Saturday, October 29, 2011

അയഡിന്‍ അപര്യാപ്തതാരോഗങ്ങള്‍ വര്‍ധിക്കുന്നു

അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ സംസ്ഥാനത്ത്  ക്രമാതീതമായി വര്‍ധിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച അയഡിന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും താറുമാറായി. ന്യൂഡല്‍ഹി ആസ്ഥാനമായ ഹെല്‍ത്ത് വാച്ച് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളില്‍ 36 ശതമാനം പേര്‍ക്കും മുതിര്‍ന്നവരില്‍ 43 ശതമാനം അയഡിന്റെ ആഭാവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചിട്ട് നാല് മാസത്തിലേറെയായി. നടപടികള്‍ കാത്ത് ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ് അടിയന്തിര പ്രാധാന്യമുള്ള ഈ റിപ്പോര്‍ട്ട്.

അയഡിന്റെ അഭാവം മൂലം ഗുരുതരമായ രോഗങ്ങളാണ് ഉണ്ടാകുന്നത്. കുട്ടികളില്‍ ബുദ്ധിമാന്ദ്യം, വളര്‍ച്ചാ വൈകല്യങ്ങള്‍, ഗര്‍ഭിണികള്‍ക്ക് ഗര്‍ഭചിദ്രം, മുതിര്‍ന്നവരില്‍ ഗോയിറ്റര്‍ തുടങ്ങിയ രോഗങ്ങളാണ് അയൊഡിന്റെ അഭാവം മൂലം ഉണ്ടാകുന്നത്. സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചരുടെ എണ്ണം കൂടുന്നതായി തിരുവനന്തപുരത്തുള്ള ചെല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള രോഗങ്ങള്‍ ഫലപ്രദമായി നിയ്രന്തിക്കുന്നതിന് അയഡിന്‍ ചേര്‍ത്ത ഉപ്പിന്റെ ഉപയോഗം നിര്‍ബന്ധമാക്കികണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. അയഡിന്‍ ചേര്‍ത്ത ഉപ്പ് നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക സബ്‌സിഡികളും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

വിതരണം ചെയ്യുന്ന ഉപ്പില്‍ വേണ്ടത്ര അളവില്‍ അയൊഡിന്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ചുമതലയും നല്‍കി. ഇതിന്റെ ഭാഗമായി കേരളത്തിലും നിയമം നടപ്പാക്കി. എന്നാല്‍ അന്യസംസ്ഥാനങ്ങലില്‍ നിന്നും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഉപ്പിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഇതിന് തെളിവാണ് സംസ്ഥാനത്ത് ഉപ്പിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംസ്ഥാനത്ത് എത്തുന്ന ഉപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇനിയും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള തടസമെന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, കോവളം, പൂവാര്‍, വെള്ളറട, വിതുര, കിളിമാനൂര്‍, ചിറയിന്‍കീഴ് തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, തേവള്ളി, നീണ്ടകര, ശക്തികുളങ്ങര, ഓച്ചിറ, ചവറ തുടങ്ങിയ പ്രദേശങ്ങള്‍, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, പത്തനംതിട്ട ജില്ലയിലെ കോന്നി, ഇലന്തൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍, തൊടുപുഴ, രാജക്കാട്, കോട്ടയം ജില്ലയിലെ തിരുവല്ല, കവിയൂര്‍, എര്‍ണാകുളം ജില്ലയിലെ തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, കളമശ്ശേരി, മട്ടാഞ്ചേരി, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, മഞ്ചേരി, വേങ്ങര, പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍, കോഴിക്കോട് ജില്ലയിലെ ഫിഷ് മാര്‍ക്കറ്റ്, കടലുണ്ടി, കണ്ണൂര്‍ ജില്ലയിലെ പഴശ്ശി, പറശ്ശിനിക്കടവ്, ഇരിക്കൂര്‍, കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് അയഡിന്റെ ആഭാവം മൂലമുള്ള  രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തിയത്.

അയഡിന്‍ സംബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്.  ആദ്യ ഘട്ടത്തില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍,  ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉന്നതതല കര്‍മ്മ സമിതി രൂപീകരിച്ചു. രണ്ടാം ഘട്ടത്തില്‍ രോഗികളുടെ വിവരങ്ങളും എണ്ണവും ലഭ്യമാക്കുന്നതിനുള്ള സര്‍വേ നടപ്പാക്കി. നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം സംഘടിപ്പിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണക്കാക്കി. മൂന്നാംഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ സംവിധാനം നടപ്പാക്കി.  അവസാന ഘട്ടത്തില്‍ രോഗികളുടെ മൊത്തം വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പാക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി അവതാളത്തിലായി.

കെ ആര്‍ ഹരി  janayugom 291011

1 comment:

  1. അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച അയഡിന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും താറുമാറായി. ന്യൂഡല്‍ഹി ആസ്ഥാനമായ ഹെല്‍ത്ത് വാച്ച് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളില്‍ 36 ശതമാനം പേര്‍ക്കും മുതിര്‍ന്നവരില്‍ 43 ശതമാനം അയഡിന്റെ ആഭാവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചിട്ട് നാല് മാസത്തിലേറെയായി. നടപടികള്‍ കാത്ത് ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ് അടിയന്തിര പ്രാധാന്യമുള്ള ഈ റിപ്പോര്‍ട്ട്.

    ReplyDelete