Monday, October 31, 2011

ദേശീയ വാര്‍ത്തകള്‍ - പോസ്കോ, കൂടങ്കുളം, കെജ്‌രിവാള്‍....

വിജിലന്‍സ് കമ്മിഷനിലും ഓഡിറ്റര്‍ ജനറലിലും മാറ്റം വേണം: ഷുംഗ്ലു കമ്മിറ്റി

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി എ ജി) സമര്‍പ്പിച്ച ചില റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനിലും(സി വി സി) സി എ ജിയിലും ചുമതല വ്യതിയാനവും ഘടനാമാറ്റവും വരുത്തണമെന്ന് ഷുംഗ്ലു കമ്മിഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സി എ ജിയെ മൂന്നംഗ സമിതിയാക്കണമെന്നാണ് മുന്‍ ഓഡിറ്റര്‍ ജനറല്‍ കൂടിയായ വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്(സി ജി എ), ഡല്‍ഹിയിലെ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി(ജി എന്‍ സി ടി ഡി) എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയ കമ്മിഷന്‍ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഒംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഷുംഗ്ലു കമ്മിഷന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സി വി സിയുടെ സാങ്കേതിക പരിശോധന വിഭാഗത്തിന് സ്വയംഭരണാവകാശം നല്‍കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. സി എ ജിയില്‍ ഏകാധിപത്യം തുടരുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് അതിനെ മൂന്നംഗ സമിതിയാക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മൂന്നംഗങ്ങളില്‍ ഒരാള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പോലുള്ള പ്രഫഷണല്‍ അക്കൗണ്ടിംഗ് യോഗ്യതയുള്ളയാളായിരിക്കണമെന്നും കമ്മിഷന്‍ പറയുന്നു. കൂടാതെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നിയോഗിക്കുന്ന ഒരു ഓഡിറ്ററെക്കൊണ്ട് സി എ ജി അക്കൗണ്ടുകള്‍ പരിശോധിക്കണം.

കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അഴിമതി നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഷുംഗ്ലുവിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചത്.

വിവിധ ഏജന്‍സികള്‍ നടത്തിയ ഭരണ, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റി കത്തിനൊപ്പം ആറ് റിപ്പോര്‍ട്ടുകളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

കൂടംകുളം: നാരായണസ്വാമിയും ആണവോര്‍ജ കമ്മിഷനും ഭീഷണിയുമായി രംഗത്ത്

ചെന്നൈ: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള തദ്ദേശവാസികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയും ആണവോര്‍ജ കമ്മിഷനും പ്രസ്താവനകളുമായി രംഗത്ത്.

നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തിലായ റിയാക്ടറുകളില്‍ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതായാല്‍ തദ്ദേശവാസികള്‍ക്ക് അത് അപകടകരമാകുമെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും കമ്മിഷന്റെ പ്രസ്താവനയുടെ ഗൗരവം കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകണമെന്നാണ് കേന്ദ്രമന്ത്രി നാരായണസ്വാമിയും പ്രസ്താവനകളിറക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശാനുസരണം നാരായണസ്വാമിതന്നെ തയ്യാറാക്കി ഉണ്ടാക്കിയ വിദഗ്ധസമിതി അംഗങ്ങള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് സ്ഥിതിവിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചതായാണ് വിവരം.

സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി തയ്യാറാക്കിയ സമിതി യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളാരും തന്നെ പങ്കെടുത്തുമില്ല. ആണവോര്‍ജപദ്ധതി കൂടംകുളത്ത് നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നാണ് സമിതിയുടെ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ശനസുരക്ഷാക്രമീകരണങ്ങള്‍ കൂടംകുളം നിലയത്തിന് സ്വീകരിക്കണമെന്ന് ആണവോര്‍ജ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൂടംകുളത്ത് തദ്ദേശവാസികള്‍ നടത്തുന്ന സമരത്തെ കുറ്റപ്പെടുത്തിവന്ന നാരായണസ്വാമി ഇന്നലെ നടത്തിവന്ന പ്രസ്താവനയില്‍ സമരത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്ന ഉദയകുമാറിനെ പേരെടുത്തുപറയാതെ കുറ്റപ്പെടുത്തുകയുണ്ടായി.

