Saturday, October 29, 2011

ഗണേശിന്റെ ഞരമ്പുരോഗം കൊയിലാണ്ടിക്കാര്‍ "ചികിത്സിച്ചു"

വി എസ് അച്യുതാനന്ദനു നേരെ മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; "ഞരമ്പുരോഗ"ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്. 15 കൊല്ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്.

1996 സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച നിര്‍മലയും ബന്ധുക്കളും ഗുരുവായൂരില്‍നിന്ന് ജീപ്പില്‍ മടങ്ങുമ്പോള്‍ കാറില്‍ പിന്നാലെ വന്ന് ഗണേശും സംഘവും "ഞരമ്പുരോഗം" കാട്ടി. പിവൈ 1 എച്ച് 2003 സീലോ കാറിലായിരുന്നു ഗണേശും കൂട്ടുകാരായ പ്രദീപും മനോജും. നിര്‍മലക്കുപുറമേ പതിനേഴുകാരിയായ ജ്യേഷ്ഠന്റെ മകളും ബന്ധുക്കളായ മറ്റു ചില പെണ്‍കുട്ടികളും ജീപ്പിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം ഫറോക്കിലെത്തിയപ്പോഴാണ് പിന്നാലെ ഗണേശിന്റെ വാഹനം വന്നത്. കാറിലുള്ളവരുടെ വിക്രിയകള്‍ അതിരുവിട്ടപ്പോള്‍ ജീപ്പിന്റെ വേഗത കൂട്ടി. എന്നാല്‍ , കാറും പിന്നാലെ വന്നു. ഇടയ്ക്ക് കാര്‍ മുന്നില്‍ക്കയറ്റിജീപ്പിന്റെ യാത്ര തടസ്സപ്പെടുത്താനും ശ്രമിച്ചു. കൊയിലാണ്ടി പി സി സ്കൂളിന് സമീപത്തെത്തിയപ്പോള്‍ ജീപ്പ് നാഷണല്‍ ഹൈവേയില്‍നിന്ന് നിര്‍മലയുടെ വീടുള്ള ഗുരുകുലം ബീച്ചിലേക്കു തിരിച്ചു. തൊട്ടുപിന്നാലെ കാറും എത്തി. വീടിനുമുന്നില്‍ ജീപ്പ് നിര്‍ത്തി പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ പിന്നാലെ വന്ന ഗണേശ് കയറിപ്പിടിച്ചു. എതിര്‍ത്ത കൗണ്‍സിലറെ മുടികുത്തിപ്പിടിച്ചും ഉപദ്രവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശിനെയും കൂട്ടുകാരെയും വേണ്ട വിധം ശെകകാര്യം ചെയ്തു. കാറും തല്ലിപ്പൊളിച്ചു. തങ്ങള്‍ മൂകാംബികയ്ക്ക് പോവുകയാണെന്നും ഇനി ഉപദ്രവിക്കരുതെന്നും ഗണേശ് കേണു പറഞ്ഞു. പിന്നീട്, കൊയിലാണ്ടി പൊലീസിലേല്‍പ്പിച്ചു. സ്ത്രീകള്‍ക്കു മാനഹാനി വരുത്താന്‍ ശ്രമിച്ച കുറ്റത്തിന് കൊയിലാണ്ടി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തു(ക്രൈം നമ്പര്‍ 433/96). കാര്‍ തല്ലിപ്പൊളിച്ചെന്നും ഗണേശിന്റെ കൈയിലുണ്ടായിരുന്ന റാഡോ വാച്ച് തട്ടിപ്പറിച്ചെന്നും പറഞ്ഞ് പ്രദീപും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായ ശേഷമാണ് ഗണേശിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചത്.

നിയമസഭ ചേരുന്ന സമയമായതിനാല്‍ സംഭവം സബ്മിഷനായി സഭയിലുമെത്തി. സ്ഥലം എംഎല്‍എ പി വിശ്വനാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലെത്തിച്ചത്. മൂന്നു പേര്‍ക്കുമെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ മറുപടി നല്‍കി. യാത്രയിലുണ്ടായ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. കോടതി പലതവണ കേസ് വിളിച്ചു. അപ്പോഴെല്ലാം ഗണേശിനുവേണ്ടി അഭിഭാഷകര്‍ ഹാജരായി. ഒടുവില്‍ പലരുടെയും സഹായത്തോടെ വീട്ടുകാരുടെ കാലുപിടിച്ച് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തു. തുടര്‍ന്ന്, അന്നത്തെ കൊയിലാണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം കെ ദിനേശിന്റെ ശുപാര്‍ശയോടെ 1999 നവംബര്‍ ഒമ്പതിന് കോടതി കേസ് ഒഴിവാക്കുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിനിടെ നഷ്ടമായ ഗണേശിന്റെ റാഡോ വാച്ച് ഇപ്പോഴും കൊയിലാണ്ടി കോടതിയില്‍ തൊണ്ടി മുതലായുണ്ട്. കേസ് ഒത്തുതീര്‍ന്ന സ്ഥിതിക്ക് വാച്ച് കൈപ്പറ്റണമെന്ന് അറിയിച്ച് പലതവണ അറിയിപ്പ് നല്‍കിയിട്ടും ഗണേശ് വന്നില്ല. വാച്ച് ഇനി പരസ്യമായി ലേലം ചെയ്യാന്‍ കോടതി ആലോചിക്കുന്നു.
(കെ പ്രേമനാഥ്)

deshabhimani 291011

1 comment:

  1. വി എസ് അച്യുതാനന്ദനു നേരെ മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; "ഞരമ്പുരോഗ"ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്. 15 കൊല്ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്.

    ReplyDelete