ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായ സൗമ്യ 2011 ഫെബ്രുവരി ഒന്നിനാണ് ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയ്ക്കും ഒമ്പതിനുമിടയില്‍ വള്ളത്തോള്‍നഗര്‍ സ്റ്റേഷന്‍ വിട്ടതോടെയാണ് ആക്രമണം. ബലാത്സംഗത്തിനിരയായി രക്തം വാര്‍ന്ന് പാളത്തില്‍ കിടന്ന സൗമ്യയെ പതിനൊന്നോടെയാണ് മെഡിക്കല്‍കോളേജ് ആശുപത്രയിലെത്തിച്ചത്. പുലര്‍ച്ച രണ്ടിന് ഗൈനക്കോളജിസ്റ്റ് ഡോ. തനൂജ പരിശോധിച്ചു. ക്രൂരബലാത്സംഗം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 2.30ന് ചെറുതുരുത്തി പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. നാലിന് സൗമ്യ യാത്ര ചെയ്തിരുന്ന കംപാര്‍ട്മെന്റ് പൊലീസ് പരിശോധിച്ചു. പ്രതിയുടെ ഷര്‍ട്ടില്‍നിന്നും പൊട്ടീവണ ബട്ടന്‍സും സൗമ്യയുടെ മുടിയിലുണ്ടായിരുന്ന ക്ലിപ്പും മറ്റും കണ്ടെടുത്തു. മൂന്നിന് പുലര്‍ച്ചെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ ഗോവിന്ദച്ചാമി(30)യെ പാലക്കാട്ടുവച്ച് റെയില്‍വേ ഡിവൈഎസ്പി സുനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചേലക്കര സിഐ ശശിധരന്‍ അറസ്റ്റ്ചെയ്തു. ഏപ്രില്‍ 19ന് കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ ആറിന് തൃശൂര്‍ അതിവേഗകോടതി ജഡ്ജി രവീന്ദ്രബാബു മുമ്പാകെ വിചാരണ ആരംഭിച്ചു. സൗമ്യയുടെ രഹസ്യഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സ്രവങ്ങളുടെയും നഖത്തിനടിയല്‍നിന്ന് കിട്ടിയ തൊലിയുടെയും രാസപരിശോധന ഫലം, പ്രതിയുടെ ശരീരത്തിലെ മുറിവുകള്‍ , വസ്ത്രത്തില്‍നിന്ന് ലഭിച്ച രക്തം എന്നിവയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന് ശക്തമായ തെളിവുകളായി. ട്രെയിനില്‍ സൗമ്യ നിലവിളിച്ചത് കേള്‍ക്കുകയും ഒറ്റക്കൈയനായ പ്രതി ചാടിയിറങ്ങുന്നതും കണ്ട യാത്രക്കാരായ വയനാട് സ്വദേശി ടോമി ദേവസ്യ, അബ്ദുള്‍ ഷുക്കൂര്‍ , സൗമ്യയില്‍നിന്ന് ഗോവിന്ദച്ചാമി തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ വിലയ്ക്കു വാങ്ങിയ വയനാട് സ്വദേശി മാണിക്യന്‍ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.
കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. എ കെ ഉന്മേഷ് പ്രതിഭാഗം സാക്ഷിയായി എത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഫോറന്‍സിക് മേധാവിയല്ല, താനാണ് എന്ന അദ്ദേഹത്തിന്റെ മൊഴി വിവാദമായി. ഈ മൊഴിക്കെതിരെ മലയാളവേദി സിജെഎം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഉന്മേഷിനെ വീണ്ടും വിസ്തരിച്ചു. ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ പ്രതിയെ സഹായിക്കുന്ന നിലപാട് എടുത്തത് സര്‍ക്കാരിനും നാണക്കേടായി. ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഉന്മേഷിനെതിരെ നടപടിയെടുത്തിട്ടില്ല. കോടതിവിധിക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
സുരക്ഷയില്ല; റെയില്‍വേയെ ആരു ശിക്ഷിക്കും
തൃശൂര്‍ : ട്രെയിന്‍യാത്രയ്ക്കിടെ സൗമ്യ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്നാല്‍ , സമാന അനുഭവങ്ങള്‍ തുടരുമ്പോഴും സുരക്ഷിതത്വത്തിനായി ചെറുവിരലനക്കാത്ത റെയില്‍വേക്ക് ആര് ശിക്ഷ വിധിക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.
