Friday, October 28, 2011

ബൈക്ക് അടിച്ചുതകര്‍ത്തു ജില്ലാ ആശുപത്രിയില്‍ എന്‍ഡിഎഫ് ആക്രമണം

കോട്ടയം: കഴിഞ്ഞദിവസം ആര്‍ഐടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച ജില്ലാ ആശുപത്രിയിലും എന്‍ഡിഎഫ് ആക്രമണം. ജില്ലാ ആശുപത്രിയില്‍ എത്തി ഇരുപതംഗ എന്‍ഡിഎഫ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചു തകര്‍ത്തു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എസ്എഫ്ഐ ജില്ലാ നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് ആക്രമണം. സംഭവത്തെതുടര്‍ന്ന് രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച കെഎസ്യു-ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ ആര്‍ഐടി ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ചികിത്സതേടി കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ വീണ്ടും എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ് എസ്എഫ്ഐ ആര്‍ഐടി യൂണിറ്റ് കമ്മിറ്റിയംഗവും നാലാംവര്‍ഷ വിദ്യാര്‍ഥിയുമായ അനൂജ്കുമാര്‍ , എസ്എഫ്ഐ പുതുപ്പള്ളി ഏരിയകമ്മിറ്റിയംഗവും നാലാംവര്‍ഷ വിദ്യാര്‍ഥിയുമായ കെ എസ് ലിസോമോന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരെ സന്ദര്‍ശിക്കാനാണ് എസ്എഫ്ഐ നേതാക്കള്‍ക്ക് എത്തിയത്. കമ്പിവടികൊണ്ട് തലക്കടിയേറ്റ അനൂജിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

കോട്ടയം: എന്‍ഡിഎഫ്-ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടല്‍ നടത്തുന്നു. ആര്‍ഐടി ക്യാമ്പസിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും തുടര്‍ച്ചയായി എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുന്ന സ്ഥിതിയുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ മൂലം ഇവര്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കുന്നില്ല. ആര്‍ഐടി ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നത് ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം നേടിയതോടെ വിറളിപൂണ്ട് കെഎസ്യു-ക്യാമ്പസ്ഫ്രണ്ട് കൂട്ടുകെട്ട് ആക്രമണം അഴിച്ചുവിടുകയാണ്. യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി ആര്‍ഐടിക്ക് തുകയനുവദിച്ചെന്നും മറ്റും പെരുപ്പിച്ച് പറഞ്ഞ് പ്രചാരണം നടത്തിയെങ്കിലും കെഎസ്യു-ക്യാമ്പസ്ഫ്രണ്ട് കൂട്ടുകെട്ടിന് വിജയിക്കാനായില്ല. ഇതോടെയാണ് ആക്രമണപാതയിലേക്ക് കടന്നിരിക്കുന്നത്.

ആര്‍ഐടിയില്‍ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെ ചികിത്സക്കെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെയും നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന എന്‍ഡിഎഫ് സംഘം ആക്രമിച്ചിരുന്നു. ബുധനാഴ്ച ജില്ലാ ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്കും തല്ലിത്തകര്‍ത്തു. പൊലീസ് കാണ്‍കെയാണ് ബൈക്ക് തകര്‍ത്തത്. ഇതുസംബന്ധിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. തലയ്ക്ക് കമ്പിവടിക്ക് അടിയേറ്റ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം അനൂജ്കുമാര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴും നിസാര വകുപ്പുകള്‍ ചേര്‍ത്ത് മാത്രമാണ് ആക്രമണം നടത്തിയ കെഎസ്യു-ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ഒത്താശയോടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കോട്ടയം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കെഎസ്യു-ക്യാമ്പസ് ഫ്രണ്ട്-എന്‍ഡിഎഫ് ആക്രമണങ്ങളില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമമാണ് എന്‍ഡിഎഫ് നടത്തുന്നത്. ഇതിന് ചില യുഡിഎഫ് നേതാക്കന്‍മാരുടെ പിന്തുണയുമുണ്ട്. മര്‍ദനമേറ്റ എസ്എഫ്ഐ ആര്‍ഐടി യൂണിറ്റ് കമ്മിറ്റിയംഗവും നാലാംവര്‍ഷ വിദ്യാര്‍ഥിയുമായ അനൂജ്കുമാര്‍ , എസ്എഫ്ഐ പുതുപ്പള്ളി ഏരിയകമ്മിറ്റിയംഗവും നാലാംവര്‍ഷ വിദ്യാര്‍ഥിയുമായ കെ എസ് ലിസോമോന്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഉമ്മന്‍ചാണ്ടിയുടെ പൊലീസും കണ്ടില്ലെന്ന് നടിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ്ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പറഞ്ഞു.

deshabhimani news

1 comment:

  1. കഴിഞ്ഞദിവസം ആര്‍ഐടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച ജില്ലാ ആശുപത്രിയിലും എന്‍ഡിഎഫ് ആക്രമണം. ജില്ലാ ആശുപത്രിയില്‍ എത്തി ഇരുപതംഗ എന്‍ഡിഎഫ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചു തകര്‍ത്തു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എസ്എഫ്ഐ ജില്ലാ നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് ആക്രമണം

    ReplyDelete