Saturday, October 29, 2011

"മാതൃഭൂമി"ക്ക് നുണയെഴുതാന്‍ രക്തസാക്ഷി സ്മരണയും

സിപിഐ എം സമ്മേളനങ്ങളെ മറയാക്കി മാതൃഭൂമി പത്രം തുടരുന്ന നുണപ്രചാരണം പരിഹാസ്യമായ പതനത്തിലേക്ക്. അഞ്ച് ആഴ്ച മുമ്പ് നടന്ന അഴീക്കോടന്‍ ദിനാചരണത്തെക്കുറിച്ചാണ് യുഡിഎഫ് നേതാവ് എം പി വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്രം "രക്തസാക്ഷി ദിനാചരണച്ചുമതല ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പിന്" എന്ന പച്ചക്കളം വെള്ളിയാഴ്ച ഒന്നാംപേജില്‍ അതീവ പ്രാധാന്യത്തേടെ കൊടുത്തത്. ഇത് നടക്കാനിരിക്കുന്ന സിപിഐ എം കണ്ണൂര്‍ ഏരിയാ സമ്മേളനത്തിന്റെ "അജന്‍ഡ"യാക്കുകയും ചെയ്യുന്നു മാതൃഭൂമി.
അഴീക്കോടന്‍ ദിനാചരണത്തിന്റെ ചുമതല ഏത് സ്വകാര്യ ഇവന്റ്മാനേജുമെന്റ് കമ്പനിയെയാണ് സിപിഐ എം ഏല്‍പിച്ചതെന്ന് മാതൃഭൂമി പറയുന്നില്ല. ഇവന്റ് മാനേജുമെന്റുകാര്‍ പയ്യാമ്പലത്ത് അഴീക്കോടന്‍ സ്തൂപത്തിനു പകരം എ കെ ജി സ്മാരക സ്തൂപം അലങ്കരിച്ചുവെന്നാണ് വാര്‍ത്ത. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ പുഷ്പാര്‍ച്ചന മാത്രമാണ് പയ്യാമ്പലത്ത് നടക്കാറുള്ളത്. പുഷ്പാര്‍ച്ചനക്കുശേഷം ഹ്രസ്വമായ വാക്കുകളില്‍ നേതാക്കളെ അനുസ്മരിക്കും. വിപലുമായ അനുസ്മരണ സമ്മേളനം വൈകുന്നേരമാണ്. രാവിലത്തെ പരിപാടിക്ക് പയ്യാമ്പലത്ത് വലിയ അലങ്കാരങ്ങള്‍ നടത്താറില്ല. പതാകയും തോരണങ്ങളും കെട്ടുകയാണ് പതിവ്. തൊട്ടടുത്ത പാര്‍ടിബ്രാഞ്ചുകളിലെ പ്രവര്‍ത്തകര്‍ സ്ഥിരമായി ചെയ്യുന്ന ഈ പ്രവര്‍ത്തനമാണ് ഇവന്റ് മാനേജുമെന്റിനെ ഏല്‍പിച്ചുവെന്ന് നുണവാര്‍ത്ത ചമച്ചത്.

അഴീക്കോടന്‍ രക്തസാക്ഷി സ്തൂപം കാടുമൂടിക്കിടക്കുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. എ കെ ജി സ്തൂപത്തിനടുത്തുള്ള അഴീക്കോടന്‍ സ്തൂപം കാടുമൂടിക്കിടക്കുന്നുവെന്ന് എഴുതിയാല്‍ പയ്യാമ്പലത്ത് എത്തിയവരാരും വിശ്വസിക്കില്ല. സെപ്തംബര്‍ 23ന് രാവിലെ പയ്യാമ്പലത്ത് നടന്ന പുഷ്പാര്‍ച്ചനക്ക് ദൃശ്യമാധ്യമങ്ങളിലെയടക്കമുള്ള പത്രപ്രവര്‍ത്തകരും ദൃക്സാക്ഷികളാണ്. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , ഇ പി ജയരാജന്‍ , വൈക്കം വിശ്വന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പുഷ്പാര്‍ച്ചനക്ക് എത്തുമെന്നതിനാല്‍ നേരത്തെതന്നെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരാരും കാണാത്ത കാട് മാതൃഭൂമി ലേഖകന്‍ കാണുന്നത് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ടുമാത്രമാണ്. രക്തസാക്ഷികളോടും അന്തരിച്ച നേതാക്കളോടുമുള്ള ജനങ്ങളുടെ വികാരം മാതൃഭൂമിക്ക് എളുപ്പം മനസ്സിലാകില്ല. കാരണം, സ്വന്തം അച്ഛന് സ്മാരകം പണിയാനെന്നപേരില്‍ സര്‍ക്കാരില്‍നിന്ന് ഭൂമി സമ്പാദിച്ച് അവിടെ ഷോപ്പിങ് കോംപ്ലക്സ് പണിതതാണ് വീരേന്ദ്രകുമാറിന്റെ പാരമ്പര്യം.
(മനോഹരന്‍ മോറായി)

deshabhimani 291011

2 comments:

  1. സിപിഐ എം സമ്മേളനങ്ങളെ മറയാക്കി മാതൃഭൂമി പത്രം തുടരുന്ന നുണപ്രചാരണം പരിഹാസ്യമായ പതനത്തിലേക്ക്. അഞ്ച് ആഴ്ച മുമ്പ് നടന്ന അഴീക്കോടന്‍ ദിനാചരണത്തെക്കുറിച്ചാണ് യുഡിഎഫ് നേതാവ് എം പി വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്രം "രക്തസാക്ഷി ദിനാചരണച്ചുമതല ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പിന്" എന്ന പച്ചക്കളം വെള്ളിയാഴ്ച ഒന്നാംപേജില്‍ അതീവ പ്രാധാന്യത്തേടെ കൊടുത്തത്. ഇത് നടക്കാനിരിക്കുന്ന സിപിഐ എം കണ്ണൂര്‍ ഏരിയാ സമ്മേളനത്തിന്റെ "അജന്‍ഡ"യാക്കുകയും ചെയ്യുന്നു മാതൃഭൂമി.

    ReplyDelete
  2. ഇത്തരം കള്ളവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വുകരിക്കണം . തെറ്റായവാര്‍ത്തകള്‍ക്കെതിരെ ശകതമായ പ്രചാരണ പരിപാടികള്‍ നടത്തുകയും വേണം.ജനങ്ങള്‍ ഈ പത്രത്തിന്റെ ദുഷ്ട്ടലാക്ക് തിരിച്ചറിയട്ടെ

    ReplyDelete