Wednesday, October 26, 2011

ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി മറവുചെയ്തു

നാറ്റോ സഹായത്തോടെ ഇടക്കാല ഭരണസമിതിസേന വകവരുത്തിയ ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം രാത്രി രഹസ്യമായി മറവുചെയ്തു. ദിവസങ്ങളായി മിസ്റാത്തയില്‍ ഇറച്ചിക്കടയുടെ കോള്‍ഡ് സ്റ്റോറേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃതദേഹം എവിടെയാണ് മറവുചെയ്തതെന്ന് ഇടക്കാല ഭരണസമിതി വെളിപ്പെടുത്തിയില്ല. മകന്‍ മുത്തസിമിന്റെയും മുന്‍ പ്രതിരോധമന്ത്രി അബുബക്ര്‍ യൂനിസിന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗദ്ദാഫിയുടെ മൃതദേഹം മതപരമായ ആചാരങ്ങളോടെ കബറടക്കിയതെന്ന് മിസ്റാത്ത സൈനിക കൗണ്‍സില്‍ അംഗം വെളിപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മിസ്റാത്തയിലെ ഇറച്ചിച്ചന്തയില്‍നിന്ന് അഞ്ച് സൈനികവാഹനത്തിന്റെ അകമ്പടിയിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഗദ്ദാഫി അനുകൂലികളായ മൂന്നു മതനേതാക്കളുടെ നേതൃത്വത്തിലായിരുന്നു കബറടക്കമെന്ന് സൈനിക കൗണ്‍സില്‍ അവകാശപ്പെട്ടു. ഗദ്ദാഫിക്കൊപ്പം കൊല്ലപ്പെട്ട മുന്‍ പ്രതിരോധമന്ത്രിയുടെ രണ്ടു മക്കള്‍ക്കും പിതാവിനും ഇതിനുമുമ്പ് മൃതദേഹങ്ങള്‍ കാണാന്‍ അവസരംനല്‍കി. യൂനിസിന്റെ മക്കളെ ജയിലില്‍നിന്നാണ് മിസ്റാത്തയില്‍ കൊണ്ടുവന്നത്.

ജന്മനഗരമായ സിര്‍ത്തെയില്‍നിന്ന് വ്യാഴാഴ്ചയാണ് ഗദ്ദാഫിയെ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ (എന്‍ടിസി) എന്നറിയപ്പെടുന്ന ഇടക്കാല ഭരണസമിതിയുടെ സേന പിടികൂടിയത്. നാറ്റോസഖ്യത്തിന്റെ ഭാഗമായ അമേരിക്കന്‍ , ഫ്രഞ്ച് പോര്‍വിമാനങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് എന്‍ടിസി സൈനികര്‍ ഗദ്ദാഫിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പിടികൂടിയശേഷം നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതിനുപകരം ഗദ്ദാഫിയെ കൊല്ലുകയായിരുന്നെന്ന ആരോപണം അന്താരാഷ്ട്ര സമൂഹത്തില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് മൃതദേഹം രഹസ്യമായി മറവുചെയ്തത്. ഗദ്ദാഫിയുടെ കബറിടം ഭാവിയില്‍ തീര്‍ഥാടനകേന്ദ്രമാകാനുള്ള സാധ്യതയും ഒഴിവാക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവച്ചത്.

അതേസമയം, ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. സഹോദരനായ അല്‍ സാദി ഗദ്ദാഫി സെപ്തംബറില്‍ നൈജറിലേക്ക് പലായനംചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറന്റുള്ള സെയ്ഫും ഈവഴിക്കാണ് നീങ്ങുന്നത്. തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തുന്നവരെ സുരക്ഷ ഉറപ്പാക്കാതെ ലിബിയയിലേക്ക് മടക്കി അയക്കില്ലെന്ന് നൈജര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തെയില്‍ എണ്ണസംഭരണി പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വന്‍ സ്ഫോടനത്തോടെ തീപടര്‍ന്നതെന്ന് എന്‍ടിസി കമാന്‍ഡര്‍ ലീത് മുഹമ്മദ് എഎഫ്പിയോട് പറഞ്ഞു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു. കാറുകളില്‍ ഇന്ധനം നിറയ്ക്കാനായി ജനക്കൂട്ടം കാത്തുനില്‍ക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. മണിക്കൂറുകള്‍ക്കുശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്.

deshabhimani 261011

1 comment:

  1. നാറ്റോ സഹായത്തോടെ ഇടക്കാല ഭരണസമിതിസേന വകവരുത്തിയ ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം രാത്രി രഹസ്യമായി മറവുചെയ്തു. ദിവസങ്ങളായി മിസ്റാത്തയില്‍ ഇറച്ചിക്കടയുടെ കോള്‍ഡ് സ്റ്റോറേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃതദേഹം എവിടെയാണ് മറവുചെയ്തതെന്ന് ഇടക്കാല ഭരണസമിതി വെളിപ്പെടുത്തിയില്ല.

    ReplyDelete