Saturday, October 29, 2011

സര്‍ക്കാര്‍ നിരുത്തരവാദിത്തവും 'നാവ് ' പിഴയുമായി മുന്നേറുന്നു


പതിമൂന്നാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒരുമാസം പിന്നിടുമ്പോള്‍ നിരുത്തരവാദിത്തവും 'നാവ് ' പിഴയുമാണ് തങ്ങളുടെ കൈമുതലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുന്നതാണ് കേരള ജനത കാണുന്നത്. ജനരോഷം ക്ഷണിച്ചുവരുത്തിയ ചെയ്തികളുടെ ഫലമായി മുഖ്യമന്ത്രിക്കും നാലു മന്ത്രിമാര്‍ക്കും സഭയില്‍ ഖേദപ്രകടനം നടത്തേണ്ടിവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാകട്ടെ ഒന്നിലധികം തവണ ക്ഷമപറയേണ്ടി വന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, കൃഷിമന്ത്രി കെ പി മോഹനന്‍, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, വനംമന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കാണ് സ്വന്തം ചെയ്തികള്‍ക്കൊണ്ട് മാപ്പ് പറയേണ്ടി വന്നത്.

സെപ്തംബറില്‍ കേരളത്തില്‍ പകര്‍ച്ചപ്പനി മരണം വര്‍ധിച്ച വേളയിലാണ് മരിച്ചവരെ അവഹേളിക്കുന്ന തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ മന്ത്രി അടൂര്‍ പ്രകാശിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നത്. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരെല്ലാം മദ്യപാനികളായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വിവാദ വെളിപ്പെടുത്തല്‍. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന വസ്തുത മനസിലാക്കാതെയാണ് മന്ത്രി ഇത്തരമൊരു അബദ്ധ ജഡിലമായ പ്രസ്താവന ഇറക്കിയത്. ഇതിനെതിരെ കേരള ജനത ഒന്നടങ്കം രംഗത്തുവന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അലയടിച്ചു. ഈ വിഷയം പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന ഘട്ടത്തില്‍ അടൂര്‍ പ്രകാശിന് മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഖേദപ്രകടനം നടത്തേണ്ടിവന്നു.

പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത വിഷയുമായി ബന്ധപ്പെട്ട് സഭയില്‍ നടത്തിയ 'അഭ്യാസ പ്രകടന'ത്തിനാണ് മന്ത്രി കെ പി മോഹനന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നത്. സഭയിലെ ബഹളത്തിനിടയില്‍ പ്രതിപക്ഷത്തിന് നേരെ ആക്രോശിച്ച മന്ത്രി കെ പി മോഹനന്‍ മേശപ്പുറത്ത് ചാടി കയറിയതായിരുന്നു സംഭവം. അന്നേ ദിവസത്തെ സഭാ നടപടികളുടെ വീഡിയോ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാന്‍ അനുമതി കൊടുത്തതോടെ ലോകമാകമാനമുള്ള മലയാളികള്‍ക്ക് മന്ത്രിയുടെ മുണ്ടുപൊക്കി ചാട്ടം കാണേണ്ടിവന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രിക്ക് ഖേദം പ്രകടിപ്പിക്കാതെ രക്ഷയില്ലാതെ വന്നു.

പ്രതിപക്ഷാംഗങ്ങള്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയറി പിടിച്ചുവെന്ന രീതിയില്‍ കാമറകള്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവന നടത്തിയ കെ സി ജോസഫ് മാപ്പ് പറയലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അധികം വൈകാതെ മറ്റൊരു വിഷയത്തില്‍ ഖേദപ്രകടനം നടത്തേണ്ടി വന്നു. കവിയും ഗാനരചയിതാവും നടനുമായ മുല്ലനേഴിയുടെ സംസ്‌കാരചടങ്ങിന് ഔദ്യോഗിക ബഹുമതി നല്‍കാത്തതില്‍ ഗുരുതരമായ പിഴവ് പറ്റിയെന്ന് സമ്മതിച്ച് മന്ത്രി കെ സി ജോസഫിന് ക്ഷമപറയേണ്ടിവന്നു.

ഏറ്റവും ഒടുവില്‍, ഗണേഷ്‌കുമാറിന്റെ ഖേദപ്രകടനത്തിനും സഭ വേദിയായി. കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍വാധരണീയനായ വി എസ് അച്യുതാനന്ദനെ പത്തനാപുരത്തെ പൊതുസമ്മനേളനത്തിനിടയില്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തില്‍ അസഭ്യം വിളിച്ച കെ ബി ഗണേഷ്‌കുമാറിന് കേരള ജനതയുടെ പ്രതിഷേധത്തിന് മുന്നില്‍ മറ്റുമാര്‍ഗമില്ലായിരുന്നു. ഗണേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിന് വേണ്ടി മാപ്പ് പറയേണ്ടി വന്നു.

