ജോര്‍ജിന് കുരുക്ക് മുറുകി
മുന്‍മന്ത്രി എ കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വനിതാ വാച്ച് ആന്റ് വാര്‍ഡിനെതിരെ അശ്ലീലപരാമര്‍ശം നടത്തുകയും ചെയ്ത ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കുരുക്കുമുറുകി. പട്ടികജാതി പീഡനം, സ്ത്രീകളെ അപമാനിക്കല്‍ , നിയമസഭാ ചട്ടലംഘനം എന്നിവയ്ക്ക് ജോര്‍ജ് പ്രതിസ്ഥാനത്താണ്. പി സി ജോര്‍ജിന്റെയും മന്ത്രി കെ ബി ഗണേശ്കുമാറിന്റെയും പരാമര്‍ശത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തുടങ്ങിയവരും രംഗത്തുവന്നു. എന്നാല്‍ , ജോര്‍ജിന്റെ അസഭ്യവര്‍ഷത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ "തനിക്ക് വേറെ പണിയുണ്ട്" എന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുന്‍മന്ത്രി എ കെ ബാലനും എതിരെ ഗണേശനും ജോര്‍ജും നടത്തിയ ആഭാസപ്രസംഗത്തിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് ഗണേശ്കുമാര്‍ ശനിയാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. പൊതുവേദിയില്‍ ജാതിവിളിച്ച് അധിക്ഷേപിച്ചതിന് പി സി ജോര്‍ജിനെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം അനുസരിച്ച് എ കെ ബാലന്‍ പൊലീസില്‍ പരാതി നല്‍കും. എല്‍ഡിഎഫിന്റെ അനുമതി ലഭിച്ചാലുടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബാലന്‍ അറിയിച്ചു. 31ന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. നിയമസഭയില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പുറത്ത് പ്രസംഗിച്ചതിന് ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് ബാലന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. തനിക്കെതിരെ അപമാനകരമായ പ്രസംഗം നടത്തിയതിന് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വി എസ് രജനികുമാരി സ്പീക്കര്‍ക്ക് പരാതി നല്‍കും.
സ്ത്രീ സമൂഹത്തിനാകെ അപമാനകരമായ പ്രസ്താവന തുടരുന്ന പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാരും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സ്പീക്കറുടെ റൂളിങ്ങിനു വിരുദ്ധമായി പ്രസംഗിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നടപടി പ്രഥമദൃഷ്ട്യാ അവകാശലംഘനമാണെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. റൂളിങ്ങിനെ ധിക്കരിച്ച ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് സ്വമേധയാ നടപടിയെടുക്കാമെന്ന് സഭാ നടപടിച്ചട്ടം പറയുന്നു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജോര്‍ജിനെയും ഗണേശനെയും തള്ളിപ്പറഞ്ഞു. ഇരുവരും സംയമനം പാലിക്കണമായിരുന്നുവെന്ന് ചെന്നിത്തലയും അതിരുവിട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പറഞ്ഞു. ആദരണീയരായ ജനനേതാക്കളെ അപമാനിച്ചതിനെതിരെ പൊതുവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കെ മുരളീധരന്‍ എംഎല്‍എയും രൂക്ഷവിമര്‍ശനം നടത്തി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തുടങ്ങിയവര്‍ ജോര്‍ജിനും ഗണേശനുമെതിരെ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചതായി അറിയുന്നു. ജോര്‍ജിനെതിരെ ശക്തമായ നടപടിവേണമെന്ന് സ്പീക്കര്‍ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിവേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗവും ജോര്‍ജിനെതിരെ ലഭിച്ച അവസരം പ്രയോജനപ്പെടുത്തും.
എന്നാല്‍ , എ കെ ബാലനെ ജാതിവിളിച്ച് ആക്ഷേപിച്ചത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. ഇതേതുടര്‍ന്ന് ചില ചാനലുകള്‍ ജോര്‍ജിന്റെ പത്തനാപുരത്തെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ആവര്‍ത്തിച്ച് സംപ്രേക്ഷണംചെയ്തു. ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പട്ടികജാതി- വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജാതിപറഞ്ഞ് അധിക്ഷേപം: 5 വര്‍ഷംവരെ തടവ് കിട്ടാവുന്ന കുറ്റം
മുന്‍മന്ത്രി എ കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിന്റേത് അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. 1989ലെ പട്ടികജാതി/വര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ മൂന്നാംവകുപ്പിലെ പത്താം ഉപവകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കാനും വ്യവസ്ഥയില്ല. അതേസമയം, പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മന്ത്രി ഗണേശ് കുമാറിനും ജോര്‍ജിനും എതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പൊതുസ്ഥലത്തുവച്ച് ജാതിവിളിച്ച് ആക്ഷേപിച്ചെന്ന കുറ്റത്തിന് കുറഞ്ഞത് ആറുമാസമോ പരമാവധി അഞ്ചുവര്‍ഷം വരെയോ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണ ചെയ്യേണ്ടത്. പട്ടികജാതി അതിക്രമം തടയല്‍ നിയമം അനുസരിച്ച് പരാതി നല്‍കിയാല്‍ പൊലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണം. ആറുമാസം വരെ തടവുശിക്ഷയാണ് ഇതിന് നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. പി സി ജോര്‍ജിനെതിരെ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാനും അധികാരമുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് പരിശോധിച്ച് അറസ്റ്റ് ചെയ്യണം.
