Saturday, October 29, 2011

സമനില തെറ്റി മന്ത്രിയും ചീഫ് വിപ്പും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി


മാപ്പില്ലാത്ത കുറ്റകൃത്യമാണ് സമനില തെറ്റിയ മന്ത്രിയെയും ഗവ. ചീഫ് വിപ്പിനെയും കയറൂരിവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തോട് ചെയ്തത്. മന്ത്രി കെ ബി ഗണേശ് കുമാറിന്റെയും ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും പത്തനാപുരം പ്രകടനം വെറുമൊരു ഖേദപ്രകടനത്തില്‍ ഒതുക്കാവുന്നതല്ല. ഇവരെ എന്തുചെയ്യുമെന്ന ചോദ്യം യുഡിഎഫിനുള്ളിലും ശക്തമായി. യുഡിഎഫ് മന്ത്രിമാരുടെയും മന്ത്രിപദവിയിലിരിക്കുന്ന ചീഫ് വിപ്പിന്റെയും പ്രകടനം സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുകയാണ്. ഒരു മന്ത്രി സഭയ്ക്കകത്ത് മേശപ്പുറത്ത് ചാടിക്കയറിയതിനു പിന്നാലെയാണ് പത്തനാപുരത്തെ അരങ്ങേറ്റം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചീഫ് വിപ്പ് ദിവസേന പ്രകോപനം സൃഷ്ടിച്ച് പ്രശ്നങ്ങള്‍ ആളിക്കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും തുറന്നുപറയുന്നു. ജോര്‍ജ് മൂക്കുകയറില്ലാത്ത കാളയാണെന്നും എത്രയുംവേഗം തളയ്ക്കണമെന്നും യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നേരത്തേ അഭിപ്രായപ്പെട്ടതാണ്. അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ ക്ഷീണിതനായ ഉമ്മന്‍ചാണ്ടി സഹമന്ത്രിമാരെയും ചീഫ് വിപ്പിനെയും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്. നൂലിഴ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഗണേശിനെയും ജോര്‍ജിനെയും സംരക്ഷിക്കുകയാണദ്ദേഹം.

കേരളമാകെ അമ്പരന്ന സംഭവമാണ് വ്യാഴാഴ്ച പത്തനാപുരത്തുണ്ടായത്. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും പദപ്രയോഗങ്ങള്‍ കേട്ട് ജനങ്ങള്‍ തലകുനിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മന്ത്രി ഗണേശ്കുമാര്‍ ആഭാസപ്രസംഗം നടത്തിയപ്പോള്‍ ചീഫ് വിപ്പ് മന്ത്രിയെ കടത്തിവെട്ടി. മുന്‍ മന്ത്രി എ കെ ബാലനെ അധിക്ഷേപിച്ച ജോര്‍ജ് വി എസിനെയും എംഎല്‍എമാരെയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെയും അപമാനിച്ചു. ഭീഷണിയും ആഭാസകരമായ പരാമര്‍ശങ്ങളുമായിരുന്നു പ്രസംഗത്തിലുടനീളം. തങ്ങളുടെ സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ കൈകാര്യംചെയ്തതാണെന്നും ഗണേശ്കുമാര്‍ വെളിപ്പെടുത്തി.

സംസ്ഥാനത്താകെ കത്തിപ്പടര്‍ന്ന പ്രതിഷേധം വെള്ളിയാഴ്ച നിയമസഭയിലും പ്രതിഫലിച്ചു. പ്രതിഷേധത്തിനു മുമ്പില്‍ കീഴടങ്ങിയ ഗണേശ്കുമാര്‍ ഖേദിക്കുന്നതായി പറഞ്ഞു. എന്നാല്‍ , വി എസിനെപ്പോലെ സര്‍വാദരണീയനായ ഒരു നേതാവിനെതിരെ തെറിപ്രസംഗം നടത്തിയതില്‍ മന്ത്രിക്ക് തരിമ്പും കുറ്റബോധമില്ല. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. നിയമസഭ ചേരുന്നതിനു തൊട്ടുമുമ്പ് പത്തനാപുരത്തെ ആഭാസപ്രയോഗങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായാണ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.

