റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനമാണ് ചൊവ്വാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനവുമായി. കരുതല്‍ ധന അനുപാതം 6 ശതമാനമായി തുടരും. ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് പലിശ കൂട്ടുന്നത്. പന്ത്രണ്ട് തവണ കൂട്ടിയപ്പോഴും പറഞ്ഞതുപോലെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് വര്‍ധനയെന്ന് ഇത്തവണയും റിസര്‍വ് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. റിപ്പോനിരക്ക് വര്‍ധിച്ചതോടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് കൂടും. കഴിഞ്ഞതവണത്തെ നിരക്കുവര്‍ധനയോടനുബന്ധിച്ച് ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , വായ്പകള്‍ക്കു മാത്രം പലിശയുയര്‍ത്താനാണ് സാധ്യതയെന്ന് പ്രമുഖ ബാങ്കിങ് വിദഗ്ധന്‍ ചൂണ്ടിക്കാട്ടി.
റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖല, വാഹന വ്യവസായം എന്നീ മേഖലകളെയെല്ലാം നിരക്കുവര്‍ധന പിന്നോട്ടു വലിക്കും. വ്യവസായമേഖലയെ മൊത്തത്തിലും കടബാധ്യതയുള്ള കമ്പനികളെ പ്രത്യേകിച്ചും പലിശവര്‍ധന ബാധിക്കും. ചെറുകിടക്കാര്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള സാധ്യത ഇതോടെ ഇല്ലാതായെന്ന് ചെറുകിട വ്യവസായികള്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഈ നിരക്കുവര്‍ധന മൂന്നുതരത്തില്‍ ബാധിക്കുമെന്ന് കൊച്ചിയിലെ കുന്നേല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മനേജിങ് ഡയറക്ടര്‍ ആന്റണി കുന്നേല്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് വായ്പ കനത്ത ഭാരമാകുന്നതിനു പുറമെ,അസംസ്കൃത ഉല്‍പ്പന്നവിലയും വര്‍ധിക്കും. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍തന്നെ ബുദ്ധിമുട്ടാകും. ഭവനവായ്പ എടുക്കുക എന്നത് അപ്രാപ്യമായിത്തീരുകയുംചെയ്യും. റിസര്‍വ് ബാങ്കിന്റെ നിരക്കു വര്‍ധന മൂലം ഒന്നര വര്‍ഷത്തിനിടെ ഭവനവായ്പയുടെ പലിശ നിരക്കില്‍ 2.5 മുതല്‍ 3 ശതമാനം വരെ വര്‍ധനയുണ്ടായി. ഉയര്‍ന്ന ഇന്ധനവിലയും പലിശനിരക്കുംമൂലം വില്‍പ്പന മന്ദഗതിയിലായ വാഹനവില്‍പ്പനരംഗത്തും സ്ഥിതി മോശമാണെന്ന് ആ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലുണ്ടാകുന്ന ഇത്തരം പ്രത്യാഘാതങ്ങള്‍ സ്വാഭാവികമായും വരുംദിവസങ്ങളില്‍ ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് കൊച്ചിയിലെ ഡിബിഎഫ്എസിന്റെ ഗവേഷണവിഭാഗം മേധാവി ഒ പി വിനോദ്കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 8ന് അവസാനിച്ച ആഴ്ചയിലെ ഭഭക്ഷ്യപണപ്പെരുപ്പം 10.60 ശതമാനമായതാണ് മറ്റൊരു വെല്ലുവിളി. ഡിസംബറോടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്നും 2012 മാര്‍ച്ച് മാസത്തോടെ നിരക്ക് ഗണ്യമായി കുറഞ്ഞ് 7ശതമാനത്തിലെത്തുമെന്നുമാണ് റിസര്‍വ് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നതോടൊപ്പം രൂപയുടെ മൂല്യം കുറയുന്നത് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പുതിയ പ്രശ്നമാണെന്ന് ചൊവ്വാഴ്ചത്തെ ധനഅവലോകന യോഗത്തിനു മുന്നോടിയായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു. തുടര്‍ച്ചയായി പത്താം മാസവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിനടുത്ത് തുടരുകയാണ്.
എസ്ബി അക്കൗണ്ട് പലിശ നിയന്ത്രണം നീക്കി
സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തു കളഞ്ഞു. ചൊവ്വാഴ്ചത്തെ പണവായ്പാ നയ അവലോകനത്തിലാണ് തീരുമാനം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശയിലാണ് നിയന്ത്രണം എടുത്തുകളഞ്ഞത്. ഓരോ ബാങ്കിനും ഇനി സ്വന്തം നിലയില്‍ പലിശ നിശ്ചയിക്കാനാകും. എസ്ബി നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയരുന്നത് പ്രത്യക്ഷത്തില്‍ നേട്ടമെന്ന് തോന്നാമെങ്കിലും ബാങ്കുകള്‍ തമ്മിലുള്ള പലിശനിരക്ക്യുദ്ധത്തിനും ദീര്‍ഘകാല നിക്ഷേപങ്ങളുടെ അന്ത്യത്തിനുമാണ് ഇത് വഴിവയ്ക്കുകയെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ് ബാങ്ക് തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യമേഖലയിലെ യെസ്ബാങ്ക് എസ്ബി അക്കൗണ്ട് പലിശയില്‍ രണ്ട് ശതമാനം വര്‍ധന പ്രഖ്യാപിച്ചു. എന്നാല്‍ തങ്ങള്‍ തിരക്കിട്ട് തീരുമാനം എടുക്കുന്നില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു. സാഹസിക തീരുമാനങ്ങള്‍ എടുക്കുന്ന പുതുതലമുറ ബാങ്കുകളെ സഹായിക്കുന്നതാണ് പുതിയ നയമെന്ന് ഇത് വ്യക്തമാക്കുന്നു. ഒരുലക്ഷം രൂപവരെയുള്ള സേവിങ്സ് നിക്ഷേപത്തിന് ഒരേ നിരക്കും തുടര്‍ന്നങ്ങോട്ടുള്ള വര്‍ധിച്ച തുകയ്ക്ക് വ്യത്യസ്ത നിരക്കുകളും അവതരിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇതു എത്രയാണെന്ന് ഉടന്‍ അറിയിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു.
