വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഒരു മാസമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കേരളത്തിന്റെ മനഃസാക്ഷിയെ മരവിപ്പിച്ച ഈ സംഭവത്തില്‍ ഒരാള്‍ക്കെതിരെപോലും കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് ആദ്യംമുതല്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കുകയുംചെയ്ത പൊലീസ് സംഭവം കാറപകടമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. അധ്യാപകനെ ഇടിച്ചതെന്നു സംശയിക്കുന്ന രണ്ട് ആള്‍ട്ടോ കാറുകള്‍ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ഇതില്‍ ഒന്ന് മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ടയാളുടേതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ , ഫോറന്‍സിക് പരിശോധനയ്ക്കുശേഷം കാറുകള്‍ വിട്ടുകൊടുത്തു. ഇടിച്ചതെന്നു പൊലീസ് അവകാശപ്പെടുന്ന കാറിന്റെ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും അതിലും നടപടിയൊന്നുമായില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ .
കോവളം മോഡല്‍ ആക്രമണമെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദബന്ധമുള്ള സംഘടനകളാണ് അക്രമത്തിനു പിന്നിലെന്നും തൊട്ടുപിന്നാലെ വാര്‍ത്ത പ്രചരിച്ചു. കടയ്ക്കലില്‍ അന്യമതത്തില്‍പെട്ട ഒരു സ്ത്രീയുമായി അധ്യാപകന് ബന്ധമുണ്ടെന്നായി അടുത്ത പ്രചാരണം. കടയ്ക്കലില്‍ ഒരു സ്ത്രീയെ ചോദ്യംചെയ്തെന്നുവരെ ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. അധ്യാപകന് ഈ സ്ത്രീയുമായി പണമിടപാട് ഉണ്ടെന്നും വാര്‍ത്ത പരന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മാറി മാറി കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്തെന്നുവരെ പ്രചരിപ്പിച്ച സ്ത്രീയെക്കുറിച്ചും പിന്നീട് ഒന്നും മിണ്ടിയില്ല. സംഭവം അപകടമായി ചിത്രീകരിക്കാനായി തട്ടിക്കൂട്ടിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസ് കളം മാറ്റി ചവിട്ടി. ആക്രമിച്ചശേഷം ആള്‍ട്ടോ കാറില്‍നിന്ന് പുറത്തേക്കെറിഞ്ഞെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകന്‍ മൊഴി നല്‍കിയിട്ടും സംഭവം അപകടമാണെന്നായി പിന്നീട് പൊലീസ്.
മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയ്ക്കും സ്കൂള്‍ മാനേജ്മെന്റിനും തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും സ്കൂളിലെ ചില അധ്യാപകര്‍ക്ക് വിരോധമുണ്ടെന്നും കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിനും പൊലീസിനും മൊഴി നല്‍കിയിരുന്നു. പിള്ളയുടെ സ്കൂളിലെ പ്രധാന അധ്യാപിക കൂടിയായ ഭാര്യ ഗീതയും പിള്ളയ്ക്കും സ്കൂള്‍ മാനേജ്മെന്റിനുമെതിരെ മൊഴി നല്‍കിയിരുന്നു. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള അധ്യാപകരുടെ പേരും മന്ത്രി ഗണേശ്കുമാറിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെക്കുറിച്ചും കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ , പ്രത്യേക അന്വേഷണസംഘം ആ വഴിക്ക് കാര്യമായ അന്വേഷണം നടത്താന്‍ തയ്യാറായില്ല. വാളകത്ത് അധ്യാപകന്‍ മര്‍ദനമേറ്റ് റോഡില്‍ കിടക്കുന്നത് ആദ്യംകണ്ട ബൈക്കിലെത്തിയ യുവാവിനെ കണ്ടെത്തിയിട്ടും കാര്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചില്ല. ഒരു ലക്ഷത്തോളം ഫോണ്‍ കാളുകളുടെ വിശദാംശം പരിശോധിച്ചെന്ന് പറഞ്ഞിട്ടും ഒരാളെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. അധ്യാപകന്റെ ശരീരത്തിലുള്ള പരിക്കുകളുടെയും മുറിവുകളുടെയും അടയാളങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭാര്യയുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ , പരിക്കുകള്‍ രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. അപകടത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയിട്ടും ഇതുവരെ ആരെയും പിടികൂടാനായില്ല
"ഭീഷണിക്ക് വഴങ്ങില്ല; നിയമപോരാട്ടം തുടരും"
"ഒരാളും അനുഭവിക്കാത്തത്ര വേദനയാണ് എനിക്ക് സഹിക്കേണ്ടിവന്നത്. അസുഖം മാറിയാല്‍ സ്കൂളില്‍ പോകാനുള്ള മാനസികമായ തയ്യാറെടുപ്പിലാണ് ഞാന്‍ . ഒന്നു നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇനി എത്രനാള്‍ വേണമെന്ന് അറിയില്ല. പലരും ചോദിച്ചു, ഇത്രയേറെ പീഡനങ്ങള്‍ തന്ന ആ സ്കൂളിലേക്ക് ഇനി വീണ്ടും പോകണോ എന്ന്. പക്ഷേ ഞാന്‍ അവിടെത്തന്നെ പഠിപ്പിക്കും. നിയമപരമായ പോരാട്ടം തുടരും. ഭീഷണികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ , ഒരു ഭീഷണിക്കുമുന്നിലും വഴങ്ങില്ല.".