പി സി ജോര്‍ജാകട്ടെ വെല്ലുവിളികളുമായാണ് രംഗത്തിറങ്ങിയത്. പ്രായം കുറവായിരുന്നെങ്കില്‍ വി എസിനെതിരെ ഇതില്‍കൂടുതല്‍ പറയണമായിരുന്നു എന്നും അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നും ജോര്‍ജ് പലതവണ ആവര്‍ത്തിച്ചു. ഗണേശ് പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമല്ല എന്നു പറഞ്ഞ് അപമാനകരമായ പ്രവൃത്തിക്ക് മറയിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഗണേശിനെതിരെ കേസെടുക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചുമില്ല. പത്തനാപുരം പ്രസംഗത്തിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച രാത്രിമുതല്‍ സംസ്ഥാനത്താകെ ഉയരുന്ന പ്രതിഷേധം മുഖ്യമന്ത്രിക്കുള്ള സൂചനയാണ്. കേരളത്തിന്റെ സംസ്കാരത്തിനും അന്തസ്സിനും മേല്‍ ചെളിവാരിയെറിഞ്ഞ ഗണേശിനെയും ജോര്‍ജിനെയും കൊണ്ടുനടക്കുന്നത് അദ്ദേഹത്തിന് അത്രയ്ക്ക് എളുപ്പമാവില്ല.
(കെ എം മോഹന്‍ദാസ്)

നിലതെറ്റി ചീഫ് വിപ്പ് എ കെ ബാലനെ അധിക്ഷേപിച്ചു

പത്തനാപുരം: മുന്‍ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലനെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ജാതി പറഞ്ഞ് അധിക്ഷേപിച്ചു. മന്ത്രി ഗണേശ്കുമാര്‍ വി എസിനെതിരെ അസഭ്യം ചൊരിഞ്ഞ യോഗത്തില്‍തന്നെയാണ് ജോര്‍ജ്, മുന്‍ പട്ടികജാതിവികസനമന്ത്രി എ കെ ബാലനെ അധിക്ഷേപിച്ചത്. വ്യാഴാഴ്ച രാത്രി പത്തനാപുരത്ത് ചേര്‍ന്ന യുഡിഎഫ് പൊതുയോഗത്തില്‍ , പട്ടികജാതിക്കാരനായതുകൊണ്ട് കൂടുതലായി ഞാനൊന്നും പറയുന്നില്ലെന്ന് പറഞ്ഞായിരുന്നു ജോര്‍ജ് എ കെ ബാലനെതിരായ അധിക്ഷേപം ആരംഭിച്ചത്. "അയാളിപ്പോഴും മന്ത്രിയാണെന്നാണ് വിചാരം. ഭരണം പോയതൊന്നും അറിഞ്ഞിട്ടില്ല. നിയമസഭയില്‍ മന്ത്രി ഗണേശ്കുമാറിനെ മിസ്റ്റര്‍ ഗണേശനെന്നൊക്കെയല്ലേ വിളിക്കുന്നത്. മന്ത്രിയെന്നല്ലേടാ വിളിക്കേണ്ടത് പൊട്ടാ"- ജോര്‍ജ് പറഞ്ഞു. 14ന് നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ ഭരണപക്ഷത്തിനൊപ്പം നിന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡും ജോര്‍ജിന്റെ അധിക്ഷേപത്തിന് ഇരയായി. ചുറ്റുംകൂടിയ യുഡിഎഫ് പ്രവര്‍ത്തകരെ രസിപ്പിക്കാനായി, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിക്കുന്ന തരത്തില്‍ സംഭവത്തിന് ജോര്‍ജ് അശ്ലീല വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു.

