Friday, October 28, 2011

വിഐപി വിവാദത്തില്‍ കഴമ്പില്ല: സിബിഐ കോടതി

കിളിരൂര്‍ പീഡനക്കേസില്‍ വിഐപി വിവാദത്തിന് പുറകെ പോകേണ്ട കാര്യമില്ലെന്ന് സിബിഐ കോടതി നിരീക്ഷിച്ചു. അതോടൊപ്പം ചികിത്സയിലെ പിഴവ് എന്ന ആരോപണവും പ്രോസിക്യൂഷനോ പ്രതിഭാഗമോ ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഇതും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി പി എസ് പി മൂസത് നിരീക്ഷിച്ചു. തങ്ങളല്ല പ്രതികളെന്നും മറ്റ് വിഐപികള്‍ ഉണ്ടെന്നും സാധാരണ നിലയില്‍ പ്രതിഭാഗമാണ് പറയാറ്. ഇവിടെ പ്രതിഭാഗം ഇങ്ങനെ ആരോപിച്ചിട്ടില്ല. പ്രോസിക്യൂഷനും ഇങ്ങിനെയൊരു പരാതിയില്ല. ഈ സാഹചര്യത്തില്‍ കോടതി വിഐപി വിവാദത്തിന്റെയോ ചികിത്സാ പിഴവിന്റെയോ പിറകെ പോകേണ്ടതില്ല. മാധ്യമങ്ങളില്‍ വരുന്നത് കോടതിക്ക് ബാധകമല്ല, കോടതിക്ക് മുമ്പില്‍ വസ്തുതാപരമായ തെളിവുകളാണ് വേണ്ടതെന്നും ജഡ്ജി നിരീക്ഷിച്ചു.

പീഡനത്തിനിരയായ ശേഷം ഗര്‍ഭിണിയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ശാരി എസ് നായരുടെ അച്ഛന്‍ സുരേന്ദ്രനെയും അമ്മ ശ്രീദേവിയെയും വ്യാഴാഴ്ച കോടതി വിസ്തരിച്ചു. രണ്ടാം പ്രതി പ്രവീണ്‍ ആണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് ആശുപത്രിയില്‍വച്ച് ശാരി പറഞ്ഞതായി സുരേന്ദ്രന്‍ മൊഴി നല്‍കി. പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ബിജെപി കോട്ടയം ജില്ലാ നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ശാരിയെ വിവാഹംചെയ്യാമെന്ന് കരാര്‍ ഉണ്ടാക്കി. കൂടാതെ ജനിക്കുന്ന കുഞ്ഞിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കാമെന്നും സമ്മതിച്ച് പ്രവീണ്‍ കരാറില്‍ ഒപ്പിട്ടു. രണ്ട് പേജുള്ള കരാറില്‍ മുദ്രപ്പത്രമുള്ള ആദ്യപേജില്‍ പ്രവീണ്‍ ഒപ്പിട്ടിരുന്നില്ല. സംശയം തോന്നിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് പ്രവീണ്‍ ആണെന്ന് കണ്ടെത്തിയതായി മനസ്സിലാക്കിയിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് എട്ട് ലക്ഷം രൂപ ധനസഹായം കിട്ടിയതായും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ വിസ്താരം പൂര്‍ത്തിയായി. ശ്രീദേവിയുടെ വിസ്താരം വെള്ളിയാഴ്ചയും തുടരും. സിബിഐക്കു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡോ. കെ പി സതീശനും ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പി കെ വര്‍ഗീസ്, കെ എസ് അരുണ്‍കുമാര്‍ എന്നിവരും ഹാജരായി.

deshabhimani 281011

1 comment:

  1. കിളിരൂര്‍ പീഡനക്കേസില്‍ വിഐപി വിവാദത്തിന് പുറകെ പോകേണ്ട കാര്യമില്ലെന്ന് സിബിഐ കോടതി നിരീക്ഷിച്ചു. അതോടൊപ്പം ചികിത്സയിലെ പിഴവ് എന്ന ആരോപണവും പ്രോസിക്യൂഷനോ പ്രതിഭാഗമോ ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഇതും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി പി എസ് പി മൂസത് നിരീക്ഷിച്ചു. തങ്ങളല്ല പ്രതികളെന്നും മറ്റ് വിഐപികള്‍ ഉണ്ടെന്നും സാധാരണ നിലയില്‍ പ്രതിഭാഗമാണ് പറയാറ്. ഇവിടെ പ്രതിഭാഗം ഇങ്ങനെ ആരോപിച്ചിട്ടില്ല. പ്രോസിക്യൂഷനും ഇങ്ങിനെയൊരു പരാതിയില്ല. ഈ സാഹചര്യത്തില്‍ കോടതി വിഐപി വിവാദത്തിന്റെയോ ചികിത്സാ പിഴവിന്റെയോ പിറകെ പോകേണ്ടതില്ല. മാധ്യമങ്ങളില്‍ വരുന്നത് കോടതിക്ക് ബാധകമല്ല, കോടതിക്ക് മുമ്പില്‍ വസ്തുതാപരമായ തെളിവുകളാണ് വേണ്ടതെന്നും ജഡ്ജി നിരീക്ഷിച്ചു.

    ReplyDelete