കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ പേരിനൊരു പ്രതിഷേധമറിയിക്കാന്‍പോലും തയ്യാറായില്ല. ഇറക്കുമതിച്ചുങ്കം താഴ്ത്തിയതിനുപുറമെയാണ് 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്തത്. മുംബൈ കേന്ദ്രമായുള്ള ടയര്‍ വ്യവസായലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കേന്ദ്രം ഇത് ചെയ്തത്. നമ്മുടെ റബര്‍കൃഷിയെ ഹാനികരമായി ബാധിക്കുന്ന ഈ നടപടിക്കെതിരെയും കേരളത്തിലെ സര്‍ക്കാര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. നാലായിരം കോടി രൂപയ്ക്കു മേലെയുള്ള സമഗ്രമായ പദ്ധതിയായാണ് കുട്ടനാട് പാക്കേജ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ഡോ. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടുപ്രകാരം കാര്യങ്ങള്‍ നടക്കണമെങ്കില്‍ ആ പാക്കേജ് തന്നെ വേണം. എന്നാല്‍ , ഇത് വെട്ടിച്ചുരുക്കി ആയിരത്തിച്ചില്വാനം കോടി രൂപയുടേതാക്കി. ഇത് ഇനി ഏത് രൂപത്തില്‍ നടപ്പാവുമെന്നത് കണ്ടറിയണം. അപ്പര്‍ കുട്ടനാടിനായുള്ള 42.5 കോടി രൂപയുടെയും 65 കോടി രൂപയുടെയും പരിപാടികള്‍ പദ്ധതിക്ക് പുറത്തായി. കാര്‍ഷികവികസനത്തിനും പുറംബണ്ടുനിര്‍മാണത്തിനുമുള്ള സമഗ്രപദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടു. ഇരുപത്തൊന്ന് പാടശേഖരങ്ങളുടെ ഔട്ടര്‍ബണ്ട് നിര്‍മിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയുണ്ട്; പക്ഷേ സാങ്കേതികാനുമതിയില്ല. കുട്ടനാട് പാക്കേജ് താറുമാറാവുകയാണെന്ന് ചുരുക്കം. നാലായിരം കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 1242 കോടിയിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്. അതിന്റെതന്നെ ഗതി എന്താകുമെന്ന് നിശ്ചയമില്ല. കേന്ദ്രനിലപാടിന്റെ കാര്‍ക്കശ്യംമൂലം അതിരപ്പിള്ളി വൈദ്യുതപദ്ധതി അനിശ്ചിതത്വത്തിലായി. അത് അപ്പാടെ ഉപേക്ഷിച്ചേക്കാമെന്നായി യുപിഎ സര്‍ക്കാര്‍ . 4756 കോടി രൂപ ചെലവുവരുന്ന ചീമേനി പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചു. എങ്കില്‍ പദ്ധതി വേണ്ട എന്നായി യുഡിഎഫ് സര്‍ക്കാര്‍ . മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയ്ക്ക് അനുസൃതമായി പശ്ചിമഘട്ട വികസനത്തിന്റെ പൊതുസ്വഭാവത്തിന് നിരക്കുന്ന വിധത്തില്‍ പദ്ധതി പുതുക്കി സമര്‍പ്പിക്കാനോ പ്രകൃതിവാതകബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനോ ഒരു ശ്രമവുമില്ല.
മഴക്കെടുതിമൂലം കേരളത്തില്‍ 2420 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കേന്ദ്ര നിബന്ധനകള്‍ പ്രകാരം 1693 കോടിയുടെ നഷ്ടപരിഹാരം ചോദിക്കാനേ അര്‍ഹതയുള്ളൂ എന്നായി കേന്ദ്രം. അത് ഏത് കണക്കുപ്രകാരം എന്നു തിരിച്ചുചോദിച്ചില്ല. കേന്ദ്രത്തെ യഥാര്‍ഥ അവസ്ഥ ബോധ്യപ്പെടുത്താന്‍ ഒരു ഔദ്യോഗികസംഘത്തെ ഡല്‍ഹിക്കയച്ചതുപോലുമില്ല. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ അതും തലകുലുക്കി സമ്മതിച്ചുകൊടുത്തു കേരളത്തിലെ ഭരണക്കാര്‍ . ചോദിക്കുന്നതിന്റെ നാലിലൊന്നുപോലും കേന്ദ്രം നഷ്ടപരിഹാരമായി കേരളത്തിനു തരുന്ന പതിവില്ല എന്നിരിക്കെ ചോദിക്കുന്ന തുകതന്നെ വെട്ടിക്കുറച്ചാല്‍ എന്താവും സ്ഥിതി? ഉത്തരേന്ത്യയിലെ വിളവുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്ന മാനദണ്ഡം കേരളത്തിന് ചേരുന്നതല്ല. ഗോതമ്പോ ചോളമോ മഴയില്‍ നശിച്ചാല്‍ അത് ആ സീസണിലെ താല്‍ക്കാലിക നഷ്ടമാവുന്നതേയുള്ളൂ. ഏലവും കുരുമുളകും