ആഭാസപ്രസംഗം: സഭയിലും പുറത്തും പ്രതിഷേധം മന്ത്രി ഗണേശ്കുമാറിനെ പുറത്താക്കണം

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ആഭാസപ്രസംഗം നടത്തിയ കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിയമസഭ സ്തംഭിച്ചു. ഗണേശിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗണേശിനെതിരെ കേരളമാകെ ശക്തമായ പ്രതിഷേധം അലയടിച്ചു. ഗണേശിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രകടനം നടന്നു. ഗണേശിന്റെ മണ്ഡലമായ പത്തനാപുരത്ത് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. അറപ്പും വെറുപ്പുമുളവാക്കുന്ന തരത്തില്‍ പ്രസംഗിച്ച ഗണേശിനെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , കക്ഷിനേതാക്കളായ സി ദിവാകരന്‍ , മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഗണേശ് തെളിയിച്ചിരിക്കയാണ്. സംസ്കാരസമ്പന്നരായ കേരളജനതയെ അപമാനിക്കുംവിധമാണ് മന്ത്രി പൊതുയോഗത്തില്‍ പ്രസംഗിച്ചത്. നാട്ടില്‍ കലാപവും സംഘര്‍ഷവും സൃഷ്ടിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രിയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണ്. പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയതിന് ആര്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ കാട്ടിയ ആര്‍ജവം ഉമ്മന്‍ചാണ്ടിക്ക് ഇല്ലാതെപോയത് ലജ്ജാകരമാണ്. നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനായി, സ്വഭാവവൈകൃതം കാട്ടുന്നവരെപ്പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ നയം അംഗീകരിക്കാനാകില്ല.

വാളകം സംഭവത്തില്‍ സംശയത്തിന്റെ സൂചിമുന ബാലകൃഷ്ണപിള്ളയ്ക്കും തനിക്കുംനേരെ തിരിയുന്നതാണ് ഗണേശിനെ പ്രകോപിതനാക്കിയത്. "കൃഷ്ണകുമാറിനെ കൈകാര്യംചെയ്ത പോലെ" എന്നും മന്ത്രി വാളകത്ത് പ്രസംഗിച്ചിട്ടുണ്ട്. ഇതിനര്‍ഥം വാളകത്ത് നടന്നത് അപകടമല്ല, അക്രമമാണെന്ന് മന്ത്രിക്ക് അറിയാമെന്നാണ്. ഇതുസംബന്ധിച്ച് മന്ത്രിയെ ചോദ്യംചെയ്യണമെന്നും പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.

നിയമസഭയില്‍ രാവിലെ 8.30ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ കോടിയേരിയാണ് വിഷയം ഉന്നയിച്ചത്. സമുന്നതനായ കമ്യൂണിസ്റ്റ് നേതാവും ജനനേതാവുമായ വി എസിനെതിരെ ഹീനവും നിന്ദ്യവുമായ പരാമര്‍ശങ്ങളാണ് ഗണേശ് നടത്തിയതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിലപാടാണോ ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗണേശന്റെ പരാമര്‍ശങ്ങളെ ഗൗരവമായി കണ്ട് മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം കിട്ടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഗണേശിന്റേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും സര്‍ക്കാരിനുവേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, ഗണേശ് എന്തോ പറയാനായി എഴുന്നേറ്റെങ്കിലും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി.

കേരളത്തിനും നിയമസഭയ്ക്കും കളങ്കം വരുത്തിയ ഗണേശിനെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ ആവശ്യപ്പെട്ടു. സഭയ്ക്ക് പുറത്ത് നടന്ന സംഭവമായതിനാല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. സഭയില്‍ വരുമ്പോള്‍ മാത്രമല്ല എവിടെ പോയാലും മന്ത്രിയാണെന്നും സാംസ്കാരികകേരളത്തിനുതന്നെ അപമാനമായ ഗണേശിനെ പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇതോടെ ഗണേശിനെ പുറത്താക്കണമെന്ന മുദ്രാവാക്യം വിളികളുയര്‍ന്നു. പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി സഭയ്ക്ക് പുറത്തിറങ്ങി. ഗണേശിനെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സഭാകവാടത്തില്‍ കോടിയേരി വാര്‍ത്താലേഖകരെ അറിയിച്ചു. വി എസിനെ അപമാനിച്ച മന്ത്രിയോട് മുഖ്യമന്ത്രി മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഈ നിലപാട് തിരുത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും കോടിയേരി പറഞ്ഞു.