ക്രിസ്ത്യന്‍ പാതിരിമാരുടെ സഹായം സമരത്തിന് ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും നേതാവിനുവേണ്ടി മാത്രമാണ് സമരം നടക്കുന്നതെന്നും നാരായണസ്വാമി ഇന്നലെ കുറ്റപ്പെടുത്തി. സമരക്കാരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇന്നലെ നടത്തിയ നാരായണസ്വാമിയുടെ പ്രസ്താവന വിളിച്ചുകാട്ടുന്നത്. കോസ്റ്റല്‍ പീപ്പിള്‍സ് ഫെഡറേഷന്‍, പീപ്പിള്‍സ് റൈറ്റ് ഫോറം, സോളിഡാരിറ്റി എന്നിവയുള്‍പ്പെടെ ഒന്‍പത് സംഘടനകളുടെ പിന്‍ബലത്തിലാണ് കൂടംകുളം ആണവനിലയവിരുദ്ധസമിതി പ്രവര്‍ത്തിച്ചുവരുന്നത്. വസ്തുതകള്‍ മനസ്സിലാക്കാതെ ഉദയകുമാറിനെതിരെ പ്രസ്താവനകള്‍ നടത്തി സമരത്തെ നിര്‍ജീവമാക്കാനാണ് മന്ത്രി നാരായണസ്വാമി ശ്രമം നടത്തിവരുന്നതെന്ന് പീപ്പിള്‍സ് ഫെഡറേഷന്‍ കണ്‍വീനര്‍ എം പുഷ്പരാജന്‍ പറഞ്ഞു. അതേസമയം ആണവനിലയത്തിനെതിരെ തദ്ദേശവാസികള്‍ നടത്തിവരുന്ന നിരാഹാരസമരം 13 ദിവസങ്ങള്‍ പിന്നിട്ടു.

അഞ്ഞൂറോളം പേരാണ് നിരാഹാരസമരത്തില്‍ ഇവിടെ പങ്കെടുത്തുവരുന്നത്.

തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാരുടെ ഒഴുക്ക് ജനസംഖ്യയിലെ കുറവുമൂലം

ബംഗളൂരു: തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാരുടെ ഒഴുക്കുണ്ടാകുന്നത് ജനസംഖ്യാ വര്‍ദ്ധനവിലുള്ള വ്യത്യാസം മൂലമാണെന്ന് എക്കണോമിക് വിദഗ്ദ്ധന്‍ പ്രൊഫ. ജയിംസ് അഭിപ്രായപ്പെട്ടു.

ലോക ജനസംഘ്യ 7 ലക്ഷം കോടിയായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ വലിയ സംസ്‌കാരിക സംഘര്‍ഷമാണ് അഭീമുഖീകരിക്കാന്‍ പോകുന്നത്. ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം ഇന്ത്യക്കാരാണ്.

ജനസംഖ്യാ വര്‍ദ്ധനവിന്റെ ബാംഗ്‌ളൂര്‍ ആസ്ഥാനമായ ജനസംഘ്യാ പഠന കേന്ദ്രം തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് എക്കണോമിക് ചെയ്ഞ്ചിമന്റെ തലവനാണ് ( ഐ എസ് ഇ സി) പ്രൊഫ. കെ എസ് ജയിംസ് .വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമുള്ള ജനസംഘ്യാ വര്‍ദ്ധനവില്‍ വ്യത്യാസം സംസ്‌കാരികമായി ഇന്ത്യയ്ക്കുള്ളില്‍ത്തന്നെ വിടവ് സൃഷ്ടിക്കുമെന്നും ജനസംഘ്യാ വര്‍ദ്ധനവിനെ ചെറുക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു പകരം ഇന്ത്യയ്ക്കുള്ളിലെ ജനസംഘ്യാപരമായ വ്യത്യാസങ്ങള്‍ നികത്താനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയെ അപേക്ഷിച്ച് തെക്കേ ഇന്ത്യയില്‍ ജനസംഘ്യാ വര്‍ദ്ധനവ് വളരെ ത്വരിത ഗതിയിലാണ് കുറയുന്നത്. ഇത് തെക്കേ ഇന്ത്യയില്‍ ഗ്രാമീണരുടെ ഇടയിലാണ് കുറയുന്നത് എന്നതിനാല്‍ ഇവിടെ മതിയായ കൂലിപ്പണിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് സൃഷ്ടിക്കുന്നു.

ആവശ്യമനുസരിച്ച് ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നും തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാര്‍ കൂടുതലായി എത്തിച്ചേരാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള കൂലിപ്പണിക്കാരുടെ പ്രവാഹം രാജ്യത്തെ സാസ്‌കാരിക പരമായി വിഭജിക്കുന്നു. ഇത് കൂടാതെ ഇന്ത്യയില്‍ ഉയര്‍ന്ന ജീവിത നിലവാരമുള്ളവരിലാണ് താഴ്ന്ന ജീവിത നിലവാരമുള്ളവരെ അപേക്ഷിച്ച് ജനസംഘ്യാ വര്‍ദ്ധനവ് കൂടുന്നതായി കാണുന്നത്.

വിദ്യാഭ്യാസം കുറവുള്ള ആളുകളില്‍ കുടുംബാസൂത്രണം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു എന്നിരുന്നാല്‍ത്തന്നെയും അത് സാധാരണക്കാരും അല്ലാത്തവരും തമ്മിലുള്ള വലിയ ജനസംഖ്യാ വിടവിന് കാരണമാക്കിയെന്നും കെ എസ് ജയിംസ് പറഞ്ഞു.

