Monday, October 31, 2011

രാജധാനിയില്‍ റിസര്‍വേഷന്‍ തട്ടിപ്പ്; പിരിവ് വ്യാപകം

തിരുവനന്തപുരം രാജധാനി എക്സ്പ്രസ് യാത്രക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള റിസര്‍വേഷന്‍ തട്ടിപ്പിനിരയാവുന്നു. തലേന്ന് ബുക്ക് ചെയ്തവര്‍ക്കും സാധാരണ ടിക്കറ്റെടുത്ത് ടിടിഇക്ക് കൈക്കൂലി കൊടുത്തവര്‍ക്കും ബര്‍ത്ത് ലഭിച്ചപ്പോള്‍ മാസങ്ങള്‍ക്കുമുമ്പേ റിസര്‍വ് ചെയ്തവര്‍ക്ക് ബര്‍ത്ത് കിട്ടാത്ത സ്ഥിതിയാണ്. ദീപാവലി അവധിക്ക് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ പോകാനും മടങ്ങാനും ഒരുമാസം മുമ്പേ റിസര്‍വ് ചെയ്തവര്‍ വെയിറ്റിങ് പട്ടികയില്‍ 50-60 സ്ഥാനത്തായിരുന്നു. തലേന്ന് ബുക്ക് ചെയ്തവര്‍ക്ക് വെയിറ്റിങ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. മൊത്തമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവല്‍ ഏജന്‍സികള്‍ വില്‍ക്കാനാകാത്ത ടിക്കറ്റ് ട്രെയിന്‍ പുറപ്പെടുന്നതിന് തലേന്ന് റദ്ദാക്കുന്നതാണ് ഈ സ്ഥിതിക്ക് കാരണം.

ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനിയില്‍ സെക്കന്‍ഡ്, തേഡ് എസി കോച്ചുകളില്‍ നിരവധി ബര്‍ത്തുകളില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വെയിറ്റിങ് പട്ടികയില്‍ 54-ാം സ്ഥാനത്തായതിനാല്‍ എമര്‍ജന്‍സി ക്വോട്ട വഴി ബര്‍ത്ത് നേടുകയായിരുന്നെന്നും ബര്‍ത്ത് ലഭിക്കാത്തതിനാല്‍ കൂടെയുള്ള രണ്ടുപേര്‍ ടിക്കറ്റ് റദ്ദാക്കി യാത്ര മാറ്റിവച്ചെന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കാരന്‍ പറഞ്ഞു. അതേസമയം ഉഡുപ്പി, കങ്കനാടി, മഡ്ഗാവ് എന്നിവിടങ്ങളില്‍നിന്ന് സാധാരണ ടിക്കറ്റെടുത്ത് കയറിയ യാത്രക്കാര്‍ ടിടിഇയെ കണ്ട് പണംകൊടുത്ത് ബര്‍ത്ത് തരപ്പെടുത്തി. ആയിരം രൂപ അധികം നല്‍കിയാണ് തേഡ് എസിയില്‍ ബര്‍ത്ത് സംഘടിപ്പിച്ചതെന്ന് ഉഡുപ്പിയില്‍നിന്ന് കയറിയ യാത്രക്കാരന്‍ പറഞ്ഞു.

ഏറ്റവും മികച്ച സേവന-സൗകര്യമുള്ള ട്രെയിന്‍ എന്ന് ഒരുകാലത്ത് പേരുണ്ടായിരുന്ന രാജധാനിയിലെ ജീവനക്കാരുടെ പിരിവ് വാര്‍ത്തയായെങ്കിലും ഇക്കാര്യം റെയില്‍മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനോ നടപടിയെടുക്കാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഭക്ഷണം വിതരണംചെയ്യുന്നവരും ഷീറ്റും കമ്പിളിയും നല്‍കുന്നവരുമാണ് യാത്രക്കാരില്‍നിന്ന് ഇരട്ട പണപ്പിരിവ് നടത്തുന്നത്. യാത്രക്കാര്‍ ഇറങ്ങുന്ന സ്റ്റേഷനുകള്‍ മനസ്സിലാക്കി എത്തുന്ന ഇവര്‍ സ്റ്റോപ്പ് അടുക്കുന്നതിനുമുമ്പ് മുന്നില്‍ ചെന്ന് കൈ നീട്ടുകയാണ് പതിവ്. ചെയ്ത സേവനത്തിന് എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുന്നതാണ് രീതി. മിക്ക യാത്രക്കാരും പണം നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. അമ്പതു രൂപയില്‍ കുറഞ്ഞാല്‍ യാത്രക്കാരെ ചീത്തപറയുന്നത് സ്ഥിരം കാഴ്ച. യാത്ര, ഭക്ഷണം, സേവനം എന്നിവയുള്‍പ്പെടുത്തിയാണ് രാജധാനിയിലെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ , കുടിവെള്ളത്തിനുള്‍പ്പെടെ പണം കൊടുക്കേണ്ട സ്ഥിതിയാണ്. ആദ്യം നല്‍കുന്ന ഒരു കുപ്പിവെള്ളം തീര്‍ന്നാല്‍ വീണ്ടും വെള്ളം വേണമെങ്കില്‍ 16 രൂപ നല്‍കണം. ന്യൂഡല്‍ഹി വരെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് കുപ്പി വെള്ളം അവകാശപ്പെട്ടതാണ്. എന്നാല്‍ , ഇതറിയാവുന്ന യാത്രക്കാര്‍ക്കും വെള്ളത്തിനായി ജീവനക്കാരുമായി കയര്‍ക്കേണ്ട സ്ഥിതിയാണ്. രാവിലെ നല്‍കേണ്ട ചായ, പത്രം എന്നിവയും കൃത്യമായി വിതരണം ചെയ്യാറില്ല. വൃത്തിഹീനമായ ടോയ്ലറ്റുകളും നിരന്തരമായി വെള്ളം നിലയ്ക്കുന്നതും തിരുവനന്തപുരം രാജധാനിയിലെ പതിവ്.

deshabhimani 311011

1 comment:

  1. ഏറ്റവും മികച്ച സേവന-സൗകര്യമുള്ള ട്രെയിന്‍ എന്ന് ഒരുകാലത്ത് പേരുണ്ടായിരുന്ന രാജധാനിയിലെ ജീവനക്കാരുടെ പിരിവ് വാര്‍ത്തയായെങ്കിലും ഇക്കാര്യം റെയില്‍മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനോ നടപടിയെടുക്കാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഭക്ഷണം വിതരണംചെയ്യുന്നവരും ഷീറ്റും കമ്പിളിയും നല്‍കുന്നവരുമാണ് യാത്രക്കാരില്‍നിന്ന് ഇരട്ട പണപ്പിരിവ് നടത്തുന്നത്.

    ReplyDelete