ഗണേശിനെയും ജോര്‍ജിനെയും നിലയ്ക്ക് നിര്‍ത്തണം: ശ്രീരാമകൃഷ്ണന്‍

മന്ത്രി ഗണേശ്കുമാറിനെയും ചീഫ് വിപ്പ് പി സി ജോര്‍ജിനെയും മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കേരളരാഷ്ട്രീയത്തിന്റെ സംസ്കാരം പാതാളത്തോളം താഴ്ത്തുന്ന മാടമ്പിസംഘത്തിന്റെ നേതാവായി ഉമ്മന്‍ചാണ്ടി മാറിയെന്നും ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെയുള്ള അധിക്ഷേപം ഒറ്റപ്പെട്ടതല്ല. മുഖ്യമന്ത്രിയാണ് വി എസിന്റെ പക എന്ന പ്രയോഗം ആദ്യം നിയമസഭയില്‍ ഉന്നയിച്ചത്. അധാര്‍മികത, പെണ്‍വാണിഭം, അഴിമതി എന്നിവയ്ക്കെതിരെയുള്ള പോരാട്ടം പകയെന്ന് പറഞ്ഞ് അനുയായികള്‍ക്ക് ഊര്‍ജം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്കാരശൂന്യമായ പ്രസ്താവനയ്ക്കുശേഷം ഖേദം പറഞ്ഞ് തടിതപ്പാന്‍ ഗണേശ്കുമാര്‍ ശ്രമിക്കേണ്ട. വാളകം സംഭവത്തില്‍ അദ്ദേഹം പുതിയ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യംചെയ്യണം. വി എസിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞതിന് കേസെടുക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മുന്‍മന്ത്രി എ കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കണം. കേരളനവോത്ഥാനത്തെ ചവിട്ടിത്താഴ്ത്തുന്ന മദംപൊട്ടിയ ഈ കാളയെ മൂക്കുകയറിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതിനുകഴിഞ്ഞില്ലെങ്കില്‍ ജോര്‍ജിനെ ജനം കൈകാര്യംചെയ്യുന്ന സ്ഥിതിവരും. ഗണേശ്കുമാറിനെയും പി സി ജോര്‍ജിനെയും സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ , തിരുവനന്തപുരം ജില്ലാസെക്രട്ടറി എസ് പി ദീപക്, പ്രസിഡന്റ് ബി ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗണേശിന്റെ ആഭാസപ്രസംഗം: നാടെങ്ങും പ്രതിഷേധം

തിരു: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ . വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മന്ത്രിയുടെ കോലവും കത്തിച്ചു. തലസ്ഥാനത്ത് നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുന്നിലേക്കു നടന്ന പ്രതിഷേധമാര്‍ച്ചുകളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മന്ത്രിയുടെ അശ്ലീലവര്‍ഷത്തിനെതിരെ ജനവികാരം അണപൊട്ടി. വ്യാഴാഴ്ച രാത്രി ആരംഭിച്ച പ്രകടനങ്ങളുടെ തുടര്‍ച്ചയായി മന്ത്രിക്കെതിരായ പ്രതിഷേധം സംസ്ഥാനമെങ്ങും അലയടിച്ചു. ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്റെയും നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച ഡിവൈഎഫ്ഐ മാര്‍ച്ചില്‍ അണിനിരന്ന യുവജനങ്ങള്‍ ഗണേശ്കുമാര്‍ രാജിവയ്ക്കണമെന്ന് മുദ്രാവാക്യം ഉയര്‍ത്തി. നിയമസഭയ്ക്കുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, എ സമ്പത്ത് എംപി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ , വൈസ് പ്രസിഡന്റ് എസ് പി ദീപക്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബി ബിജു എന്നിവര്‍ സംസാരിച്ചു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ നിയമസഭയ്ക്കുമുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആശാ പ്രവര്‍ത്തകരും അണിചേര്‍ന്നു. സിപിഐ എം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി, വൈസ് പ്രസിഡന്റ് സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, എം ജി മീനാംബിക, പുഷ്പലത എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിനുമുന്നിലേക്ക് മാര്‍ച്ച് നടത്തി. ഗണേശ്കുമാറിന്റെ കോലം കത്തിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എ എ റഹിം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍ ബാലമുരളി സംസാരിച്ചു.

