Monday, October 31, 2011

അധികാരികളില്ല: സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

അധ്യക്ഷന്‍മാരെ നിയമിക്കുന്നതിലുള്ള കാലവിളംബം സാംസ്‌കാരിക സ്ഥാപനങ്ങലുടെ പ്രവര്‍ത്തനം തകിടം മറിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതി രൂപീകരണം അനിശ്ചിതമായി നീളുന്നു. അനുയോജ്യരായ സാഹിത്യ-കലാ-സാംസ്‌കാരിക പ്രമുഖരെ ഉള്‍പ്പെടുത്തി ഈ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ വൈകാതെ രൂപീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിലവിലുണ്ടായിരുന്ന ഭരണസമിതികള്‍ മാറുകയും ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നടത്തുകയും മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. പൂര്‍ണമായ ഭരണസമിതിയുടെ അഭാവത്തില്‍ ചെയര്‍മാനും സെക്രട്ടറിയും മാത്രമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.  ദേശീയവും അന്തര്‍ദേശീയവുമായ സംഗീത-നൃത്തനാടക പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബന്ധപ്പെട്ട ഭരണസമിതികളില്‍ ചര്‍ച്ച ചെയ്യുകയും ഭരണസമിതിയുടെ അംഗീകാരവും അനുമതിയും വാങ്ങിയിട്ടുമായിരിക്കേണ്ടതാണ്. പ്രശസ്ത കലാകരന്മാര്‍ പങ്കെടുക്കുന്ന, വലിയ സാമ്പത്തിക ബാധ്യതകളുള്ള പരിപാടികള്‍ ചെയര്‍മാനും സെക്രട്ടറിയും തീരുമാനിച്ച് നടത്തുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ ജനകീയസ്വഭാവത്തെ മറി കടന്നുകൊണ്ടാണ്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനും സംഗീതനാടക അക്കാദമിയും നടത്താന്‍ തീരുമാനിച്ചിട്ടുള്ള പ്രമുഖ പരിപാടികള്‍ ആരുടെ തീരുമാനപ്രകാരമാണ് സംഘടിപ്പിക്കുന്നത് ഇനിയും വ്യക്തമല്ല. കേരളസംഗീതനാടക അക്കാദമി ഹൈസ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി നൃത്തോത്സവവും അന്തര്‍ദേശീയ നാടകോത്സവവും സംഘടിപ്പിക്കുന്നതും ഭരണസമിതിയുടെ അഭാവത്തിലാണ്. ധൃതിപിടിച്ചാണ് ഈ പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. സമ്പന്നരായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ നൃത്തവും സംഗീതവുമൊക്കെ പഠിക്കുന്നത് അവരുടെ വിനോദത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ സമ്പന്നരായ കുറെ നൃത്ത വിദ്യാര്‍ഥികള്‍ എത്തിച്ചേരും എന്ന് സംഘാടകര്‍ക്ക് നന്നായറിയാം. ലക്ഷങ്ങളുടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ ചെലവില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ടവര്‍ ഇതൊക്കെ പാവപ്പെട്ട, കലാവാസനയുള്ള കുട്ടികള്‍ക്കും കൂടി പ്രയോജനകരമായിത്തീരണം എന്നുകൂടി ചിന്തിക്കേണ്ടതാണെന്നും സംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.

janayugom 311011

1 comment:

  1. അധ്യക്ഷന്‍മാരെ നിയമിക്കുന്നതിലുള്ള കാലവിളംബം സാംസ്‌കാരിക സ്ഥാപനങ്ങലുടെ പ്രവര്‍ത്തനം തകിടം മറിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതി രൂപീകരണം അനിശ്ചിതമായി നീളുന്നു. അനുയോജ്യരായ സാഹിത്യ-കലാ-സാംസ്‌കാരിക പ്രമുഖരെ ഉള്‍പ്പെടുത്തി ഈ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ വൈകാതെ രൂപീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

    ReplyDelete