റബറുമൊക്കെ നശിച്ചാല്‍ അതുകൊണ്ടുള്ള നഷ്ടം ഒരു സീസണിലൊതുങ്ങുന്നതല്ല, വരുംവര്‍ഷങ്ങളിലേക്ക് കൂടിയുള്ള നഷ്ടമാണത്. അതുകൊണ്ട്, അക്കാര്യം പരിഗണിച്ച് കേരളത്തിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്. രാഷ്ട്രീയവിധേയത്വംമൂലം യുഡിഎഫ് സര്‍ക്കാര്‍ അതിന് ധൈര്യം കാണിക്കുന്നില്ല. ചരക്കുനീക്കം സംബന്ധിച്ച കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍മൂലം കേരളത്തിന് അനേകകോടികളുടെ നഷ്ടമുണ്ടാവുന്നു. കബോട്ടാഷ് എന്നറിയപ്പെടുന്ന കേന്ദ്രനിയമം കാരണം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് പൂര്‍ണശേഷിയോടെ പ്രവര്‍ത്തിക്കാനാകുന്നില്ല. വിഴിഞ്ഞം പ്രവര്‍ത്തനസജ്ജമായാലും ഇതുതന്നെയാവും അവസ്ഥ. ഇന്ത്യയിലെ ആഭ്യന്തര ചരക്കുഗതാഗതം - തുറമുഖങ്ങള്‍ തമ്മിലുള്ളത് - നിശ്ചിത കപ്പലുകളേ നടത്താവൂ എന്നാണ് വ്യവസ്ഥ. ആ വ്യവസ്ഥയ്ക്കനുസൃതമായി പ്രവര്‍ത്തിക്കാവുന്ന കപ്പലുകള്‍ വളരെ ചുരുക്കംമാത്രം. ഇതുമൂലം കണ്ടെയ്നറുകള്‍ നീക്കംചെയ്യാന്‍ മാസങ്ങളുടെ കാലതാമസമുണ്ടാവുന്നു. ചരക്കുകപ്പലുകള്‍ കൊച്ചിയെ ഒഴിവാക്കി മറ്റ് തുറമുഖങ്ങളിലടുക്കുന്നു. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന പതിനാറ് കപ്പലുകളേ ഇന്ത്യയിലുള്ളൂ. അതില്‍തന്നെ പതിമൂന്ന് എണ്ണത്തിന്റെ കണ്ടെയ്നര്‍ ശേഷി 12,156 ടി ഇ യൂണിറ്റാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ ഈ വര്‍ഷം 7.75 ലക്ഷം ടി ഇ ശേഷി കൈകാര്യം ചെയ്യണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതെങ്ങനെ നടക്കാന്‍ ? സാധാരണ കര്‍ഷകര്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില ഒരു വര്‍ഷത്തിനിടെ അഞ്ചുതവണ ഉയര്‍ത്തി. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതുമൂലം ഉണ്ടായിട്ടുള്ള ദുരിതം കേന്ദ്രത്തെ ഇന്നേവരെ യുഡിഎഫ് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇക്കഴിഞ്ഞ 23ന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , അതുണ്ടായില്ല. എന്തുകൊണ്ട് എന്ന് ഭരണാധികാരികള്‍ അന്വേഷിച്ചതുമില്ല. ഏറ്റവും ഒടുവിലിതാ ദേശീയ പാതാവികസനപദ്ധതി പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു. കേരളത്തിന്റെ ദേശീയപാത വികസനം സ്തംഭിക്കുകയാണ്. സംസ്ഥാനത്തിന്റെ അനാസ്ഥകൊണ്ടാണിതെന്നാണ് കേന്ദ്രം പറയുന്നത്. ഈ അവസ്ഥ മാറ്റാമെന്ന് പറയാന്‍പോലും കേരളഭരണം തയ്യാറാവുന്നില്ല. ദ്രോഹനടപടികളുമായി കേന്ദ്രവും, അതെല്ലാം അപ്പാടെ അംഗീകരിക്കുന്ന മനോഭാവവുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരും. ഇരുകൂട്ടരും ചേര്‍ന്ന് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ തുടരെ ഹനിക്കുകയാണ്.
deshabhimani editorial 281011
കേരളത്തിന് അര്‍ഹമായതൊക്കെ നിഷേധിക്കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും വിധേയത്വമനോഭാവത്തോടെ മൗനംകൊണ്ട് അതൊക്കെ അംഗീകരിച്ചുകൊടുക്കുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളുടെ താല്‍പ്പര്യങ്ങളെ തുടരെ ബലികഴിക്കുകയാണ്. അതിശക്തമായി എതിര്‍ക്കേണ്ടതും തിരുത്തിക്കേണ്ടതുമായ നിരവധി നടപടികളാണ് കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടായത്. രാഷ്ട്രീയദാസ്യമനോഭാവത്തോടെ ഇതെല്ലാം അപ്പാടെ വിഴുങ്ങിക്കൊണ്ട് കേന്ദ്രത്തിനുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുകയാണ് യുഡിഎഫ് ഭരണകര്‍ത്താക്കള്‍ .
ReplyDelete