Sunday, November 27, 2011

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.7 അടി: ജാഗ്രതാ നിര്‍ദേശം നല്‍കി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.7 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്താന്‍ സാധ്യതയുള്ളതിനാലാണ് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 136 അടിയായാല്‍ വള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കും. കലക്ട്രേറ്റിലും പീരുമേട്, ഉടുമ്പന്‍ചോല താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരസാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേയുടെ 1, 2 ഷട്ടറുകളിലൂടെ നീരൊഴുക്ക് തുടങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പന്‍കോവില്‍ , ഉപ്പുതറ, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ ജനങ്ങള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇടുക്കി വീണ്ടും നടുങ്ങി; രണ്ടരമണിക്കൂറില്‍ 4 ഭൂചലനം

ഇടുക്കി: ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കൂറിനുള്ളില്‍ 4 തവണയുണ്ടായ ഭൂചലന പരമ്പരയില്‍ ഇടുക്കി ജില്ലയും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളും നടുങ്ങി. പുലര്‍ച്ചെ 3.15ന് റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തില്‍ ഇടുക്കി അണക്കെട്ടടക്കം കുലുങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും സമീപപ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇതോടെ, ഒന്‍പതു മാസത്തിനുള്ളില്‍ ഇടുക്കിയിലനുഭവപ്പെട്ട ഭൂചലനത്തിന്റെ എണ്ണം 27 ആയി. പുലര്‍ച്ചെ 3.22ന് 0.5, 4.49 ന് 1.4, 5.49ന് 1.7 വീതം ശക്തിയുള്ള തുടര്‍ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ആദ്യചലനത്തോടെ ഞെട്ടിയുണര്‍ന്നവര്‍ തുടര്‍ചലനങ്ങളുണ്ടായതോടെ ഭയചികിതരായി. പലരും വീടിനു പുറത്തിരുന്നാണ് നേരം വെളുപ്പിച്ചത്. വീടുകള്‍ക്ക് ഒരു മിനിറ്റിലധികം വിറയല്‍ അനുഭവപ്പെട്ടു. ഇടുക്കി തടാകത്തോടു ചേര്‍ന്നുകിടക്കുന്ന വെഞ്ഞൂര്‍മേടാണ് പ്രഭവകേന്ദ്രം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആഘാതം ഉണ്ടായോഎന്നറിയാന്‍ വിശദപരിശോധന വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപട്ടണമായ വണ്ടിപ്പെരിയാറ്റില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ഉപ്പുതറ, കട്ടപ്പന,ഏലപ്പാറ, വാഗമണ്‍ , വളകോട്, അയ്യപ്പന്‍കോവില്‍ , മൂലമറ്റം, കുളമാവ്, തോപ്രാംകുടി, തൊടുപുഴ, ഇടുക്കി, മൂലമറ്റം, വെള്ളിയാമറ്റം എന്നിവിടങ്ങളിലെല്ലാം ശക്തമായ ചലനമുണ്ടായി. ഉറക്കത്തില്‍ കട്ടിലില്‍നിന്ന് എടുത്തെറിയപ്പെട്ട പ്രതീതിയാണുണ്ടായതെന്ന് ആളുകള്‍ പറഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളായ വാഗമണ്‍ , പൂഞ്ഞാര്‍ , പൊന്‍കുന്നം, തീക്കോയി, മാവടി, വെള്ളികുളം, അടുക്കം, മേലടുക്കം, മൂന്നിലവ്, അടിവാരം, പാതാമ്പുഴ, പെരിങ്ങളം, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ ഭൂചലനവും വലിയ മുഴക്കവുമുണ്ടായി. പൊന്‍കുന്നം ചിറക്കടവില്‍ ഒരുവീടിന് നാശനഷ്ടമുണ്ടായി. ചൊന്നാക്കുന്നില്‍ തുണ്ടത്തില്‍ ജോര്‍ജിന്റെ വീടിന്റെ അടുക്കളഭാഗത്തെ ഓടുകള്‍ നിലംപതിച്ചു. വീടുകളുടെ ജനല്‍പാളി ഇളകി. പാത്രങ്ങള്‍ താഴെവീണു. ശക്തമായ കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണുള്ളത്. എന്നാല്‍ , ശനിയാഴ്ച കോട്ടയം ജില്ലയില്‍ ഭൂചലനം ഉണ്ടായിട്ടില്ലെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(സെസ്) ഡയറക്ടര്‍ ഡോ. എന്‍ പി കുര്യന്‍ ദേശാഭിമാനിയോടു പറഞ്ഞു. ഉപ്പുതറ കേന്ദ്രീകരിച്ച് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ തുടര്‍മുഴക്കം പൂഞ്ഞാര്‍ , ഈരാറ്റുപേട്ട പ്രദേശത്ത് അനുഭവപ്പെടുക മാത്രമാണുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കു പോയ ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു. കരിന്തിരി ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വഴി തടഞ്ഞു.
(കെ ജെ മാത്യു)

മുല്ലപ്പെരിയാര്‍ : ജോസഫും തിരുവഞ്ചൂരും ഡല്‍ഹിയിലേക്ക്

മങ്കൊമ്പ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ഡല്‍ഹിയിഗേലക്ക് പോകും. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, പവന്‍കുമാര്‍ ബെന്‍സാല്‍ എന്നിവരെ കേരളസംഘം സന്ദര്‍ശിക്കും. തമിഴ്നാടിന് ആവശ്യമായ വെള്ളം കേരളം നല്‍കാന്‍ തയാറായ സ്ഥിതിയ്ക്ക് പുതിയ അണക്കെട്ടിനെ അവര്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും കേരളജനതയുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും അണക്കെട്ടിന് ബലക്കുറവില്ലെന്ന ജയലളിതയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.7 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്താന്‍ സാധ്യതയുള്ളതിനാലാണ് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 136 അടിയായാല്‍ വള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കും.

    ReplyDelete