Monday, October 31, 2011

ഡിസിസി ഓഫീസ്/സുന്നി ഓഫീസ് കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നു

കോട്ടയം ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ പേരു ചേര്‍ക്കാന്‍ ശ്രമം. സ്ഥലത്തില്ലാത്തവരെയും മറ്റും വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായി ഡിസിസി ഓഫീസില്‍നിന്ന് വിവിധ പ്രാദേശിക കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും അപേക്ഷ നല്‍കിത്തുടങ്ങി. ജില്ലയുടെ ചില ഭാഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നയായി പരാതിയുണ്ട്. അപേക്ഷ പരിശോധനാ സമയത്ത് അധികാരത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടര്‍പ്പട്ടികയില്‍ കള്ള വോട്ടര്‍മാരെ ചേര്‍ക്കാനും മറ്റു ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാനുമാണ് ശ്രമം.

18 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതുതായി പേര് ചേര്‍ക്കാനും പട്ടികയിലെ തെറ്റുകള്‍ തിരുത്താനും നീക്കേണ്ടവ നീക്കാനും മറ്റുമുള്ള അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നവംബര്‍ ഒന്നു വരെയാണ് വോട്ടപ്പട്ടിക പുതുക്കലിനും മറ്റും അപേക്ഷകള്‍ സ്വീകരിക്കുക. പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ അപേക്ഷയുമായി നേരിട്ട് വില്ലേജ് ഓഫീസര്‍ക്കോ തഹസില്‍ദാര്‍ക്കോ അപേക്ഷ നല്‍കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാമെങ്കിലും ചില രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസ് കേന്ദ്രീകരിച്ച് അപേക്ഷകള്‍ തയ്യാറാക്കി അവ കൂട്ടത്തോടെ നല്‍കുന്നത് രാഷ്ട്രീയ ഗൂഢോദ്ദേശ്യമാണെന്ന് വ്യക്തം. കോട്ടയം താലൂക്ക് ഓഫീസിലടക്കം ഇത്തരത്തില്‍ കൂട്ടത്തോടെ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളില്‍ വേണ്ട പരിശോധനകള്‍ നടത്താതെ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്‍ജിഒ അസോസിയേഷന്‍ അംഗങ്ങളായവരും കോണ്‍ഗ്രസ് അനുകൂലികളായ ചില ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസീല്‍ദാര്‍ക്കുമെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇനി രണ്ടു ദിവസം മാത്രമാണ് വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ചേര്‍ക്കാനും തിരുത്താനും നീക്കം ചെയ്യാനും മറ്റും അവസരം. അവസാനനിമിഷത്തിലാണ് ഇത്തരത്തില്‍ ഒന്നിച്ച് അപേക്ഷകള്‍ രാഷ്ട്രീയ പാര്‍ടി ഓഫീസ് കേന്ദ്രീകരിച്ച് തയ്യാറാക്കി അവ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.

2012 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. പട്ടികയില്‍ പേര് ഉള്ളവര്‍ക്ക് മണ്ഡലം മാറ്റാനോ ബൂത്ത് മാറ്റാനോ അപേക്ഷ നല്‍കാം. അതോടൊപ്പം തെറ്റുകള്‍ തിരുത്താനും അനര്‍ഹരായവരുടെ പേരുകള്‍ നീക്കം ചെയ്യാനും അപേക്ഷ നല്‍കാം.

വോട്ട് ചേര്‍ക്കല്‍ ലീഗ് സുന്നി ഓഫീസില്‍ ; നാട്ടുകാര്‍ തടഞ്ഞു

തിരൂര്‍ : മുസ്ലിംലീഗ് പ്രവര്‍ത്തകനായ ബൂത്ത് ഓഫീസറുടെ നേതൃത്വത്തില്‍ ലീഗ് അനുകൂല സംഘടന ഓഫീസില്‍വച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തിരൂര്‍ അസംബ്ലി നിയോജകമണ്ഡലത്തില്‍പ്പെട്ട നഗരസഭാ 35-ാം ബൂത്തിലെ വോട്ട് ചേര്‍ക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. ലീഗ് പ്രവര്‍ത്തകനായ ബൂത്ത് ഓഫീസറുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ നടുവിലങ്ങാടിയിലെ എസ്കെഎസ്എസ്എഫ് ഓഫീസില്‍വച്ചാണ് വോട്ട് ചേര്‍ത്തത്. നടുവിലങ്ങാടി മദ്രസയില്‍വച്ചാണ് വോട്ട് ചേര്‍ക്കല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്രം മാറ്റിയതറിയാതെ നിരവധി ആളുകള്‍ മദ്രസയിലെത്തി മടങ്ങി. ഇതിനിടെയാണ് എസ്കെഎസ്എസ്എഫ് ഓഫീസില്‍വച്ച് വോട്ട് ചേര്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇത് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും മദ്രസയിലേക്ക് മടങ്ങുകയുംചെയ്തു. ബൂത്ത് ഓഫീസറുടെ നടപടിക്കെതിരെ സിപിഐ എം പ്രവര്‍ത്തകര്‍ കലക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി.

deshabhimani 311011

1 comment:

  1. കോട്ടയം ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ പേരു ചേര്‍ക്കാന്‍ ശ്രമം. സ്ഥലത്തില്ലാത്തവരെയും മറ്റും വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായി ഡിസിസി ഓഫീസില്‍നിന്ന് വിവിധ പ്രാദേശിക കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും അപേക്ഷ നല്‍കിത്തുടങ്ങി. ജില്ലയുടെ ചില ഭാഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നയായി പരാതിയുണ്ട്. അപേക്ഷ പരിശോധനാ സമയത്ത് അധികാരത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടര്‍പ്പട്ടികയില്‍ കള്ള വോട്ടര്‍മാരെ ചേര്‍ക്കാനും മറ്റു ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാനുമാണ് ശ്രമം

    ReplyDelete