ഡോ. എം എസ് സ്വാമിനാഥന്‍ നിര്‍ദേശിച്ചതുപോലെ കുട്ടനാട് പാക്കേജ് സുതാര്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചും നെല്‍കൃഷിയുടെയും മത്സ്യസമ്പത്തിന്റെയും വ്യാപനം മുന്‍നിര്‍ത്തിയുംവേണം പാക്കേജ് നടപ്പാക്കേണ്ടതെന്നും പദ്ധതിനടത്തിപ്പില്‍ ഉദ്യോഗസ്ഥമേധാവിത്തം അനുവദിക്കരുതെന്നും പിണറായി പറഞ്ഞു.കുട്ടനാട് പാക്കേജ് മുന്‍നിര്‍ത്തി കേരള കര്‍ഷകസംഘം സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കേജുകള്‍കൊണ്ട് കാര്‍ഷികമേഖലയിലെ എല്ലാ പ്രശ്നവും പരിഹരിക്കാനാകില്ല. നടപ്പാക്കിവരുന്ന കര്‍ഷകദ്രോഹനയങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുകമാത്രമാണ് പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. സമുദ്രനിരപ്പില്‍നിന്ന് രണ്ടരമീറ്ററോളം താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പരിസ്ഥിതി ദുര്‍ബലപ്രദേശമാണ്. സ്വാഭാവികമായും ഈ മേഖലയുടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമാത്രമേ ഏത് പാക്കേജും പദ്ധതിയും നടപ്പാക്കാനാവൂ. പദ്ധതി നടപ്പാക്കിതുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ പതിവുരീതിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിക്കാന്‍ പാടില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥരെ പാക്കേജ് നടത്തിപ്പ് ഏല്‍പ്പിക്കുന്നത് പദ്ധതിതുകയില്‍ ഒരുഭാഗം സ്വന്തം കീശയിലെത്തിക്കാന്‍ വേണ്ടിയാണ്. ഇത് ഒഴിവാക്കാന്‍ പദ്ധതിനടത്തിപ്പില്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി കുട്ടനാട് പാക്കേജിന്റെ ഇടക്കാല വിലയിരുത്തല്‍ ഉടന്‍ നടത്തണം. പാക്കേജ് നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്പിരിറ്റി കൗണ്‍സിലില്‍ കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. പദ്ധതി നടത്തിപ്പ് ചുമതലയുള്ള വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയോഗിക്കണം. പദ്ധതികള്‍ നടപ്പാക്കുന്നതിന് കൃത്യമായ മുന്‍ഗണനാക്രമം വേണം.
തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നവീകരണത്തിന് ചെന്നൈ ഐഐടി സമര്‍പ്പിച്ച സമഗ്രമായ പഠനറിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം. പദ്ധതി നടത്തിപ്പിലുണ്ടാകാവുന്ന അഴിമതിതടയാന്‍ ശക്തമായ വിജിലന്‍സ് സെല്‍ ഉണ്ടാക്കണമെന്നും നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ ഗുണമേന്മയുള്ളതാണോ എന്ന് ഉറപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി.
deshabhimani 251111
No comments:
Post a Comment