ആദായനികുതി വകുപ്പിന് 9.27 ലക്ഷം നല്‍കും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട 9.27 ലക്ഷം രൂപ നല്‍കുമെന്ന് അന്നാഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന കെജ്‌രിവാള്‍ സര്‍ക്കാറിനു നല്‍കാനുളള കുടിശ്ശിക നല്‍കാതെയാണ് രാജിവച്ചിരുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ആദായനികുതി വകുപ്പ് 9.27 ലക്ഷം രൂപ കുടിശ്ശികയടക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുക നല്‍കുന്നതുകൊണ്ട് സര്‍ക്കാറിന്റെ വാദം ശരിയാണെന്ന അര്‍ഥമില്ലെന്നും ഇതിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇതിനാവശ്യമായ പണം തന്റെ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും കടമായി വാങ്ങുമെന്നും അദേഹം അറിയിച്ചു.

ഒക്‌ടോബര്‍ 27നു മുമ്പ് കുടിശ്ശിക അടച്ചു തീര്‍ക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കെജ്‌രിവാള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
സര്‍വീസിലായിരിക്കുന്ന കാലത്ത് ഉപരിപഠനം നടത്താന്‍ വേണ്ടി പോയ സമയത്തെ ശമ്പളം, കമ്പ്യൂട്ടര്‍ വായ്പ, അതിന്റെ പലിശ എന്നിവ ചേര്‍ത്താണ് 9.27 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടത്.

പി കെ അജിത്കുമാര്‍

ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുമ്പ് പോസ്‌കോ നിര്‍മ്മാണം ആരംഭിക്കും

ഭുവനേശ്വര്‍: ബഹുരാഷ്ട്ര കുത്തകയായ ദക്ഷിണകൊറിയന്‍ സ്റ്റീല്‍ കമ്പനി പോസ്‌കോ ഒഡീഷയിലെ പാരാദീപില്‍ സ്ഥാപിക്കാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതുക്കിയ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുമ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ധാരണാപത്രം പുതുക്കാത്തത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്.

സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മ്മാണവും ധാരണാപത്രം തയ്യാറാക്കലും ഒപ്പത്തിനൊപ്പം നടക്കുമെന്ന് ചീഫ് സെക്രട്ടറി ബി കെ പട്‌നായിക് അറിയിച്ചു. മുമ്പും ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് പല കമ്പനികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം പദ്ധതിക്കായി സര്‍ക്കാര്‍ ഇതിനകം 2000 ഏക്കര്‍ ഏറ്റെടുത്തതായും അറിയിച്ചു.

ജഗത്‌സിംഗ്പുര്‍ ജില്ലയിലെ എര്‍സമ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പാരാദീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഒഡീഷ സര്‍ക്കാര്‍ പോസ്‌കോ-ഇന്ത്യയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. ചര്‍ച്ചയില്‍ ഔദ്യോഗിക ധാരണാപത്രം തയ്യാറാകുന്നതിന് മുമ്പ് നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി തയ്യാറാകുകയായിരുന്നു. പ്രതിവര്‍ഷം 12 ബില്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള വലിയ സ്റ്റീല്‍ പ്ലാന്റാണ് പോസ്‌കോ ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

മുന്‍ ധാരണാപത്രത്തിലെ വിവാദമായ കയറ്റുമതി നിബന്ധനയെക്കുറിച്ചുള്ള കമ്പനിയുടെ നിലപാട് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പട്‌നായിക് അറിയിച്ചു. ഈ നിലപാട് നിയമ, ഖനന മന്ത്രാലയങ്ങള്‍ പരിശോധിച്ചു വരികയാണ്. പുതുക്കിയ ധാരണാപത്രത്തില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. 2005ലാണ് പോസ്‌കോ ആദ്യ ധാരണാപത്രം ഒപ്പിട്ടത്. 52000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പ്ലാന്റിനായി നാലായിരം ഏക്കര്‍ ഭൂമിയാണ് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതിനിടെ പോസ്‌കോ പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ടവരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 2005ല്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്നാണ് പദ്ധതി ഇത്രയും കാലം നീണ്ടു പോയത്. പദ്ധതിക്കായി ചുറ്റുമതില്‍ നിര്‍മിക്കുന്നതിനെതിരെ 2006 ജനുവരിയില്‍ നടന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 14പേര്‍ കൊല്ലപ്പെട്ടിരുന്നു. വന നിയമം ലംഘിച്ച് നടത്തുന്ന പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും രംഗത്തുവന്നതോടെ പദ്ധതി നീളുകയായിരുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി.

janayugom 311011

1 comment:

  1. തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാരുടെ ഒഴുക്കുണ്ടാകുന്നത് ജനസംഖ്യാ വര്‍ദ്ധനവിലുള്ള വ്യത്യാസം മൂലമാണെന്ന് എക്കണോമിക് വിദഗ്ദ്ധന്‍ പ്രൊഫ. ജയിംസ് അഭിപ്രായപ്പെട്ടു.

    ReplyDelete