ജോര്‍ജിനെ നിലയ്ക്കു നിര്‍ത്തണം: പിണറായി
കാഞ്ഞങ്ങാട്: മുന്‍മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലനെ ജാതിപറഞ്ഞ് അപമാനിച്ച ചീഫ്വിപ്പ് പി സി ജോര്‍ജിനെ ഇത്തരത്തില്‍ കയറൂരി വിടുന്നത് ഭൂഷണമാണോയെന്ന് യുഡിഎഫ് നേതൃത്വം ആലോചിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് സിപിഐ എം നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഭ്യം പറയാനുള്ള മികവാണ് മന്ത്രിയുടെ പദവിയുള്ള ചീഫ്വിപ്പിന്റെ യോഗ്യത എന്നുവരുന്നത് ഗുണകരമല്ല. ആരെയും എന്തു തെറിയും വിളിക്കാമെന്നാണ് ജോര്‍ജ് കരുതുന്നത്. ഇത് അനുവദിയ്ക്കണോയെന്ന് പലരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് ആരും എതിരല്ല. അതിന് മാന്യത വേണം. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കാക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഇത്തരം ജല്‍പ്പനങ്ങള്‍ അനുവദിക്കില്ലെന്ന അവസ്ഥയുണ്ടാക്കാനുള്ള ജാഗ്രത സമൂഹത്തിനുണ്ടാകണം. പൊതുപ്രവര്‍ത്തകരെ അപഹസിക്കുകയെന്നത് യുഡിഎഫിന്റെ സംസ്കാരമായി മാറിയെന്നാണ് മന്ത്രി ഗണേശ്കുമാറിന്റെ പ്രസംഗം തെളിയിക്കുന്നത്. ഏത് അബോധാവസ്ഥയിലും വി എസിനെപ്പോലുള്ള നേതാവിനെക്കുറിച്ച് പറയാന്‍ പറ്റുന്ന വാക്കുകളല്ല മന്ത്രി പ്രയോഗിച്ചത്. മുഖ്യമന്ത്രി നിയമസഭയിലും മന്ത്രി പുറത്തും ഖേദം പ്രകടിപ്പിച്ചതുകൊണ്ട് തീരുന്ന കുറ്റമല്ല ഇത് -പിണറായി പറഞ്ഞു.
മന്ത്രിക്കും ചീഫ് വിപ്പിനും പ്രത്യേക നിയമമുണ്ടോ: കോടിയേരി
കൂത്തുപറമ്പ്: പത്തനാപുരം പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ഗണേശ്കുമാറിനും ചീഫ്വിപ്പ് പി സി ജോര്‍ജിനുമെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പില്‍ പുനരന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമരശക്തിസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകോപനപരമായ പ്രസംഗം നടത്തിയതിന് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? മന്ത്രിക്കും ചീഫ്വിപ്പിനും കേരളത്തില്‍ പ്രത്യേക നിയമമുണ്ടോ. നിയമം ലംഘിക്കുന്ന മന്ത്രിമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തകാര്യമാണ് ഗണേശ്കുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് മാത്രമല്ല, കേരളത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നേതാവ് കൂടിയാണ് വി എസ്. സംസ്കാരമുള്ള ആരും ആവര്‍ത്തിക്കാന്‍ മടിക്കുന്ന പദപ്രയോഗമാണ് മന്ത്രി വിഎസിനെതിരെ നടത്തിയത്. എ കെ ബാലന്‍ എംഎല്‍എയെക്കുറിച്ച് പി സി ജോര്‍ജ് നടത്തിയതും ആക്ഷേപകരമായ കാര്യമാണ്. വാളകം സംഭവത്തില്‍ മന്ത്രി ഗണേശ്കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യംചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഗണേഷിനും ജോര്‍ജിനുമെതിരെ യുഡിഎഫ് നേതാക്കള്‍
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളിലെ സാരാംശത്തോട് യോജിപ്പാണെന്നും എന്നാല്‍ ശൈലിയോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന്റെ പ്രസംഗം അതിരുകടന്നുപോയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പി സി ജോര്‍ജ് സംയമനം പുലര്‍ത്തണമെന്നും വാച്ച് ആന്‍ഡ് വാര്‍ഡിനെക്കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജോര്‍ജിന്റെ പ്രസ്താവനെയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവാദമാണ് ആവശ്യമെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. നേതാക്കള്‍ നല്ല ഭാഷ ഉപയോഗിക്കണമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു: കെ മുരളീധരന്‍
തൃശൂര്‍ : മന്ത്രി കെ ബി ഗണേശ് കുമാറിന്റെയും പി സി ജോര്‍ജിന്റെയും അഭിപ്രായ പ്രകടനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍ എംഎല്‍എ. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍ . പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മന്ത്രി ഗണേശ്കുമാറിന്റെ പ്രസ്താവന അപമാനകരമാണ്. ഒരു കാരണവശാലും ഒരു വ്യക്തിയും മറ്റൊരു വ്യക്തിയോട് പറയാന്‍ പാടില്ലാത്ത വാക്കുകളാണ്. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിരുവിടുന്നു. എ കെ ബാലന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശിക്കാം. അതല്ലാതെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമായി. വിവാദത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പ്പാകരുതെന്നും മുരളീധരന്‍ പറഞ്ഞു.