നാലു ശതമാനം പലിശയാണ് എസ്ബി അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നത്. ഇതുയര്‍ത്തുന്നതോടെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ പണം എസ് ബി അക്കൗണ്ടിലേക്ക് മാറ്റാന്‍ ഇടയാകും. ഇത് ബാങ്കുകളുടെ അടിത്തറയായ ദീര്‍ഘകാല നിക്ഷേപത്തെ തകര്‍ക്കുമെന്ന് സാമ്പത്തിക നിരീക്ഷകന്‍ വി കെ പ്രസാദ് പറഞ്ഞു. മുന്‍ഗണന, ചെറുകിടമേഖലയിലേക്ക് ബാങ്കുകള്‍ വായ്പയായി നല്‍കുന്നത് ദീര്‍ഘകാലനിക്ഷേപങ്ങളാണ്. ബാങ്കുകളുടെ ആസ്തികളും വായ്പകളും തമ്മിലുള്ള പൊരുത്തക്കേടുകളും വര്‍ധിക്കും. ഇപ്പോള്‍തന്നെ ബാങ്കുകള്‍ ഈ പ്രതിസന്ധിയിലാണ്. വായ്പാകാലാവധി ദീര്‍ഘവും നിക്ഷേപം ഹ്രസ്വകാലത്തേക്കുമാകുമ്പോള്‍ അന്തരം ഇനിയും കൂടാനാണ് സാധ്യതയെന്നും വി കെ പ്രസാദ് പറഞ്ഞു .ഈ തീരുമാനം ബാങ്കുകളുടെ പ്രവര്‍ത്തനച്ചെലവു കൂട്ടുമെങ്കിലും ഇടപാടുകാര്‍ക്ക് മികച്ച ഒരവസരമാകുമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സി ജോണ്‍ പറയുന്നു. പുതിയ നയം ബാങ്കുകളുടെ ലാഭക്ഷമതയെ കനത്തതോതില്‍ ബാധിക്കുമെന്ന് ബാങ്കിങ് വിദഗ്ധനായ ബാബു വി മാത്യു പറഞ്ഞു. 2011 മാര്‍ച്ച്വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കുകളില്‍ ആകെ 14.46 ലക്ഷം കോടി രൂപയുടെ സേവിങ്സ് ബാങ്ക് നിക്ഷേപമാണുള്ളത്.
15 ലക്ഷംവരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ്
15 ലക്ഷം രൂപവരെയുള്ള ഭഭവനവായ്പകള്‍ക്ക് ഒരുശതമാനം പലിശ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഇളവ് നല്‍കും. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുകളിന്മേലുള്ള വായ്പയ്ക്ക് മാത്രമായിരിക്കും ഈ ഇളവ്. നേരത്തെ ഇത് യഥാക്രമം 10 ലക്ഷം രൂപയും 20 ലക്ഷം രൂപയുമായിരുന്നു. നാഷണല്‍ ഹൗസിങ് ബാങ്കാണ് ഈ പദ്ധതി നടപ്പാക്കുക. പലിശ ഇളവിന് നടപ്പുസാമ്പത്തികവര്‍ഷം 500 കോടി രൂപ നല്‍കും. പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിനുള്ള നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന് രൂപം നല്‍കാനും തീരുമാനിച്ചു. 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. റാബിവിളകളുടെ താങ്ങുവില ഉയര്‍ത്താനും തീരുമാനിച്ചു. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 165 രൂപ വര്‍ധിപ്പിച്ച് 1285 രൂപയാക്കി. ബാര്‍ലിയുടേത് 200 രൂപ വര്‍ധിപ്പിച്ച് 980 രൂപയായി ഉയര്‍ത്തി.
deshabhimani 261011
റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനമാണ് ചൊവ്വാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനവുമായി. കരുതല്‍ ധന അനുപാതം 6 ശതമാനമായി തുടരും. ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് പലിശ കൂട്ടുന്നത്. പന്ത്രണ്ട് തവണ കൂട്ടിയപ്പോഴും പറഞ്ഞതുപോലെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് വര്‍ധനയെന്ന് ഇത്തവണയും റിസര്‍വ് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. റിപ്പോനിരക്ക് വര്‍ധിച്ചതോടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് കൂടും. കഴിഞ്ഞതവണത്തെ നിരക്കുവര്‍ധനയോടനുബന്ധിച്ച് ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , വായ്പകള്‍ക്കു മാത്രം പലിശയുയര്‍ത്താനാണ് സാധ്യതയെന്ന് പ്രമുഖ ബാങ്കിങ് വിദഗ്ധന്‍ ചൂണ്ടിക്കാട്ടി.
ReplyDelete