Sunday, October 30, 2011

അതിവേഗ റെയില്‍ ഇടനാഴി അട്ടിമറിക്കാന്‍ നീക്കം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി അട്ടിമറിക്കാന്‍  ശ്രമം. ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പദ്ധതിയായ ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ വഴി കോയമ്പത്തൂരിലേക്കും അതുവഴി എറണാകുളത്തേക്കുമുള്ള അതിവേഗ റെയില്‍ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടാനാണ് റെയില്‍വെയുടെ തീരുമാനം. തീരുമാനം മുഖ്യമന്ത്രിയെ കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു കഴിഞ്ഞു. സാധ്യതാ പഠനത്തിന് റെയില്‍വെ ക്ഷണിച്ച ആഗോള ടെണ്ടറില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്തേക്ക് അതിവേഗ റെയില്‍ ഇടനാഴി നീട്ടുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ  ഇടനാഴി സാമ്പത്തികമായി നഷ്ടമായിരിക്കും എന്ന് സ്ഥാപിക്കാന്‍ റെയില്‍വെയ്ക്ക് കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിച്ച കേരള ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷനാണ് നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍ ഇടനാഴി നിര്‍മ്മാണത്തിന്റെ ഏജന്‍സി. ഇതില്‍ റെയില്‍വെയ്ക്ക് യാതൊരു നേട്ടവുമില്ലെന്ന് മാത്രമല്ല തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയില്‍ വരുമാനം കുറയുകയും കുത്തക ഇല്ലാതാവുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് റെയില്‍വെയുടെ പുതിയ അടവ്.

ആദ്യം ചെന്നൈ മുതല്‍ കോയമ്പത്തൂര്‍  വരെ മാത്രം വിഭാവനം ചെയ്തിരുന്ന റെയില്‍ ഇടനാഴി എറണാകുളം വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര സമ്മര്‍ദ്ദ ഫലമായിരുന്നു. തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യം ആദ്യം നിരാകരിച്ച റെയില്‍വെ സംസ്ഥാനം സ്വന്തം അതിവേഗ റെയിലുമായി മുന്നോട്ട് നീങ്ങുകയാണെന്ന് മനസിലാക്കിയാണ് തിരുവനന്തപുരം വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ പാത മംഗലാപുരം വരെ നീട്ടാനാണ് ഇതിന്റെ സാധ്യതാ പഠനം നടത്തിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മംഗലാപുരം വരെ നീട്ടിയാല്‍ ഇടനാഴിക്ക് സാമ്പത്തികമായി കൂടുതല്‍ നേട്ടമുണ്ടാക്കാനും കര്‍ണാടക സംസ്ഥാനത്തിന്റെ സഹകരണം ഉറപ്പാക്കുകയും ചെയ്യാം. ഇത് റെയില്‍വെയ്ക്ക് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഘടകമാണ്. ഇത് മുന്നില്‍ക്കണ്ടാണ് സംസ്ഥാനത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയെ എങ്ങനെയും അട്ടിമറിക്കാന്‍ റെയില്‍വെ ശ്രമിക്കുന്നത്.

അതിവേഗ റെയില്‍ ഇടനാഴിയുടെ തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഒന്നാംഘട്ടത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ 17ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടും പൂര്‍ത്തിയായിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിന് ശേഷം സര്‍വകക്ഷിയോഗം വിളിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇടനാഴി പ്രവര്‍ത്തനം ആരംഭിച്ചാല്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്താന്‍ 53 മിനിറ്റും കോഴിക്കോട്ട് എത്താന്‍ 98 മിനിറ്റും മതിയാകും. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ഒമ്പത് സ്റ്റോപ്പുകളാണ് സാധ്യതാ പഠനത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ ചെലവ് 43254 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ 118050 കോടി രൂപയായിരിക്കും നിര്‍മ്മാണ ചെലവെന്നും സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിവേഗ റെയില്‍ ഇടനാഴി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ വൈദഗ്ധ്യം ജപ്പാനായതിനാല്‍ അവിടെ നിന്നുള്ള വിദഗ്ധരുടെ സഹായം തേടുന്നത് ഗുണകരമാകും. ജപ്പാനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ഇത് സഹായകരമാകും. ഒരു ട്രെയിനില്‍ 817 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ജനശതാബ്ദിയുടെ ഉയര്‍ന്ന ക്ലാസ് നിരക്കിന്റെ ഒന്നര ഇരട്ടിയായിരിക്കും ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക്.

