Thursday, October 27, 2011

തമിഴ്‌നാട്ടില്‍ ഭ്രൂണഹത്യ പെരുകുന്നു

ഉസ്ലാംപെട്ടി, സേലം എന്നിവിടങ്ങളില്‍ ഭ്രൂണഹത്യകള്‍ നടക്കുന്നില്ലെന്നു പറയുന്ന തമിഴ്‌നാട് സര്‍ക്കാര്‍ പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നവര്‍ക്കായി കൂടുതല്‍ 'അമ്മത്തൊട്ടിലുകള്‍' സ്ഥാപിക്കുന്ന നടപടി വിവാദമാകുന്നു.

 ജയലളിതയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നൂറ് ദിവസങ്ങള്‍ തികഞ്ഞപ്പോഴാണ് ഗൂഡല്ലൂര്‍, അരികല്ലുര്‍, പെറമ്പല്ലൂര്‍, വില്ലിപുറം എന്നിവിടങ്ങളില്‍ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളില്‍ അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്.

കൂടുതല്‍ സ്ഥലങ്ങളിലേക്കുകൂടി അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുകൊണ്ട് അറിയിക്കുമ്പോള്‍ ജനസംഖ്യാനുപാത കണക്കില്‍ സ്ത്രീകളുടെ ശരാശരി എണ്ണത്തില്‍ സേലം ജില്ലയില്‍ വര്‍ധന ഉണ്ടായതായും പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗപരിശോധനയിലൂടെയോ പിറന്നുകഴിഞ്ഞോ സേലം  ജില്ലയില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തി വന്ന പ്രവണത അവസാനിച്ചതായി നടത്തിയ പ്രഖ്യാപനം കഴമ്പില്ലാത്താണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്.

2001 ലെ സെന്‍സസ് പ്രകാരം ആയിരം പുരുഷന്‍മാരുടെ സ്ഥാനത്ത് 851 സ്ത്രീകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2011 ലെ സെന്‍സസ് പ്രകാരം സ്ത്രീകളുടെ അനുപാതം 917 ആയി സേലത്ത് വര്‍ധിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിലെ വര്‍ധനവ് ഒന്നുകൊണ്ടുമാത്രം പെണ്‍ഹത്യകള്‍ സേലത്തും ഉസ്‌ലാംപെട്ടിയിലും നിലച്ചു എന്നു പറയുന്നതില്‍ കഴമ്പില്ല. എന്തെന്നാല്‍ സേലത്തുമാത്രം 2001 ല്‍ ഉണ്ടായിരുന്ന 20 സ്‌കാനിംഗ് സെന്ററുകളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 212 സ്‌കാനിംഗ് കേന്ദ്രങ്ങളാണ്. ഓരോ സ്‌കാനിംഗ് കേന്ദ്രത്തിലും നിത്യവും 6 മുതല്‍ 10 വരെ ഗര്‍ഭസംബന്ധമായ ലിംഗപരിശോധന നടന്നുവരുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസത്തെ ശരാശരി കണക്കാണിതെങ്കിലും ഒരു കേന്ദ്രത്തില്‍ 8 എന്ന കണക്കില്‍ മാത്രം 1700 ലിംഗ നിര്‍ണയ പരിശോധന ഈ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിനങ്ങളിലാണ് ഇത്രയേറെ പരിശോധന നടക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഒന്നും രണ്ടും പേര്‍ മാത്രമാണ് സ്‌കാനിംഗിനായി എത്താറുള്ളത്. ഉസ്ലാംപെട്ടി, വിരിത്തിപുത്തൂര്‍, പൊന്‍മല, മിനാപ്പള്ളി ഉള്‍പ്പെടെയുള്ള സേലത്തെ 26 ഓളം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നായി പരിശോധനക്കെത്തുന്നവരുടെ അനുപാതത്തിനനുസരിച്ച് സേലം ജില്ലയില്‍ ജനനനിരക്ക് രേഖപ്പെടുത്തപ്പെടുന്നില്ല. പരിശോധനയില്‍ 'പെണ്‍' എന്നു തെളിയിക്കപ്പെടുന്ന 60 ശതമാനം കേസുകളിലും ഗ്രാമങ്ങളില്‍ ഭ്രൂണഹത്യ അരങ്ങേറുന്നതായാണ് ഇത് ചൂണ്ടക്കാണിക്കുന്നത്. പരമ്പരാഗത മുറയില്‍ ''എരുക്കന്‍ചെടിയുടെ'' കറ ഉപയോഗപ്പെടുത്തിയാണ് ഇത് അരങ്ങേറുന്നത്.

സ്‌കാനിംഗ് കേന്ദ്രങ്ങളില്‍ പരിശോധനക്കെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ആശുപത്രികളിലോ വീടുകളിലോ കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നില്ലെന്ന നഗ്നമായ സത്യം സാമൂഹ്യക്ഷേമവകുപ്പ് മൂടിവെയ്ക്കുകയാണ്.

janayugom 261011

1 comment:

  1. കൂടുതല്‍ സ്ഥലങ്ങളിലേക്കുകൂടി അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുകൊണ്ട് അറിയിക്കുമ്പോള്‍ ജനസംഖ്യാനുപാത കണക്കില്‍ സ്ത്രീകളുടെ ശരാശരി എണ്ണത്തില്‍ സേലം ജില്ലയില്‍ വര്‍ധന ഉണ്ടായതായും പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗപരിശോധനയിലൂടെയോ പിറന്നുകഴിഞ്ഞോ സേലം ജില്ലയില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തി വന്ന പ്രവണത അവസാനിച്ചതായി നടത്തിയ പ്രഖ്യാപനം കഴമ്പില്ലാത്താണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്.

    ReplyDelete