കശുവണ്ടിത്തൊഴിലാളികളെ മോശക്കാരായി പരാമര്‍ശിച്ച് ധനമന്ത്രി മാണി നടത്തിയ പ്രസംഗം വിവാദമാകുന്നു. കേരള കോണ്‍ഗ്രസ് എം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രിയില്‍നിന്ന് കശുവണ്ടിത്തൊഴിലാളികള്‍ക്ക് അപമാനകരമായ രീതിയില്‍ പരാമര്‍ശമുണ്ടായത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ പ്രതിപക്ഷം കശുവണ്ടിഫാക്ടറിക്ക് സമാനമാക്കിയെന്നാണ് മന്ത്രി പറഞ്ഞത്. നിയമസഭ ഇതുപോലെ അധഃപതിച്ച കാലം മുമ്പ് ഉണ്ടായിട്ടില്ല. ചെങ്കൊടി കുത്തിയും മുദ്രാവാക്യം വിളിച്ചും ഭീഷണിപ്പെടുത്തിയും നിയമസഭയെ എല്‍ഡിഎഫ് കശുവണ്ടിഫാക്ടറിപോലെയാക്കിയെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്താണ് മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
രണ്ടുലക്ഷത്തോളം കശുവണ്ടിത്തൊഴിലാളികളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കശുവണ്ടി. തൊഴിലവകാശങ്ങള്‍ക്കും നിയമനിഷേധത്തിനുമെതിരെ ചരിത്രമെഴുതിയ നിരവധി പ്രക്ഷോഭങ്ങളാണ് കശുവണ്ടി മേഖലയില്‍ നടന്നത്. നിരന്തരമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഫലമായി കശുവണ്ടിഫാക്ടറികളിലെ വൃത്തിഹീനമായ തൊഴില്‍സാഹചര്യങ്ങള്‍ക്ക് ഏറെക്കുറെ മാറ്റമുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം കശുവണ്ടിത്തൊഴിലാളികളോട് അവഗണനാപരമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മന്ത്രി ഗണേശ്കുമാറും ചീഫ്വിപ്പ് പി സി ജോര്‍ജും പ്രതിപക്ഷനേതാവിനും മുന്‍ മന്ത്രി എ കെ ബാലനുമെതിരെ അസഭ്യവര്‍ഷം നടത്തിയതിന് പിന്നാലെ കശുവണ്ടി വ്യവസായത്തെയും പാവപ്പെട്ട തൊഴിലാളികളെയും ഇകഴ്ത്തിയുള്ള മന്ത്രി മാണിയുടെ പരാമര്‍ശവും വിവാദമാവുകയാണ്.
deshabhimani 301011
No comments:
Post a Comment