Monday, October 31, 2011

വാഗമണ്‍ ദൗത്യം വീണ്ടും അട്ടിമറിക്കുന്നു

റവന്യു-വനം വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയെ തുടര്‍ന്ന് വീണ്ടും വാഗമണ്‍ ദൗത്യം അട്ടിമറിക്കപ്പെടുന്നു.

മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ട റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ എത്തിയപ്പോഴാണ് വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ചും ഭൂമിവില്‍പ്പനയെക്കുറിച്ചും അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് വാഗമണ്‍ ദൗത്യത്തിന് കലക്ടറെ ചുമതലപ്പെടുത്തിയത്.

വാഗമണ്ണിലെത്തിയ കലക്ടറും സംഘവും തോട്ടം തുണ്ടംതുണ്ടമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞുമടങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാല്‍ വനം-പരിസ്ഥിതി മന്ത്രി കെ ബി ഗണേഷ് കുമാര്‍ പത്രദൃശ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ  ജൂണ്‍ 20 ന് കളമശ്ശേരിയില്‍ പറഞ്ഞത് വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ സംരക്ഷിക്കുമെന്നും ഭൂമാഫിയാകള്‍ക്കും കയ്യേറ്റക്കാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും തോട്ടം ഉടമകള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനായി മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അങ്ങോട്ടയച്ചിട്ടുണ്ടെന്നുമാണ്.

യാതൊരു കാരണവശാലും പ്രകൃതിരമണീയമായ മൊട്ടക്കുന്നുകള്‍ ഇല്ലാതാക്കുവാനും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ഇടപാടുകളെ അംഗീകരിക്കാനും കഴിയുകയില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞത് തോട്ടത്തിലെ അഞ്ച് ശതമാനം ഭൂമി റിസോര്‍ട്ട് നിര്‍മിക്കുവാനും, വാനില, ഏലം എന്നിവ കൃഷി ചെയ്യുന്നതിനും ഉപയോഗിക്കാമെന്നാണ്. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അനുമതി മാത്രം വാങ്ങിയാണ് മന്ത്രി  പ്രസ്താവന നടത്തി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുവാന്‍ ശ്രമിക്കുന്നത്.

ഫലത്തില്‍ റവന്യു, വനം മന്ത്രിമാര്‍ വാഗമണ്ണിലേ ഭൂമി പ്രശ്‌നത്തിലും തോട്ടം മുറിച്ചുവില്‍പ്പനയിലും രണ്ട് അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. വാഗമണ്ണിലെ എം എം ജെ തോട്ടം ഉടമകളുടെ കൈവശം ഇരിക്കുന്ന ഭൂമിയില്‍ കണ്ണായ സ്ഥലം മൊട്ടക്കുന്നുകളുമുണ്ട്. ഇവ പലതും മുറിച്ചുമാറ്റപ്പെട്ടുകഴിഞ്ഞു. ടീ ആക്ടിന് വിരുദ്ധമായി ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിച്ചുമുള്ളതുമായ നടപടികളാണ് റവന്യു മന്ത്രി ഭൂമാഫിയകള്‍ക്കുവേണ്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്തൊക്കെ റവന്യു, വനം വകുപ്പുകള്‍ വെവ്വേറെ കക്ഷികളാണ് കൈകാര്യം ചെയ്യുന്നത്. ഭൂവിനിയോഗം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തുടര്‍ന്നുവന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് ഭൂമാഫിയകളേയും തോട്ടം മുറിച്ച് വില്‍പ്പനക്കാര്‍ക്കും സഹായകവുമാണ്. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വാഗമണ്‍-മൂന്നാര്‍ ദൗത്യം ഭൂമാഫിയകള്‍ക്കുവേണ്ടി ഉപേക്ഷിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്.

പി ജെ ജിജിമോന്‍ janayugom 311011

1 comment:

  1. ഇക്കഴിഞ്ഞ ദിവസം റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞത് തോട്ടത്തിലെ അഞ്ച് ശതമാനം ഭൂമി റിസോര്‍ട്ട് നിര്‍മിക്കുവാനും, വാനില, ഏലം എന്നിവ കൃഷി ചെയ്യുന്നതിനും ഉപയോഗിക്കാമെന്നാണ്. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അനുമതി മാത്രം വാങ്ങിയാണ് മന്ത്രി പ്രസ്താവന നടത്തി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുവാന്‍ ശ്രമിക്കുന്നത്.

    ReplyDelete