ഒന്നാം ഘട്ടത്തിനായി 242 ഹെക്ടര്‍ ഭൂമി വേണ്ടി വരും. ഭൂമി നേരിട്ട് ഏറ്റെടുക്കാതെ പാട്ടത്തുക നല്‍കുകയോ ഉടമസ്ഥന് പങ്കാളിത്തം നല്‍കുകയോ ചെയ്യുന്ന രീതിയുടെ സാധ്യതകള്‍ ആരായും. 2013ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി 2020ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാമെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.

മെട്രോ റെയില്‍ അനുബന്ധപ്രവൃത്തികള്‍ക്ക് വേഗമില്ല: ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധയിയുടെ അനുബന്ധപ്രവര്‍ത്തികള്‍ക്ക് വിചാരിച്ചത്ര വേഗമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി)എംഡി ഇ ശ്രീധരന്‍ പറഞ്ഞു. സലീംരാജന്‍ റോഡിലെയും നോര്‍ത്തിലേയും മേല്‍പ്പാലനിര്‍മ്മാണം നേരില്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ റോഡുകളുടെ വീതി കുറവും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ട്. ഡല്‍ഹിയിലേയും ചെന്നൈയിലേയും പ്രവൃത്തിയുടെ വേഗത കൊച്ചിയിലില്ല. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പൈലിങ് തിങ്കളാഴ്ച്ച തുടങ്ങും. 40 മീറ്റര്‍ പൈലിങ് വേണം. ഡല്‍ഹിയിലും ചെന്നൈയിലും 25 മീറ്റര്‍ മതിയായിരുന്നു. എന്നാല്‍ ഇവിടെ മണ്ണിന്റെ ഘടന വ്യത്യസ്ഥമാണ്. പൈലിങ് തുടങ്ങിയാല്‍ പണികള്‍ വേഗത്തിലാകും. നിശ്ചയിച്ചതുപോലെ പാലം നിര്‍മ്മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും. റെയില്‍ പാളം കടന്നുപോകുന്നതിന് മുകളിലുള്ള പാലത്തിന്റെ ഭാഗം റെയില്‍വേയുമായി ഏകോപനമുണ്ടാക്കി പൊളിച്ചുമാറ്റും. ഇതിന്റെ നടപടി വേഗത്തിലാക്കാന്‍  പ്രൊജക്ട് ഡയറക്ടര്‍ പി ശ്രീറാമിന് ചുമതല നല്‍കി.  സലീംരാജന്‍ റോഡിലെ മേല്‍പ്പാലനിര്‍മ്മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും. നിര്‍മ്മാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സമയ ബന്ധിതമായി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചത്. മണപ്പാട്ടിപ്പറമ്പില്‍  മെട്രോ റയില്‍ കോര്‍പ്പറേഷന് സ്‌റ്റോറേജിനു നല്‍കിയ സ്ഥലവും സന്ദര്‍ശിച്ചു.

നോര്‍ത്ത് പാലത്തിന്റെ വടക്ക് ഭാഗം അടുത്തദിവസം തന്നെ പൊളിച്ചുതുടങ്ങുമെന്ന് ഒപ്പമുണ്ടായിരുന്ന കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ടോം ജോസ് പറഞ്ഞു. പാലത്തോട് ചേര്‍ന്ന് അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടഭാഗം കോണ്‍ക്രീറ്റ് കട്ടിങിലൂടെ ഒഴിവാക്കും. നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ പി ഐ ഷേഖ് പരീത് പറഞ്ഞു. മെട്രോ കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കെ ജെ ജോസഫ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ വി ആര്‍ സുധി, ജി രാധാകൃഷ്ണന്‍ നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല. ഡിഎംആര്‍സി തന്നെയാണ് അനുബന്ധ പ്രവര്‍ത്തികള്‍ നടത്തുന്നതും.

janayugom 301011

1 comment:

  1. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി അട്ടിമറിക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പദ്ധതിയായ ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ വഴി കോയമ്പത്തൂരിലേക്കും അതുവഴി എറണാകുളത്തേക്കുമുള്ള അതിവേഗ റെയില്‍ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടാനാണ് റെയില്‍വെയുടെ തീരുമാനം. തീരുമാനം മുഖ്യമന്ത്രിയെ കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു കഴിഞ്ഞു. സാധ്യതാ പഠനത്തിന് റെയില്‍വെ ക്ഷണിച്ച ആഗോള ടെണ്ടറില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം

    ReplyDelete