സത്യപ്രതിജ്ഞാലംഘനം നടത്തി: കെ പി രാഘവപൊതുവാള്‍
കണ്ണൂര്‍ : പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ അസഭ്യം പറഞ്ഞ് നിന്ദിച്ച മന്ത്രി കെ ബി ഗണേഷ്കുമാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്ന് അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ പി രാഘവപൊതുവാള്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിയെ ശാസിച്ചതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അത് ശരിവച്ചിരിക്കുകയാണ്. മാപ്പ് ചോദിച്ചതുകൊണ്ടായില്ല. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. എത്രയും വേഗം രാജിവയ്ക്കണം. അതിനു തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം- സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി അംഗവും മുന്‍ എംഎല്‍എയുമായ രാഘവപൊതുവാള്‍ പറഞ്ഞു.
ഗണേശ്കുമാറിനും ജോര്‍ജിനും എതിരായ ഹര്‍ജികള്‍ ഫയലില്‍
കൊല്ലം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ആഭാസപ്രസംഗം നടത്തിയ മന്ത്രി കെ ബി ഗണേശ്കുമാറിനും മുന്‍ മന്ത്രി എ കെ ബാലനെ അധിക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനും എതിരായ സ്വകാര്യ അന്യായങ്ങള്‍ പുനലൂര്‍ മൂന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. പത്തനാപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ വി എസിനെതിരെ അസഭ്യച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ക്രമസമാധാനത്തിന് ഭംഗമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് മന്ത്രി ഗണേശ്കുമാറിനെതിരെ ഡിവൈഎഫ്ഐ പത്തനാപുരം ഏരിയസെക്രട്ടറി എസ് സജീഷ് ഹര്‍ജി നല്‍കിയത്.
മുന്‍ പട്ടികജാതി വികസനമന്ത്രി എ കെ ബാലനെ ജാതിപറഞ്ഞ് ആക്ഷേപിച്ചതിനാണ് പി സി ജോര്‍ജിനെതിരെ പിറവന്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാജമ്മ ഹര്‍ജി നല്‍കിയത്. പി സി ജോര്‍ജ് പട്ടികജാതി- വര്‍ഗ സംരക്ഷണനിയമം സെക്ഷന്‍ ഒന്ന്, മൂന്ന്, 10 വകപ്പുകള്‍ പ്രകാരവും പൊലീസ് ആക്ട് 118 അനുസരിച്ചും കുറ്റക്കാരനാണെന്ന് പരാതിയില്‍ പറയുന്നു. ഇരുവരുടെയും വിവാദപ്രസംഗത്തിന്റെ വീഡിയോ സിഡികളും മജിസ്ട്രേട്ട് സി എസ് അമ്പിളി മുമ്പാകെ ഹാജരാക്കി. അഭിഭാഷകരായ ടി എം ജാഫര്‍ഖാന്‍ , എസ് സേതുമോഹന്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജികള്‍ നവംബര്‍ മൂന്നിന് പരിഗണിക്കും.
പ്രതിഷേധം ഭയന്ന് മന്ത്രി ഗണേശ്കുമാര്‍ ചടങ്ങിനെത്തിയില്ല
ബാലുശേരി: കിനാലൂര്‍ ഉഷ സ്കൂളിലെ സിന്തറ്റിക് ട്രാക്ക് നിര്‍മാണപ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷംവഹിക്കേണ്ട മന്ത്രി ഗണേശ്കുമാര്‍ യുവജന-വിദ്യാര്‍ഥി പ്രതിഷേധത്തെ ഭയന്ന് ചടങ്ങിനെത്തിയില്ല. ശനിയാഴ്ച മന്ത്രിയെത്തുമെന്നറിഞ്ഞ് നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പൂവമ്പായിയിലും കിനാലൂരിലുമെത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹവും ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. മന്ത്രി ചടങ്ങിനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചടങ്ങ് നടക്കുന്ന സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. ഉഷ സ്കൂളിന്റെ ഒരു കിലോമീറ്റര്‍ അകലെയുള്ള ഏഴുകണ്ടി അങ്ങാടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഗണേശ്കുമാറിന്റെ കോലം കത്തിച്ചു. പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് സംഘാടകര്‍ വേദിയിലെയും നേരത്തെ സ്ഥാപിച്ച കവാടങ്ങളിലെയും ഗണേശ്കുമാറിന്റെ ഫോട്ടോകള്‍ എടുത്തുമാറ്റിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം പി അജീന്ദ്രന്‍ , പ്രസിഡന്റ് കെ എം സുരേഷ്, കെ ഷാജി, പി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
deshabhimani 301011
No comments:
Post a Comment