക്കല്‍ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു.

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഓള്‍സന് വ്യാഴാഴ്ച ഓക്‌ലാന്റില്‍ പ്രക്ഷോഭകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് വര്‍ഷത്തെ സേവനത്തിനുശേഷം 2009 നവംബറിലാണ് ഓള്‍സന്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞത്. സൈനികസേവനരംഗത്ത് ഏഴ് ബഹുമതിമുദ്രകള്‍ നേടിയ ഓഫീസറാണദ്ദേഹം. സാമ്പത്തികമായി നല്ല സ്ഥിതിയിലായിരുന്നിട്ടും ഓള്‍സന്‍ കുത്തകകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ അണിചേരുകയായിരുന്നു. നാളെ താനും തകര്‍ച്ച നേരിടുമെന്നും അതുവരെ കാത്തിരിക്കാതെ സമരത്തില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ഓള്‍സന്‍ പറഞ്ഞിരുന്നു. സൈന്യത്തില്‍ നിന്നും പിരിഞ്ഞതിനുശേഷമാണ് ഓള്‍സന്‍ രാഷ്ട്രീയകാര്യങ്ങളില്‍ സജീവമായത്.

''ഞങ്ങളെല്ലാം സ്‌കോട്ട് ഓള്‍സനാണ്'' ഓക്‌ലാന്റിലെ പ്രക്ഷോഭകാരികള്‍ പറയുന്നു. ഓള്‍സന് പരിക്കേറ്റതിനുശേഷം സമരരംഗത്തേയ്ക്ക് എത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണ് അവര്‍ തെരുവിലേക്കിറങ്ങുന്നത്. പൊലീസ് നീക്കം ചെയ്ത ടെന്റുകള്‍ സമരക്കാര്‍ പുനഃസ്ഥാപിക്കുകയും കൂടുതല്‍ ടെന്റുകള്‍ ഉയര്‍ത്തുകയും ചെയ്തു. അമേരിക്കയുടെ ഇതര നഗരങ്ങളിലെ പ്രക്ഷോഭകാരികള്‍ക്കും ഓള്‍സന്‍ ആവേശം പകരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാള്‍സ്ട്രീറ്റ് സമരത്തെ വത്തിക്കാന്‍ പിന്തുണയ്ക്കുന്നു

വത്തിക്കാന്‍ സിറ്റി: വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തെ റോമന്‍ കത്തോലിക്കാ സഭ ന്യായീകരിക്കുന്നു. ആഗോള സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കണമെന്നും അന്താരാഷ്ട്ര വിപണി നിയന്ത്രണസംവിധാനം വേണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ പിറ്റര്‍ കോഡ്‌വോ അപ്പിയ ടര്‍ക്‌സണാണ് കഴിഞ്ഞ ദിവസം ഈ നിലപാട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ”
അന്താരാഷ്ട്ര സാമ്പത്തിക ധനസംവിധാനത്തിന്റെ നവീകരണം സംബന്ധിച്ച ഒരു രേഖയുടെ പ്രസാധനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ പീറ്റര്‍ കോഡ്‌വോ. 1900നും 2000ത്തിനുമിടയില്‍ ലോകജനസംഖ്യ നാലിരട്ടി വര്‍ധിച്ചെങ്കിലും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമായില്ലെന്നു മാത്രമല്ല, അത് കൂടുതല്‍ വഷളാവുകയാണുണ്ടായതെന്നും രേഖ ചൂണ്ടിക്കാട്ടി. ആഗോള ധനമാനേജ്‌മെന്റിന് ഒരു പുതിയ കേന്ദ്രബാങ്ക് ആവശ്യമാണെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നു

ന്യൂയോര്‍ക്ക്: അനുദിനം കരുത്താര്‍ജിക്കുന്ന 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ഭരണകൂടം വ്യാപകമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കുനേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഓക്‌ലാന്റ്, അറ്റ്‌ലാന്റ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി പൊലീസ് തേര്‍വാഴ്ച തുടരുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അംഗവൈകല്യം സംഭവിച്ചവരുമുള്‍പ്പെടെയുള്ള ആയിരക്കണക്കിനുവരുന്ന ജനക്കൂട്ടങ്ങള്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡുകളും പ്രയോഗിക്കുകയാണ്. 1960 കളില്‍ അമേരിക്കയില്‍ കരുത്താര്‍ജിച്ചുവന്ന പൗരാവകാശ പ്രസ്ഥാനത്തിനെതിരെ പ്രയോഗിച്ച മര്‍ദനമുറകളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

തൊഴിലും വീടും മറ്റ് അവശ്യജീവിത സൗകര്യങ്ങളും നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവന്ന ജനങ്ങള്‍ക്കുനേരെയാണ് പൊലീസ് അതിക്രമങ്ങള്‍. ഓക്‌ലാന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റവരില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനിക ഓഫീസറായിരുന്ന സ്‌കോട്ട് ഓള്‍സനും ഉള്‍പ്പെടുന്നു.

പൊലീസ് അക്രമങ്ങളെ എ എഫ് എല്‍-സി ഐ ഒ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ അപലപിച്ചു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ മാനിക്കാന്‍ അവര്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. വാള്‍സ്ട്രീറ്റിലെ വന്‍കിട ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസും ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നതെന്നവര്‍ ചൂണ്ടിക്കാട്ടി. മര്‍ദനമുറകളെ കൂസാതെ അനുദിനം കൂടുതല്‍ കൂടുതല്‍ പേര്‍ പ്രക്ഷോഭത്തില്‍ അണിചേരുകയാണ്.

തെരുവുകളില്‍ അന്തിയുറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതാനുമാള്‍ക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കാനാണ് ഭരണാധികാരികളും വന്‍കിട മാധ്യമങ്ങളും ശ്രമിക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരായ, 'ഒരു ശതമാന'ത്തിനെതിരെ '99 ശതമാനം' അണിനിരക്കുന്ന 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭം ലോകമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.

janayugom 301011

1 comment:

  1. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തെ റോമന്‍ കത്തോലിക്കാ സഭ ന്യായീകരിക്കുന്നു. ആഗോള സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കണമെന്നും അന്താരാഷ്ട്ര വിപണി നിയന്ത്രണസംവിധാനം വേണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ പിറ്റര്‍ കോഡ്‌വോ അപ്പിയ ടര്‍ക്‌സണാണ് കഴിഞ്ഞ ദിവസം ഈ നിലപാട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്

    ReplyDelete