Monday, November 28, 2011

ഔഷധവിലനിര്‍ണയാവകാശം വിദേശകുത്തകകള്‍ക്ക് നല്‍കാന്‍ നീക്കം

ചെറുകിടമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഔഷധകമ്പോളവും കുത്തകകളുടെ കൈയിലേക്ക് നല്‍കാന്‍  നടപടി വേഗത്തിലാക്കി. ഔഷധവില നിര്‍ണ്ണയം വിദേശകുത്തകള്‍ക്ക് വിട്ടുനല്‍കുന്ന നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസ് പോളിസി 2011 നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഔഷധവിപണിയില്‍ വിദേശകുത്തക കമ്പിനികളുടെ സാന്നിധ്യം നൂറ് ശതമാനമായി മാറും. ഒപ്പം ഇന്ത്യന്‍ മരുന്നുകമ്പിനികള്‍ പ്രതിസന്ധിയിലാകുകയും ഔഷധവില വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടികാട്ടുന്നു. പെട്രോളിന്റെ വില നിര്‍ണയം കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതുപോലെ ഔഷധവിലനിര്‍ണയവും നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയുകയാണ്.

ഇന്ത്യന്‍ വിപണിയിലെ ഔഷധ ദൗര്‍ലഭ്യത പരിഹരിക്കാനെന്ന് പറഞ്ഞാണ് പുതിയ നയം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് വിലനിര്‍ണയം കൊണ്ടുവന്നതോടെ ഔഷധനിര്‍മാതാക്കള്‍ ലാഭം കുറഞ്ഞുവെന്ന് കാരണം കാണിച്ചുകൊണ്ട് ആവശ്യഔഷധ നിര്‍മാണരംഗത്ത് നിന്ന് പിന്‍മാറിയിരുന്നു. ഇത് പരിഹരിക്കാനാണ് കേന്ദ്രമന്ത്രാലയം ഔഷധകമ്പിനികള്‍ക്ക് അനുകൂലമായ നയം ആവിഷ്‌കരിക്കുന്നത്. സൂപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വിദഗ്ധസമിതിയെ വെച്ച് ഇന്ത്യയില്‍ ആവശ്യമായ  348 ഔഷധങ്ങളുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഇവയുടെ ലഭ്യത ഉറപ്പ്‌വരുത്തന്നതിനാണ് ഔഷധനയം  ഉദാരവല്‍ക്കരിക്കുന്നത്. പുതിയനയം പ്രകാരം ഔഷധമേഖലയില്‍ ബ്രാന്‍ഡുകളുടെ വില അതുല്‍പാദിപ്പിക്കുന്ന കമ്പിനികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്നതാണ് ഏറ്റവും വലിയ മാറ്റം. വിപണിയില്‍ ലഭ്യമാകുന്ന കമ്പിനികളുടെ മുദ്രവിലപരിശോധിച്ചശേഷം അവയിലെ ഉയര്‍ന്നവിലയായിരിക്കും സര്‍ക്കാര്‍ അംഗീകരിക്കുന്ന വില. അടിസ്ഥാന ഔഷധത്തിന്റെ വിലയോ, ഉല്‍പാദനചെലവോ വില നിശ്ചയിക്കുന്നതിന് മാനദണ്ഢമാക്കേണ്ടതില്ലെന്നതും നിര്‍മാണകമ്പിനികള്‍ക്ക് ഗുണകരമാകുന്നു. അടിസ്ഥാന ഔഷധത്തിന്റെ (ബള്‍ക്ക് ഡ്രഗ്‌സ്) വിലയില്‍ നിയന്ത്രണമില്ലെന്നതാണ് ഇന്ത്യന്‍ നിര്‍മാണകമ്പിനികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതുവഴി അടിസ്ഥാന ഔഷധത്തിന്റെ വില വിദേശകുത്തകകമ്പിനികള്‍ കൂട്ടുന്നതോടെ ഇന്ത്യന്‍ കമ്പിനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല. കൂടാതെ അടിസ്ഥാന ഔഷധത്തിന്റെ വിലവര്‍ധിപ്പിച്ചുകൊണ്ട് ഔഷധവില വര്‍ധിപ്പിക്കാനും ഔഷധകമ്പിനികള്‍ക്ക് കഴിയും.

നിലവില്‍ രാജ്യത്തെ ഔഷധവിപണിയുടെ 40 ശതമാനം വിദേശകുത്തകളുടെ കൈയ്യിലാണ്.ഡേക്‌സ്,പിപ്‌സര്‍, ആബര്‍ട്ട്, ഗഌക്‌സോ തുടങ്ങിയ കമ്പിനികളോട് മല്‍സരിക്കാന്‍ ഇന്ത്യന്‍ കമ്പിനികള്‍ വിഷമിക്കുകയാണ്. ഔഷധമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതോടെ 2000ത്തോടെ വന്‍തോതില്‍ വിദേശപ്രത്യക്ഷമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. 1990 ല്‍ 5000 കോടി രൂപയായിരുന്ന ഇന്ത്യന്‍ ഔഷധവിപണിയുടെ വിറ്റുവരവ് 2009-10 സാമ്പത്തികവര്‍ഷത്തോടെ ഒരുലക്ഷം കോടി കവിഞ്ഞിരിക്കുകായാണ്. ഇതില്‍ 62,055 കോടിയുടെ വിറ്റുവരവും അഭ്യന്തരവിപണിയിലാണ്.വന്‍ വിപണി ലക്ഷ്യമാക്കി ഇന്ത്യന്‍ കമ്പിനികള്‍ ഓരോന്നായി വിദേശകമ്പിനികള്‍ ഏറ്റെടുക്കുകയാണ്.റാംപെക്‌സിനെ ഡേക്‌സിയും ക്യാന്‍സര്‍ മരുന്ന് ഉല്‍പാദനരംഗത്തുണ്ടായിരുന്ന ശാന്താ ബയോടെക്കിനെ പിപ്‌സറും ഏറ്റെടുത്തു.’ഇന്ത്യന്‍ വിപണിയിലെ പൊതുമേഖലാ ഔഷധകമ്പിനികളുടെ സാന്നിധ്യം നാമമാത്രമാണ്.പുതിയ നയം വേഗത്തില്‍ നടപ്പാക്കണമെന്നാണ് കരട് പുറത്തിറക്കികൊണ്ട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.പൊതുജനങ്ങള്‍ക്കും ഔഷധരംഗത്തുള്ളവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കരട് അടുത്തമാസം പ്രാബല്യത്തില്‍ കൊണ്ടിവരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ജലീല്‍ അരൂക്കുറ്റി janayugom 281111

1 comment:

  1. ചെറുകിടമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഔഷധകമ്പോളവും കുത്തകകളുടെ കൈയിലേക്ക് നല്‍കാന്‍ നടപടി വേഗത്തിലാക്കി. ഔഷധവില നിര്‍ണ്ണയം വിദേശകുത്തകള്‍ക്ക് വിട്ടുനല്‍കുന്ന നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസ് പോളിസി 2011 നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഔഷധവിപണിയില്‍ വിദേശകുത്തക കമ്പിനികളുടെ സാന്നിധ്യം നൂറ് ശതമാനമായി മാറും. ഒപ്പം ഇന്ത്യന്‍ മരുന്നുകമ്പിനികള്‍ പ്രതിസന്ധിയിലാകുകയും ഔഷധവില വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടികാട്ടുന്നു. പെട്രോളിന്റെ വില നിര്‍ണയം കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതുപോലെ ഔഷധവിലനിര്‍ണയവും നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയുകയാണ്.

    ReplyDelete