Sunday, October 30, 2011

മഹാരാജാസിന്റെ ഭൂമി: പതിച്ചുനല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചും കോടതി ഉത്തരവുകള്‍ അവഗണിച്ചും

മഹാരാജാസ് കോളേജിന്റെ ഭൂമി സാമുദായിക സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ചട്ടങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചാണെന്ന് വ്യക്തമായി. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കുന്ന നടപടി 2006 ജൂണ്‍ 6ന് സംസ്ഥാന സര്‍ക്കാര്‍തന്നെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ മറികടന്ന് വിവേചനാധികാരമെന്ന പേരില്‍ കേരള ബ്രാഹ്മണസഭയ്ക്ക് ഭൂമി നല്‍കിയത്. ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് 2010 ജനുവരി 15ന് ബ്രാഹ്മണസഭ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും വിശദ പരിശോധനയ്ക്കുശേഷം നിരാകരിക്കുകയായിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുടെയും വിവിധ കേസുകളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെയും വെളിച്ചത്തില്‍ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ച് കഴിഞ്ഞ മെയ് മൂന്നിന് റവന്യുവകുപ്പ് കത്ത് നല്‍കിയിരുന്നു. മെയ് മൂന്നിന് നിരാകരിച്ച അപേക്ഷയിലാണ് സെപ്തംബര്‍ 30ന് എംഎസ് നമ്പര്‍ 356/11 പ്രകാരം ബ്രാഹ്മണസഭയ്ക്ക് ഭൂമി പതിച്ചുനല്‍കാന്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ ഉത്തരവിട്ടത്.

സര്‍ക്കാരും റവന്യുമന്ത്രിയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് ഭൂമി പതിച്ചുനല്‍കിയതെന്നാണ് ആക്ഷേപം. പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിയിലുള്ള ഭൂമി പതിച്ചുകൊടുക്കാന്‍ റവന്യുവകുപ്പിന് അധികാരമില്ല. വിദ്യാഭ്യാസ സ്ഥാപനം കൈകാര്യം ചെയ്യുന്ന ഭൂമി സര്‍ക്കാര്‍ഭൂമി തന്നെയാണെങ്കിലും ഇത് ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന്റെ പരിധിയില്‍ വരില്ല. പതിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി കോളേജിന്റെ കോമ്പൗണ്ടിന്റെ ഉള്ളിലാണെന്ന് നേരത്തെ വില്ലേജ് ഓഫീസറും തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു. കേരള മുന്‍സിപ്പല്‍ നിയമമനുസരിച്ച് നഗരസഭയുടെ അധീനതയിലുള്ള ഭൂമി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പാട്ടത്തിന് നല്‍കാനും പാടില്ല. കൊച്ചി നഗരസഭയുടെ കൈവശമുള്ളതടക്കം ഇരുപത്തൊന്നേകാല്‍ സെന്റ് ഭൂമിയാണ് 30 വര്‍ഷത്തേക്ക് സെന്റിന് 100 രൂപ പാട്ടനിരക്കില്‍ പതിച്ചുനല്‍കാന്‍ ഉത്തരവിട്ടത്. ഭൂമി പാട്ടത്തിനുകൊടുക്കുമ്പോള്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയും ആവശ്യം കമ്മറ്റി അംഗീകരിക്കുകയും വേണം. ബ്രാഹ്മണസഭയ്ക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ ഈ നടപടിയും പാലിച്ചിട്ടില്ല.

deshabhimani 301011

1 comment:

  1. മഹാരാജാസ് കോളേജിന്റെ ഭൂമി സാമുദായിക സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ചട്ടങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചാണെന്ന് വ്യക്തമായി. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കുന്ന നടപടി 2006 ജൂണ്‍ 6ന് സംസ്ഥാന സര്‍ക്കാര്‍തന്നെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ മറികടന്ന് വിവേചനാധികാരമെന്ന പേരില്‍ കേരള ബ്രാഹ്മണസഭയ്ക്ക് ഭൂമി നല്‍കിയത്.

    ReplyDelete