വാളകത്ത് അത്യന്തം ക്രൂരമായ ആക്രമണത്തിന് ഇരയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വാക്കുകളാണിത്.
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ആക്രമണം നടന്നിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും അപകടത്തെക്കുറിച്ച് കൃത്യമായി ഇപ്പോഴും ഓര്‍ത്തെടുക്കാനാകുന്നില്ല. കടയ്ക്കലില്‍ പോയി തിരികെവന്ന് നിലമേലില്‍ നിന്നതും ഭാര്യയെ ഫോണില്‍ വിളിച്ചതും ഓര്‍മയുണ്ട്. പിന്നെയെന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരു പിടിയുമില്ല. ഒരുപക്ഷേ എന്തെങ്കിലും മണപ്പിച്ച് ബോധം കെടുത്തിയശേഷം ആക്രമിച്ച് വഴിയില്‍ ഉപേക്ഷിച്ചതാകാം. ആശുപത്രിയില്‍ കഴിയുമ്പോള്‍ ആരൊക്കെയാണ് മൊഴിയെടുക്കാന്‍ വന്നതെന്നും എനിക്ക് ഓര്‍മയില്ല. വന്നവരോട് ഞാന്‍ എന്താണ് പറഞ്ഞതെന്നും ഓര്‍മയില്ല. ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഇരുകൈകളിലും ഉണ്ടായിരുന്നു. ശരീരത്തിലെ മുറിവുകളുടെയും ബലപ്രയോഗത്തിന്റെയും പാടുകള്‍ രേഖപ്പെടുത്തണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , പരിക്കുകള്‍ രേഖപ്പെടുത്താന്‍ പൊലീസ് വന്നതേയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
1992ലാണ് വാളകം രാമവിലാസം സ്കൂളില്‍ അധ്യാപകനായെത്തുന്നത്. സംഭവം നടന്ന ദിവസം മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് പ്രദീപ് സ്കൂളില്‍ വന്നിരുന്നു. ഗണേശ്കുമാറിന്റെ മറ്റൊരു പേഴ്സണല്‍ സ്റ്റാഫായ ശ്യാംകുമാറും സ്കൂളിലെ പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. നേരത്തെ ഈ സ്കൂളിലെ അധ്യാപകനായിരുന്നു ശ്യാംകുമാര്‍ . സ്കൂളില്‍ മിന്നല്‍ പരിശോധനയ്ക്കിടെ കുട്ടികളുടെ എണ്ണം കുറവ് കണ്ടപ്പോള്‍ കുറച്ച് അധ്യാപകരുടെ ജോലി പോയിരുന്നു. അക്കൂട്ടത്തില്‍ ശ്യാംകുമാറും ഉണ്ടായിരുന്നു. രാമവിലാസം സ്കൂളില്‍ കുട്ടികളുടെ എണ്ണം തികച്ചിരുന്നത് സമീപത്തെ മറ്റ് സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നായിരുന്നു. എണ്ണം പെരുപ്പിച്ച് കാണിച്ച് നിരവധി നിയമനങ്ങളും നടത്തിയിരുന്നു. ബാലകൃഷ്ണപിളളയുടെ ഡ്രൈവര്‍ ആയിരുന്ന ബാലകൃഷ്ണന്‍നായര്‍ എന്ന കൃഷ്ണപിള്ള സ്കൂളിലെ പ്യൂണും ആയിരുന്നു. പിള്ളയുടെ ഡ്രൈവറും കാര്യസ്ഥനുമായിരുന്നാണ് വര്‍ഷങ്ങളോളം ഇദ്ദേഹം പ്യൂണിന്റെ ശമ്പളം വാങ്ങിയിരുന്നത്. മാടമ്പിത്തവും അഴിമതിയുമാണ് എന്നും പിള്ളയ്ക്ക് കൂട്ടായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15നാണ് കൃഷ്ണകുമാറിനെ തീവ്രപരിചരണവിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. ഇപ്പോള്‍ പേവാര്‍ഡിലാണ്. വാളകം സ്കൂളിലെ പ്രധാന അധ്യാപിക കൂടിയായ ഭാര്യ കെ ആര്‍ ഗീതയാണ് ഒപ്പമുള്ളത്. ഇവരുടെ മക്കളായ ഹരിശങ്കറും വിഭയും ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
സുമേഷ് കെ ബാലന്‍ deshabhimani 271011
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഒരു മാസമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കേരളത്തിന്റെ മനഃസാക്ഷിയെ മരവിപ്പിച്ച ഈ സംഭവത്തില്‍ ഒരാള്‍ക്കെതിരെപോലും കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് ആദ്യംമുതല്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കുകയുംചെയ്ത പൊലീസ് സംഭവം കാറപകടമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. അധ്യാപകനെ ഇടിച്ചതെന്നു സംശയിക്കുന്ന രണ്ട് ആള്‍ട്ടോ കാറുകള്‍ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ഇതില്‍ ഒന്ന് മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ടയാളുടേതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ , ഫോറന്‍സിക് പരിശോധനയ്ക്കുശേഷം കാറുകള്‍ വിട്ടുകൊടുത്തു. ഇടിച്ചതെന്നു പൊലീസ് അവകാശപ്പെടുന്ന കാറിന്റെ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും അതിലും നടപടിയൊന്നുമായില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ .
ReplyDelete