Sunday, October 30, 2011

നീതി തേടി കൂത്തുപറമ്പില്‍ സമരശക്തിസംഗമം

രക്തസാക്ഷിസ്മരണകളിരമ്പിയ സായാഹ്നത്തില്‍ പോരാട്ടഭൂമിയില്‍ നീതിതേടി സമരശക്തിസംഗമം. യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ പൊരുതിവീണ അഞ്ച് പ്രിയ സഖാക്കളുടെ ഓര്‍മകള്‍ ജ്വലിപ്പിച്ച് പുതുതലമുറ വീണ്ടും കൂത്തുപറമ്പില്‍ ഒത്തുചേര്‍ന്നു. രക്തസാക്ഷികളുടെ ബന്ധുക്കളും പോരാളികളുമുള്ള കൂട്ടായ്മ കുറ്റവാളികളെ മുഴുവന്‍ തുറുങ്കിലടക്കണമെന്ന നാടിന്റെ ആവശ്യം മുഴങ്ങുന്ന വേദിയായി.

കൂത്തുപറമ്പ് വെടിവയ്പ്പ്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. കെ കെ രാജീവനും ഷിബുലാലും ബാബുവും മധുവും റോഷനും പിടഞ്ഞുവീണ മണ്ണില്‍ വെടിയുണ്ടക്കും ലാത്തിച്ചാര്‍ജിനുംമുന്നില്‍ നിറനെഞ്ചുകാട്ടിയ പോരാളികളുടെ ഒത്തുചേരല്‍ കൂടിയായി സംഗമം. വെടിവയ്പ്പില്‍ ശരീരംതളര്‍ന്ന് കിടപ്പിലായ ചൊക്ലിയിലെ പുഷ്പന്റെ ഐക്യദാര്‍ഢ്യസന്ദേശവും രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളും ഒപ്പം പരിക്കേറ്റവരുടെ സാന്നിധ്യവും സംഗമത്തിന് കരുത്തേകി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് എ എന്‍ ഷംസീര്‍ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍പോള്‍ , കൂത്തുപറമ്പ് സമരനായകരിലൊരാളായ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പന്റെ സന്ദേശം സംസ്ഥാന വൈസ്പ്രസിഡന്റ് പി പി ദിവ്യ വായിച്ചു. ജില്ല സെക്രട്ടറി പി സന്തോഷ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി രാഗേഷ്കീരാച്ചി നന്ദിയും പറഞ്ഞു. രക്തസാക്ഷി റോഷന്റെ അച്ഛന്‍ വാസു, ഷിബുലാലിന്റെ അച്ഛന്‍ നാണു, മധുവിന്റെ സഹോദരന്‍ കെ മനോജ്, ബാബുവിന്റെ സഹോദരന്‍ കുഞ്ഞനന്തന്‍ , രാജീവന്റെ സഹോദരന്‍ ബാബു എന്നിവരും ആവേശം പകരുന്ന സാന്നിധ്യമായി.

രക്തസാക്ഷിത്വത്തിന്റെ പതിനേഴാംവാര്‍ഷികത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് കൂട്ടക്കൊല പുനരന്വേഷിക്കണമെന്ന ആവശ്യം സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നത്. ഗൂഢാലോചനയെക്കുറിച്ചുള്ള പുതിയവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീതിതേടിയുള്ള പോരാട്ടത്തിന് ഡിവൈഎഫ്ഐ തുടക്കംകുറിക്കുന്നത്.

deshabhimani 301011

1 comment:

  1. രക്തസാക്ഷിസ്മരണകളിരമ്പിയ സായാഹ്നത്തില്‍ പോരാട്ടഭൂമിയില്‍ നീതിതേടി സമരശക്തിസംഗമം. യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ പൊരുതിവീണ അഞ്ച് പ്രിയ സഖാക്കളുടെ ഓര്‍മകള്‍ ജ്വലിപ്പിച്ച് പുതുതലമുറ വീണ്ടും കൂത്തുപറമ്പില്‍ ഒത്തുചേര്‍ന്നു. രക്തസാക്ഷികളുടെ ബന്ധുക്കളും പോരാളികളുമുള്ള കൂട്ടായ്മ കുറ്റവാളികളെ മുഴുവന്‍ തുറുങ്കിലടക്കണമെന്ന നാടിന്റെ ആവശ്യം മുഴങ്ങുന്ന വേദിയായി.

    ReplyDelete