പത്തനാപുരത്ത് നടന്ന അതേ പൊതുസമ്മേളനത്തില്‍ മുന്‍മന്ത്രി എ കെ ബാലനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും കൊട്ടാരക്കര എം എല്‍ എയായ പി അയിഷാ പോറ്റിയെ അവഹേളിക്കുകയും ചെയ്ത ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നടപടിയും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചുകഴിഞ്ഞു. നേരത്തെ പ്രതിപക്ഷത്തെ രണ്ട് എം എല്‍ എമാര്‍ വനിതാവാച്ച് ആന്‍ഡ് വാര്‍ഡിനെ കയറിപ്പിടിച്ചത് കണ്ടുവെന്ന് പരസ്യമായി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതും വിവാദമായിരുന്നു. സ്പീക്കര്‍ തന്നെ ഇത്തരമൊരു സംഭവം നിഷേധിച്ച സ്ഥിതിക്ക് അന്ന് തന്നെ പി സി ജോര്‍ജ് മാപ്പ് പറയേണ്ടതായിരുന്നു.

സമ്മേളനകാലയളവിനുള്ളില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പറയേണ്ടിവന്നത് 'നിര്‍ഭാഗ്യകരം' എന്ന വാക്കാണ്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പൊലീസിന്റെ ദുഷ്‌ചെയ്തികളാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. വാളകത്ത് അധ്യാപകന് നേരെയുണ്ടായ ആക്രമണം, പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനായ രഘുവിനെ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ തല്ലിക്കൊന്ന സംഭവം, കോഴിക്കോട് അസി. കമ്മിഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത സംഭവം, ചാലക്കുടി മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ ആദിവാസി സ്ത്രീ പാറുവിന് ക്രൂരമര്‍ദനമേറ്റ സംഭവം, വിതുരയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ദലിത് യുവാവായ സിനു ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയ സംഭവങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് സഭയ്ക്കുള്ളില്‍ തലകുനിക്കേണ്ടിവന്നു.

ഒരു മാസത്തിനുള്ളില്‍ നിരവധി അഴിമതി ആരോപണങ്ങളും സഭയില്‍ മുഴങ്ങിക്കേട്ടു. അതില്‍ ഭൂരിഭാഗവും മുഖ്യമന്ത്രിയുടെ നേര്‍ക്ക് തന്നെയായിരുന്നു.

ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ യന്ത്രസാമഗ്രികള്‍ വാങ്ങിയതിലെ അഴിമതി, പാമോലിന്‍ കേസ്, കൊച്ചി മെട്രോ കമ്പനിക്കായി സര്‍ക്കാര്‍ അനുവദിച്ച തുക മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു അസി. മാനേജരായ സ്വകാര്യ ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിച്ച വിഷയം, സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ന്യൂ ജനറേഷന്‍ ബാങ്കുകള്‍ വഴി കൈമാറ്റം ചെയ്യാനുള്ള ഉത്തരവ്, മന്ത്രി ഷിബു ബേബി ജോണ്‍ ആസുത്രണ ബോര്‍ഡ് ഉപാധ്യക്ഷന് അയച്ച ശുപാര്‍ശകത്ത്, ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി തുടങ്ങി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച നിരവധി വിവാദങ്ങളാണ് സഭയില്‍ ഉയര്‍ന്നത്.

രാജേഷ് വെമ്പായം ജനയുഗം 291011

1 comment:

  1. പതിമൂന്നാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒരുമാസം പിന്നിടുമ്പോള്‍ നിരുത്തരവാദിത്തവും 'നാവ് ' പിഴയുമാണ് തങ്ങളുടെ കൈമുതലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുന്നതാണ് കേരള ജനത കാണുന്നത്. ജനരോഷം ക്ഷണിച്ചുവരുത്തിയ ചെയ്തികളുടെ ഫലമായി മുഖ്യമന്ത്രിക്കും നാലു മന്ത്രിമാര്‍ക്കും സഭയില്‍ ഖേദപ്രകടനം നടത്തേണ്ടിവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാകട്ടെ ഒന്നിലധികം തവണ ക്ഷമപറയേണ്ടി വന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, കൃഷിമന്ത്രി കെ പി മോഹനന്‍, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, വനംമന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കാണ് സ്വന്തം ചെയ്തികള്‍ക്കൊണ്ട് മാപ്പ് പറയേണ്ടി വന്നത്.

    ReplyDelete