മോഷണവും യാത്രക്കാരെ ശല്യം ചെയ്യലും പതിവാക്കിയ കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുകയാണ് ട്രെയിനുകള്‍ . സൗമ്യാ സംഭവം നടന്ന് മാസങ്ങള്‍ക്കകം തൃശൂരില്‍തന്നെ ഒറീസ സ്വദേശിയായ പെണ്‍കുട്ടി ട്രെയിനില്‍ ആക്രമിക്കപ്പെട്ടു. ഗുരുവായൂരിലും ചാലക്കുടിയിലും സ്ത്രീകള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനമുണ്ടായി. കംപാര്‍ട്മെന്റില്‍ മദ്യപിച്ച് അഴിഞ്ഞാടിയതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കഴിഞ്ഞദിവസം കേരള എക്സ്പ്രസില്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ പിഴയടപ്പിച്ച് വിട്ടയക്കുകയായിരുന്നു. കൊല്ലം കുണ്ടറ പൊന്നുവിള ബോബന്‍ മാത്യു(46)വാണ് പിടിയിലായത്.
സൗമ്യാ സംഭവത്തിനുശേഷം പ്രതിഷേധം ശക്തമായപ്പോള്‍ രണ്ട് കേണ്‍സ്റ്റബിള്‍മാരെ രാത്രിഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ , ഈ സേവനം ഒരുദിവസത്തേക്ക് മാത്രമായിരുന്നു. ചില ട്രെയിനുകളില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഏര്‍പ്പെടുത്തിയെങ്കിലും ഒരാഴ്ചക്കകം പിന്‍വലിച്ചു. വനിതാ കോച്ചുകളിലുണ്ടായിരുന്ന തേജസ്വിനി സ്ക്വാഡും ഇല്ലാതായി. വനിതാ കംപാര്‍ട്മെന്റുകള്‍ മധ്യത്തിലാക്കാനും പ്രത്യേക നിറം നല്‍കാനും ആവശ്യമുയര്‍ന്നെങ്കിലും റെയില്‍വേ പരിഗണിച്ചില്ല. ആര്‍പിഎഫിന്റെ ചുമതലയില്‍ യാത്രസുരക്ഷ ഉള്‍പ്പെടുത്തുമെന്ന മുന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ വാഗ്ദാനം പാഴ്വാക്കായി മാറി.
ഒഴിവുകള്‍ നികത്താത്തതും തസ്തിക സൃഷ്ടിക്കാത്തതും ട്രെയിന്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. തിരുവനന്തപുരം ഡിവിഷനില്‍ 700 ആര്‍പിഎഫുകാര്‍ വേണ്ടിടത്ത് 400 പേരാണുളളത്. വനിതകള്‍ 12ഉം. തൃശൂരില്‍ സ്ഥിരസേവനത്തിനായി പത്തുപേരാണുള്ളത്. രാത്രികാല പട്രോളിങ്ങിനായി ഒരു വനിതാ കോണ്‍സ്റ്റബിളും. തിരുവനന്തപുരം ഡിവിഷനില്‍ ആകെ 55 വനിതാ സ്റ്റാഫാണുള്ളത്. ദിവസം മുന്നൂറ്റമ്പതോളം കോച്ചുകള്‍ ടിക്കറ്റ്പരിശോധകരില്ലാതെയാണ് സഞ്ചരിക്കുന്നത്. ചെക്കിങ് വിഭാഗത്തില്‍ ആകെ 509 പേരാണുള്ളത്. സ്ലീപ്പര്‍ കോച്ചുകളിലും ആവശ്യമായ ടിടിഇമാരില്ല. 750 പേര്‍ വേണ്ടിടത്ത് 350 പേരാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 1000 ഒഴിവുണ്ട്. രണ്ടു കോച്ചിന് ഒരു ടിടിഇ, ഓര്‍ഡിനറി കോച്ചിന് ഒരു ടിടിഇ എന്ന മാനദണ്ഡവും പാലിക്കുന്നില്ല. ടിക്കറ്റ് പരിശോധകരും സ്ക്വാഡുമടക്കം തിരുവനന്തപുരം ഡിവിഷനില്‍ 1650 ജീവനക്കാരുടെ ഒഴിവുണ്ട്. ആവശ്യങ്ങളേറിയിട്ടും 1967ലെ നിയമന പാറ്റേണാണ് റെയില്‍വേ ഇന്നും തുടരുന്നത്.
deshabhimani 311011
ട്രെയിന്‍യാത്രയ്ക്കിടെ സൗമ്യ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്നാല്‍ , സമാന അനുഭവങ്ങള്‍ തുടരുമ്പോഴും സുരക്ഷിതത്വത്തിനായി ചെറുവിരലനക്കാത്ത റെയില്‍വേക്ക് ആര് ശിക്ഷ വിധിക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.
ReplyDelete