എസ്എഫ്ഐ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയറ്റിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനുമുന്നില്‍ പൊലീസ് തടഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ ധര്‍ണ നടത്തി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ആര്‍ ബാലമുരളി സംസാരിച്ചു. വിദ്യാര്‍ഥികള്‍ ഗണേശ്കുമാറിന്റെ കോലവും കത്തിച്ചു. ഗണേശിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാവിലെ സെക്രട്ടറിയറ്റില്‍ മന്ത്രി ഗണേശ്കുമാറിന്റെ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

deshabhimani 291011

2 comments:

  1. മാപ്പില്ലാത്ത കുറ്റകൃത്യമാണ് സമനില തെറ്റിയ മന്ത്രിയെയും ഗവ. ചീഫ് വിപ്പിനെയും കയറൂരിവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തോട് ചെയ്തത്. മന്ത്രി കെ ബി ഗണേശ് കുമാറിന്റെയും ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും പത്തനാപുരം പ്രകടനം വെറുമൊരു ഖേദപ്രകടനത്തില്‍ ഒതുക്കാവുന്നതല്ല. ഇവരെ എന്തുചെയ്യുമെന്ന ചോദ്യം യുഡിഎഫിനുള്ളിലും ശക്തമായി. യുഡിഎഫ് മന്ത്രിമാരുടെയും മന്ത്രിപദവിയിലിരിക്കുന്ന ചീഫ് വിപ്പിന്റെയും പ്രകടനം സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുകയാണ്. ഒരു മന്ത്രി സഭയ്ക്കകത്ത് മേശപ്പുറത്ത് ചാടിക്കയറിയതിനു പിന്നാലെയാണ് പത്തനാപുരത്തെ അരങ്ങേറ്റം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചീഫ് വിപ്പ് ദിവസേന പ്രകോപനം സൃഷ്ടിച്ച് പ്രശ്നങ്ങള്‍ ആളിക്കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും തുറന്നുപറയുന്നു. ജോര്‍ജ് മൂക്കുകയറില്ലാത്ത കാളയാണെന്നും എത്രയുംവേഗം തളയ്ക്കണമെന്നും യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നേരത്തേ അഭിപ്രായപ്പെട്ടതാണ്. അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ ക്ഷീണിതനായ ഉമ്മന്‍ചാണ്ടി സഹമന്ത്രിമാരെയും ചീഫ് വിപ്പിനെയും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്. നൂലിഴ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഗണേശിനെയും ജോര്‍ജിനെയും സംരക്ഷിക്കുകയാണദ്ദേഹം.

    ReplyDelete
  2. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളിലെ സാരാംശത്തോട് യോജിപ്പാണെന്നും എന്നാല്‍ ശൈലിയോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന്റെ പ്രസംഗം അതിരുകടന്നുപോയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പി സി ജോര്‍ജ് സംയമനം പുലര്‍ത്തണമെന്നും വാച്ച് ആന്‍ഡ് വാര്‍ഡിനെക്കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജോര്‍ജിന്റെ പ്രസ്താവനെയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവാദമാണ് ആവശ്യമെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. നേതാക്കള്‍ നല്ല ഭാഷ ഉപയോഗിക്കണമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു.

    ReplyDelete